Kannur
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രതിഷേധം; മന്ത്രി വീണ ജോർജിന് പരുക്ക്
സംഘർഷത്തിനിടെ മന്ത്രിയുടെ കൈക്കും കഴുത്തിനും പരുക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ
കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരുക്കേറ്റു. റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ കെ എസ് യു പ്രവർത്തകർ തടയുകയും വളയുകയുമായിരുന്നു. സംഘർഷത്തിനിടെ മന്ത്രിയുടെ കൈക്കും കഴുത്തിനും പരുക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഫോണിൽ വിളിച്ച് മന്ത്രിയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, കെ എസ് യു ആരോപണം നിഷേധിച്ചു. മന്ത്രിയെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്നും മന്ത്രി രക്തസാക്ഷി പരിവേശത്തിന് ശ്രമിക്കുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടർന്ന് സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, കെ എസ് യു സംഘടനകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിവരികയായിരുന്നു.
തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുകയും റീത്ത് വെക്കുകയും ചെയ്തിരുന്നു.
Summary
Kerala Health Minister Veena George was injured during a protest by KSU activists at the Kannur Railway Station today. The minister reportedly sustained injuries to her neck and hand as protesters surrounded her upon arrival. Following the incident, she was immediately rushed to a hospital for medical attention, and police have intensified security in the area.



