Uae
ശൈഖ് മഹ്‌മൂദ് ഖലീൽ അൽ ഹുസ്രി അന്താരാഷ്ട്ര ഖുർആൻ പ്രതിഭ
ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ 28-ാം പതിപ്പിലെ പുരസ്‌കാരം പ്രഖ്യാപിച്ചു
ദുബൈ | ഈ വർഷത്തെ ദുബൈ അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ അവാർഡിന്റെ അന്താരാഷ്ട്ര ഖുർആൻ പ്രതിഭയായി വിഖ്യാത ഈജിപ്ഷ്യൻ ഖാരിഅ് പരേതനായ ശൈഖ് മഹ്‌മൂദ് ഖലീൽ അൽ ഹുസ്രിയെ തിരഞ്ഞെടുത്തു. ഖുർആൻ പാരായണ രംഗത്തും തജ്്വീദ് ശാസ്ത്രത്തിലും അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ആദരം. മാർച്ച് രണ്ടിന് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പത്ത് ലക്ഷം ഡോളറാണ് (ഏകദേശം 36.7 ലക്ഷം ദിർഹം) പുരസ്‌കാര തുക.
ലോകത്ത് ആദ്യമായി റേഡിയോയിലൂടെ ഖുർആൻ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ശൈഖ് മഹ്‌മൂദ് അൽ ഹുസ്രിയായിരുന്നു. ഖുർആൻ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാരെ ആദരിക്കുക എന്ന യു എ ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഈ തിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇസ്്ലാമിക കാര്യ വകുപ്പ് ഡയറക്ടർ ജനറലും അവാർഡ് കമ്മിറ്റി ചെയർമാനുമായ അഹ്‌മദ് ദർവീശ് അൽ മുഹൈരി പറഞ്ഞു.




