Connect with us

Articles

ജാതിയാണ് ഇന്നും ഇന്ത്യയെ ഭരിക്കുന്നത്

ആവര്‍ത്തിച്ചുള്ള ആചരണം എല്ലാറ്റിനെയും സ്വാഭാവികമാക്കിത്തീര്‍ക്കുന്നു. പരിശീലിക്കപ്പെട്ടതാണ് ശരി; കണ്ടുകൊണ്ടിരിക്കുന്നതാണ് സുന്ദരം എന്ന വരികള്‍ ആനന്ദ് രചിച്ച "ആള്‍ക്കൂട്ടം' നോവലില്‍ നിന്നാണ്. അഞ്ചര പതിറ്റാണ്ട് മുമ്പ് പുറത്തുവന്ന ആ കൃതിയിലെ ഭാഗം ഇപ്പോഴും ഭയാനകമായ ഇന്ത്യനവസ്ഥയുടെ മുഖമുദ്രയായി തുടരുന്നുമുണ്ട്. അസ്പൃശ്യത, ഊരുവിലക്ക്, ആട്ടിയോടിക്കല്‍, പ്രാന്തവത്കരണം തുടങ്ങിയ നിലകളിലാണ് അതിന്റെ സാന്നിധ്യം.

Published

|

Last Updated

പണക്കാരന്റെ മകനായി ജനിച്ച ഒരാള്‍ക്ക് ജോലി ചെയ്യാതെയും സുഖമായി ജീവിക്കാമെന്നും ദരിദ്രന്റെ മകന് ജോലി ചെയ്താലും ഉദരം നിറച്ച് ഭക്ഷിക്കാന്‍ അരുതെന്നുമുള്ള വ്യവസ്ഥിതിയില്‍ അസ്വാഭാവികമായി നാം ഒന്നും കാണുന്നില്ല. ആവര്‍ത്തിച്ചുള്ള ആചരണം എല്ലാറ്റിനെയും സ്വാഭാവികമാക്കിത്തീര്‍ക്കുന്നു. പരിശീലിക്കപ്പെട്ടതാണ് ശരി; കണ്ടുകൊണ്ടിരിക്കുന്നതാണ് സുന്ദരം എന്ന വരികള്‍ ആനന്ദ് രചിച്ച “ആള്‍ക്കൂട്ടം’ നോവലില്‍ നിന്നാണ്. അഞ്ചര പതിറ്റാണ്ട് മുമ്പ് പുറത്തുവന്ന ആ കൃതിയിലെ ഭാഗം ഇപ്പോഴും ഭയാനകമായ ഇന്ത്യനവസ്ഥയുടെ മുഖമുദ്രയായി തുടരുന്നുമുണ്ട്. അസ്പൃശ്യത, ഊരുവിലക്ക്, ആട്ടിയോടിക്കല്‍, പ്രാന്തവത്കരണം തുടങ്ങിയ നിലകളിലാണ് അതിന്റെ സാന്നിധ്യം. റോഡുകള്‍ മുതല്‍ സ്‌കൂളുകള്‍, ഉന്നത സ്ഥാപനങ്ങള്‍ വരെ ദരിദ്രര്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കും നേരെ കൊട്ടിയടക്കപ്പെടുകയാണ്.
മധ്യപ്രദേശിലെ രേവ ജില്ലയില്‍ മംഗാവ പോലീസ് സ്റ്റേഷന് കീഴിലെ ഹിനോട്ട ജൊറോട്ട് ഗ്രാമത്തിലെ അനധികൃത റോഡ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച രണ്ട് ദളിത് സ്ത്രീകളെ കഴുത്തുവരെ മൂടുകയായിരുന്നു. ചരലില്‍ പകുതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മംമ്ത പാണ്ഡെയെയും ആശാ പാണ്ഡെയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി പുറത്തെടുത്ത് സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തിന്റെ വീഡിയോയില്‍ ട്രക്കിന് പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നതും അത് അവരുടെ മേല്‍ കയറ്റുന്നതും കാണാം. ഒഡിഷയില്‍ ദളിതര്‍ പാകം ചെയ്ത ഭക്ഷണം കുട്ടികള്‍ കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് രക്ഷിതാക്കള്‍ അങ്കണ്‍വാടി ബഹിഷ്‌കരിച്ചതിനാല്‍ അത് അടച്ചിടേണ്ടിവന്നു. രാജ്‌നഗര്‍ ബ്ലോക്കിലെ ഘടിയമല ഗ്രാമപഞ്ചായത്തിന് കീഴിലെ നുവാഗോണ്‍ സെന്ററില്‍ ബിരുദധാരിയായ സര്‍മിഷ്ട സേഥിയെ (23) അങ്കണ്‍വാടി സഹായിയായി അധികൃതര്‍ നിയമിച്ചിരുന്നു. താമസിയാതെ സവര്‍ണ ജാതിക്കാര്‍ക്ക് മേല്‍ക്കൈയുള്ള ഗ്രാമ കമ്മിറ്റി ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ മക്കളെയും മറ്റ് കുട്ടികളെയും ആ കേന്ദ്രത്തിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏഴ് ദളിത് കുടുംബങ്ങളടക്കം 45 കുടുംബങ്ങള്‍ ഈ നദീതീര ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്. ദളിത് സ്ത്രീ തയ്യാറാക്കുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ കഴിക്കില്ലെന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട അങ്കണ്‍വാടി ജീവനക്കാരി ലിസാരാണി പാണ്ഡവിനെ രക്ഷിതാക്കള്‍ അറിയിച്ചു. ഒരുകൂട്ടം മാതാപിതാക്കളില്‍ നിന്ന് സര്‍മിഷ്ട തുറന്ന എതിര്‍പ്പാണ് നേരിട്ടത്. അത് കാരണം 60 കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായി. താന്‍ അനുസരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ കുട്ടികളെ കേന്ദ്രത്തിലേക്ക് അയക്കുന്നത് നിര്‍ത്തി, സ്ത്രീകള്‍ പോലും വരുന്നത് അവസാനിപ്പിച്ചുവെന്നാണ് സര്‍മിഷ്ട മാധ്യമങ്ങളോട് വിവരിച്ചത്. ഗര്‍ഭിണികള്‍ പോലും കേന്ദ്രം ഒഴിവാക്കുന്നുവെന്നും നിര്‍ണായക ആരോഗ്യ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും സര്‍പഞ്ച് പറയുന്നു. ദളിത് സ്ത്രീ പാകം ചെയ്ത ഭക്ഷണം കുട്ടികള്‍ കഴിക്കുന്നതിനെ പല ഉയര്‍ന്ന ജാതിക്കാരായ മാതാപിതാക്കളും എതിര്‍ത്തിരുന്നുവെന്ന് സി ഡി പി ഒ ദിപാലി മിശ്ര പറഞ്ഞു. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. രാജ്‌നഗര്‍ തഹസില്‍ദാറും താനും ഗ്രാമവാസികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വിശദീകരിച്ചു. ദളിത് നേതാക്കളുടെ സംഘം ഗ്രാമത്തിലെത്തുകയും കുട്ടികളും സ്ത്രീകളും അങ്കണ്‍വാടിയില്‍ പോകുന്നത് നിയമവിരുദ്ധമായി തടഞ്ഞവര്‍ക്കെതിരെ ഭരണപരമായ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനമുന്നയിക്കുകയും ചെയ്തു. 2004 ഏപ്രില്‍ 20ന് പി യു സി എല്‍/ ഇന്ത്യാ ഗവണ്‍മെന്റ് കേസിലെ ഇടക്കാല ഉത്തരവില്‍ ഉച്ചഭക്ഷണത്തില്‍ പാചകക്കാരായി എസ് സി / എസ് ടി ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നുവെന്നാണ് ദളിത് സമാജ് ജില്ലാ അധ്യക്ഷന്‍ നാഗേന്‍ ജെന പറഞ്ഞത്.

