Connect with us

Ongoing News

അഞ്ചാമങ്കത്തിലും വിജയം; ശ്രീലങ്കക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ജയം 15 റണ്‍സിന്. ഇന്ത്യയുടെ ദീപ്തി ശര്‍മ അന്താരാഷ്ട്ര ടി20യില്‍ 152 വിക്കറ്റെന്ന റെക്കോഡ് സ്വന്തമാക്കുന്നതിനും തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായി.

Published

|

Last Updated

കൊച്ചി | ശ്രീലങ്കക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന അങ്കത്തില്‍ 15 റണ്‍സിന് ഇന്ത്യ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. ശ്രീലങ്കയുടെ മറുപടി ഏഴ് വിക്കറ്റിന് 160 റണ്‍സിലൊതുങ്ങി. ഇന്ത്യയുടെ ദീപ്തി ശര്‍മ അന്താരാഷ്ട്ര ടി20യില്‍ 152 വിക്കറ്റെന്ന റെക്കോഡ് സ്വന്തമാക്കുന്നതിനും തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായി.

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഏകപക്ഷീയവും ആധികാരികവുമായ ജയമാണ് ഇന്ത്യ നേടിയത്. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഇത് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്.

അര്‍ധ സെഞ്ച്വറികളുമായി കത്തിക്കയറിയ ഹസിനി പെരേരയും ഇമേഷ ദുലാനിയും ശ്രീലങ്കക്കായി പൊരുതി. ഹസിനി 42 പന്തില്‍ 65ഉം ഇമേഷ 39 പന്തില്‍ 50ഉം റണ്‍സെടുത്തു. എന്നാല്‍, വാലറ്റത്ത് എട്ട് പന്തില്‍ 14 റണ്‍സുമായി പോരാട്ടവീര്യം പ്രദര്‍ശിപ്പിച്ച രശ്മിക സേവാണ്ടി ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കാര്‍ക്കും ശോഭിക്കാനായില്ല. ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടിയെന്നതും മത്സരത്തിന്റെ പ്രത്യേകതയായി. ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഢി, സ്‌നേഹ് റാണ, വൈഷ്ണവി ശര്‍മ, നല്ലപുറെഡ്ഢി ചരണി, അമന്‍ജോത് കൗര്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഉജ്ജ്വല ബാറ്റിങാണ് ഒരുഘട്ടത്തില്‍ ചുരുക്കം റണ്‍സിന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പതറുകയായിരുന്ന ഇന്ത്യയെ രക്ഷപ്പെടുത്തിയത്. 43 പന്തില്‍ 68 റണ്‍സാണ് കൗര്‍ സ്വന്തമാക്കിയത്. അമന്‍ജോത് കൗറും (18 പന്തില്‍ 21), അരുന്ധതി റെഡ്ഢി (11 പന്തില്‍ പുറത്താകാതെ 27) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ ഓപണര്‍മാര്‍ക്ക് ഉള്‍പ്പെടെ തിളങ്ങാനായില്ല. ശ്രീലങ്കക്കായി കവിഷ ദില്‍ഹരി, രശ്മിക സെവാണ്ടി, ക്യാപ്റ്റന്‍ ചമരി അത്തപത്തു എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ നിമഷ മീപഗെ ഒരു വിക്കറ്റ് സ്വന്തമാക്കി.

 

 

 

152

Latest