Connect with us

Kerala

മന്ത്രി വീണാജോര്‍ജ് പരിക്കേറ്റു എന്നു പറഞ്ഞത് സ്പീക്കര്‍ എ എന്‍ ഷംസീറുമായി കൂടിയാലോചിച്ച ശേഷം: വി ഡി സതീശന്‍

എം വി ഗോവിന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കലാപാഹ്വാനത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ടു

Published

|

Last Updated

കോട്ടയം | കെ എസ് യു പ്രതിഷേധത്തിനു ശേഷം സ്പീക്കര്‍ എ എന്‍ ഷംസീറുമായി കൂടിയാലോചിച്ചാണ് പരുക്കേറ്റു എന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞതെന്നും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും കെ എസ് യുക്കാര്‍ ആക്രമിച്ചതായി മന്ത്രി പറയുന്നില്ലെന്നും അതിന്റെ എല്ലാ തെളിവുകളും ഉണ്ടെന്നുംസ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെ എസ ്യു പ്രവര്‍ത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. വെല്ലുവിളിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ വന്നത് മന്ത്രിയാണ്. പോലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെ എസ് യു പ്രവര്‍ത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ തടഞ്ഞത് പോലീസുകാരാണ്. വനിതാ പോലീസ് ഉള്‍പ്പടെയുള്ളവര്‍ വളരെ പണിപ്പെട്ടിട്ടാണ് വീണാ ജോര്‍ജിന്റെ രോക്ഷം അടക്കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സംഭവം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കുശലം പറഞ്ഞതിന് ശേഷമാണ് മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് പോയത്. റെയില്‍വേ െേപാലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഒരു തെളിവ് പോലും പ്രവര്‍ത്തകര്‍ക്കെതിരെ ഇല്ലെന്നാണ് പറഞ്ഞത്. .മന്ത്രിയുടെ കൈയിലുണ്ടായി എന്ന് പറയപ്പെടുന്ന പരുക്ക് ഇതിനുമുന്‍പും അവരുടെ കൈയില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം.

സ്പീക്കറെ പോലുള്ളൊരാള്‍ മന്ത്രിയെ ആക്രമിച്ചെന്ന് പറഞ്ഞുകൊണ്ട് ഗൂഢാലോചനയുടെ ഭാഗമായത് വളരെ മോശമാണ്. ആരോഗ്യമന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കുകയും പുതുയുഗ യാത്രയുടെ ഫ്ളെക്സ് ബോര്‍ഡുകള്‍ വരെ നശിപ്പിക്കുകയാണ്.
നിലവില്‍ സര്‍ക്കാരിന് എതിരായ പ്രശ്‌നങ്ങള്‍ വഴിമാറ്റിവിടാനായി മനഃപൂര്‍വം നടത്തിയ ഗൂഢാലോചനയാണിത്. എന്നാല്‍ വീണാ ജോര്‍ജ് ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ല.

ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പ്രതിക്കൂട്ടിലാണ് നില്‍ക്കുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കണ്ട. ആടിനെ പട്ടിയാക്കുന്ന പ്രചരണങ്ങള്‍ നടത്തി മനഃപൂര്‍വ്വം ആക്രമണം നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് പച്ചക്കള്ളമാണ് . ആരോഗ്യ മന്ത്രിയുടെ കഴുത്തും കൈയ്യും കെ എസ് യുക്കാര്‍ ഞെരിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. എം വി ഗോവിന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറി നടത്തിയത് കലാപാഹ്വാനമാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

 

Latest