എ ബി വി പിയുടെ ജാതി അധിക്ഷേപം
ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി (സി യു ജി)യില്‍ ജാതി അധിക്ഷേപം നടത്തിയെന്നുള്ള ദളിത് വിദ്യാര്‍ഥിയുടെ പരാതിയില്‍ ആര്‍ എസ് എസ് ക്യാമ്പസ് വിഭാഗമായ എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് സമീപ നാളുകളിലാണ്. സി യു ജിയുടെ സബര്‍മതി ഹോസ്റ്റലില്‍ രാത്രി പതിനൊന്നരക്ക് ഇരച്ചുകയറിയ മുപ്പത് പേരടങ്ങുന്ന സംഘം വിദ്യാര്‍ഥികളെ ആക്രമിച്ച് സോഷ്യല്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രാജ്കരണ്‍ സിംഗിനെ ശാരീരികാതിക്രമം, ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപം, അശ്ലീല ഭാഷ, ലൈംഗിക ഭീഷണി തുടങ്ങിയവക്ക് വിധേയനാക്കി. പുലര്‍ച്ചെ മൂന്ന് വരെ നീണ്ടു അതിക്രമങ്ങള്‍. ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പ്രകാരം നടപടിയെടുക്കണമെന്ന് ആ വിദ്യാര്‍ഥി സര്‍വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ നിയമപരമായ പരാതിയില്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത സംബന്ധിച്ച് യു ജി സി പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത പരാതിയില്‍ ഊന്നിപ്പറഞ്ഞു. 2026 ജനുവരി 28ന് സര്‍വകലാശാലയില്‍ പ്രവേശനം നേടിയ ആദ്യ ദിനം മുതല്‍ തന്നെ തുടര്‍ച്ചയായ പീഡനങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങളും നേരിടുന്നുണ്ടെന്ന് കാണിച്ച് സി യു ജിയിലെ രജിസ്ട്രാര്‍, സ്റ്റുഡന്റ്സ്് വെല്‍ഫെയര്‍ ഡീന്‍ എന്നിവര്‍ക്ക് ഇ മെയില്‍ അയക്കുകയും ചെയ്തു. നിങ്ങള്‍ ഹോസ്റ്റലില്‍ സൗജന്യമായാണ് താമസിക്കുന്നത്; ഞങ്ങള്‍ നിങ്ങള്‍ക്ക് പണവും ഭക്ഷണം നല്‍കുന്നുവെന്ന് സവര്‍ണ അക്രമികള്‍ രാജ്കരണ്‍ സിംഗിനോട് വിളിച്ചുപറഞ്ഞു. പ്രതികളിലൊരാളായ മുന്ന കുമാര്‍ സര്‍വകലാശാലയിലെ മുന്‍ എ ബി വി പി പ്രസിഡന്റായിരുന്നുവെന്നും മറ്റ് പലരും ആര്‍ എസ് എസ് ശാഖയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം മൊഴി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കൃത്യമായ നടപടിയൊന്നും സ്വീകരിച്ചില്ല. സര്‍വകലാശാല മേധാവികള്‍ പരാതി കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച നിസ്സംഗ മനോഭാവം കാരണമാണ് മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ തീരുമാനിച്ചതെന്ന് ദി വയര്‍ ഹിന്ദിയോട് സംസാരിച്ച രാജ്കരണ്‍ സിംഗ് പറഞ്ഞു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പഠിക്കുന്നത് ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. മറുവിഭാഗം സ്വതന്ത്രമായി വിഹരിക്കുന്നു, ഭരണസംവിധാനങ്ങള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജാതിക്കെതിരെ
ഈ പശ്ചാത്തലത്തിലാണ് 2026 ഫെബ്രുവരി 12ന് മഹാരാഷ്ട്രയിലെ അഹല്യനഗര്‍ ജില്ലയിലെ സൗന്ദല ഗ്രാമം ജാതി വ്യവസ്ഥക്കെതിരെ പ്രഖ്യാപനം നടത്തിയത് ചരിത്രപരമാകുന്നത്. നമ്മുടെ ചോരയ്ക്ക് പച്ചയോ നീലയോ നിറമല്ല, അത് ചുവപ്പ് മാത്രമാണ്. ഒരിക്കല്‍ പരസ്പരം കലര്‍ന്നാല്‍ പിന്നീട് വേര്‍തിരിക്കാനാകില്ല. അതിനാല്‍ നമ്മുടെ ഗ്രാമത്തില്‍ ഇനി ജാതിയുടെ പേരിലുള്ള വേര്‍തിരിവുകള്‍ ഉണ്ടാകില്ല എന്നാണ് സര്‍പഞ്ച് ശരദ്‌റാവു അര്‍ഗാഡെ പ്രഖ്യാപിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമോ തിരിച്ചറിയലോ ഇല്ലെന്ന് ഉറപ്പാക്കുകയാണ് ഗ്രാമത്തിന്റെ ലക്ഷ്യം. ഫെബ്രുവരി അഞ്ചിന് ഗ്രാമസഭ ഭരണഘടനയെയും അതിന്റെ ആമുഖത്തെയും കുറിച്ച് ഗ്രാമീണരെ ഓര്‍മിപ്പിക്കുന്ന പ്രമേയം പാസാക്കി. “ഇനി മുതല്‍ സൗന്ദല ഗ്രാമത്തില്‍ ആരും ജാതി പിന്തുടരുകയോ ഏതെങ്കിലും തരത്തിലുള്ള ജാതി ആചാരങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യില്ല. ഞങ്ങളുടെ മതവും ജാതിയും മനുഷ്യത്വമാണ്. സര്‍ക്കാറും സമൂഹ സേവനങ്ങളും എല്ലാവര്‍ക്കുമാണ്. ജാതി അടിസ്ഥാനത്തിലുള്ള വിവേചനമില്ല. സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ക്ഷേത്രങ്ങള്‍, കിണര്‍, ശ്മശാനം എന്നിവ എല്ലാവര്‍ക്കുമായി തുറന്നിരിക്കും. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒരു പോസ്റ്റും ആരും സോഷ്യല്‍ മീഡിയയില്‍ എഴുതില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഗ്രാമ പഞ്ചായത്ത് നടപടിയെടുക്കും. ഇനി മുതല്‍ ഗ്രാമം ജാതിരഹിതമാണ്’ എന്നായിരുന്നു പ്രതിജ്ഞ. ബി ആര്‍ അംബേദ്കര്‍, ജ്യോതിഭ ഫൂലെ, മഹാത്മാ ഗാന്ധി തുടങ്ങിയവര്‍ ജാതിരഹിത സമൂഹം സ്ഥാപിക്കാന്‍ നടത്തിയ പരിശ്രമങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭൂരിപക്ഷ വോട്ടോടെയാണ് നിര്‍ദേശം അംഗീകരിച്ചത്. ഭരണഘടനയുടെ ധാര്‍മികത ലംഘിക്കുന്ന പെരുമാറ്റത്തിന് പിഴയും ഉള്‍പ്പെടുന്നു. വിധവകളോടുള്ള വിവേചനപരമായ ആചാരങ്ങള്‍ക്കെതിരെ ഗ്രാമം നേരത്തേ പ്രമേയം പാസ്സാക്കുകയുണ്ടായി. അമ്മമാരെയും സഹോദരിമാരെയും കേന്ദ്രീകരിച്ചുള്ള അധിക്ഷേപകരങ്ങളായ വാക്കുകള്‍ ഉപയോഗിച്ചതിന് 13 പേര്‍ക്ക് 500 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

