Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിന് പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്നു വിദഗ്ധ പരിശോധന

വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെ എസ് യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ കെ എസ് യു ആക്രണത്തില്‍ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി 10 മണിയോടെ മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കഴുത്തില്‍ ക്ഷതമേറ്റ സാഹചര്യത്തില്‍ എം ആര്‍ ഐ സ്‌കാനിംഗ് ഉള്‍പ്പെടെ നടത്തി ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.

ഇന്നലെ വൈകിട്ട് മുതല്‍ അഞ്ചര മണിക്കൂര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതല്‍ പരിശോധനകള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കെ എസ് യു പ്രവര്‍ത്തകര്‍ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്നാണ് പോലീസ് എഫ് ഐ ആറില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്നു മന്ത്രിയെ ഇന്നലെ വൈകിട്ടോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.

മന്ത്രി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാനവ്യാപകമായി സി പി എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍നടന്നു. മന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെ എസ് യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്.

കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവര്‍ത്തകരെ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.

അതിനിടെ, കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് അര്‍ധ രാത്രി തീയിട്ടു. കല്ലില്‍ത്താഴയിലുള്ള പാറാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 

Latest