ജാതിപ്പേരുകള്‍ ഒഴിവാക്കണം
ക്ഷേത്ര ക്ഷണക്കത്തുകളില്‍ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ജാതിപ്പേരുകള്‍ ഒഴിവാക്കണമെന്നും ജാതിചിന്ത ഉന്മൂലനം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശവും ഈയര്‍ഥത്തില്‍ ശ്രദ്ധേയം. അത് ഭരണഘടനയുടെ അനുഛേദം 14 വിഭാവനം ചെയ്യുന്ന സമത്വം എന്ന അവകാശത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ നീതിപീഠം മനുഷ്യരുടെ മനസ്സില്‍ മാത്രമാണ് ജാതിയെന്നും ഭരണഘടനയില്‍ എല്ലാവരും ഒരുപോലെയാണെന്നും നിരീക്ഷിക്കുകയും ചെയ്തു. തമിഴ്‌നാട് ദേവസ്വം വകുപ്പിന് കീഴിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവ നോട്ടീസുകളില്‍ ജാതിപ്പേരുകള്‍ ഉള്‍പ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് എന്‍ സമരന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ഡി ഭരതചക്രവര്‍ത്തിയുടേതാണ് സുപ്രധാന ഉത്തരവ്. ചെങ്കല്‍പ്പേട്ട് ജില്ലയിലെ അരുള്‍മിഗു കന്ദസാമി തിരുക്കോവില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസുകള്‍ തെളിവായി ഹരജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. ഹിന്ദു മത, ധര്‍മ സ്ഥാപന വകുപ്പിന് കീഴില്‍ കൈകാര്യം ചെയ്യുന്ന ക്ഷേത്രത്തിന് ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ആചാരങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, രാജ്യം റിപബ്ലിക്കായതിന്റെ ലക്ഷ്യം എല്ലാവരെയും തുല്യരായി പരിഗണിക്കുക എന്നതാണെന്നും ജാതിപ്പേര് ജനനം മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും നിരീക്ഷിച്ചു. ആചാരങ്ങളിലുള്ള ജാതിയുടെ കടന്നുകയറ്റം ഭരണഘടനയുടെ സമത്വ തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും വിഗ്രഹ ഘോഷയാത്രയും പൂജാക്രമങ്ങളും പോലുള്ള ആചാര വിഷയങ്ങളില്‍ മാത്രം ക്ഷേത്രഭാരവാഹികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ അടിവരയിടുകയുണ്ടായി.

Latest