articles
ഡി എം കെ മുന്നണിയിൽ ഹൗസ് ഫുൾ
മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ മുന്നണി പ്രവേശനം കാത്ത് ഡി എം കെയുടെ മുമ്പില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പനീര്‍ ശെല്‍വം രണ്ട് തവണ സന്ദര്‍ശിക്കുകയുണ്ടായി. പാര്‍ട്ടികള്‍ കൂടുതലായി മുന്നണിയിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ക്ക് സീറ്റുകള്‍ വീതിച്ചു നല്‍കേണ്ടത് ഒരു പ്രശ്‌നമായി ഡി എം കെ കാണുന്നു.
നിയമസഭാ തിരഞ്ഞെടുപ്പടുത്തതോടെ തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി എം കെ സഖ്യത്തില്‍ ചേരാന്‍ പാര്‍ട്ടികള്‍ ക്യൂ നില്‍ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്, സി പി എം, സി പി ഐ, മുസ്‌ലിം ലീഗ്, ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക്, എം ഡി എം കെ, മക്കള്‍ വിടുതലൈ കക്ഷി (എം വി കെ) തുടങ്ങി പത്തിലേറെ പാര്‍ട്ടികള്‍ മുന്നണിയിലുണ്ടായിരുന്നു.
കൂടാതെ കഴിഞ്ഞ വര്‍ഷം കമലഹാസന്റെ മനിതനേയ മക്കള്‍ കക്ഷി (എം എം കെ)യും മുന്നണിയില്‍ ചേരുകയുണ്ടായി. അന്തരിച്ച സിനിമാതാരം വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴക (ഡി എം ഡി കെ) വും കഴിഞ്ഞ ദിവസം ഡി എം കെ മുന്നണിയില്‍ ചേര്‍ന്നു. ഡി എം ഡി കെ നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് ഡി എം കെ ആസ്ഥാനമായ അറിവാലയത്തില്‍ ചെന്നാണ് മുന്നണി പ്രവേശനം നടത്തിയത്. അടുത്തുവരുന്ന രാജ്യസഭാ സീറ്റ് പ്രേമലതക്ക് നല്‍കാനും ധാരണയായിട്ടുണ്ട്. ഡി എം ഡി കെയെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ എ ഐ എ ഡി എം കെ ആരംഭിക്കാനിരിക്കെയാണ്, ഡി എം ഡി കെ മറുപാളയത്തിലേക്ക് ചാടിയത്.
മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെയും മുന്നണി പ്രവേശനം കാത്ത് ഡി എം കെയുടെ മുമ്പില്‍ നില്‍ക്കുകയാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പനീര്‍ ശെല്‍വം രണ്ട് തവണ സന്ദര്‍ശിക്കുകയുണ്ടായി. പഴയ എം ജി ആര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുമ്പില്‍ ഹൗസ് ഫുള്‍ എന്ന ബോര്‍ഡ് വെക്കുന്നത് പോലെ ഇനി ഇങ്ങോട്ട് പ്രവേശനമില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി സ്റ്റാലിനില്‍ നിന്ന് പനീര്‍ ശെല്‍വത്തിന് ലഭിച്ചതെന്നാണ് വാര്‍ത്ത. പനീര്‍ ശെല്‍വം ഉള്‍പ്പെടെ ആ പാര്‍ട്ടിയിലെ ചിലര്‍ ഡി എം കെയുടെ ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായാല്‍ അവരെ സ്റ്റാലിന്‍ സ്വീകരിക്കും. ഡി എം കെ ആസ്ഥാനത്ത് നിന്ന് പുറത്തുവന്ന പനീര്‍ ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞത്, അടുത്ത തവണയും ഡി എം കെ അധികാരത്തില്‍ തുടരുമെന്നാണ്. പനീര്‍ ശെല്‍വവും ഡി എം കെയോടൊപ്പം ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാര്‍ട്ടികള്‍ കൂടുതലായി മുന്നണിയിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ക്ക് സീറ്റുകള്‍ വീതിച്ചു നല്‍കേണ്ടത് ഒരു പ്രശ്‌നമായി ഡി എം കെ കാണുന്നു. അതുകൊണ്ട് പുതുതായി വരുന്നവരെ സ്റ്റാലിന്‍ പുറത്തു നിര്‍ത്തുകയാണ്.
ഡി എം കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതിനിടെ കോണ്‍ഗ്രസ്സിന്റെ നീക്കം മുന്നണിയില്‍ കല്ലുകടിയാകുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് അവസാനമായി ഭരണത്തിലേറിയത് 1962ലെ തിരഞ്ഞെടുപ്പിലാണ്. 1967 മുതല്‍ സംസ്ഥാനം ഡി എം കെയും എ ഐ എ ഡി എം കെയും മാറിമാറി ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് പാര്‍ട്ടികളുമായി മുന്നണി ബന്ധം സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് ഇതുവരെയും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്ത തവണ മന്ത്രിസഭയില്‍ പങ്കാളിത്തം വേണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസ്സിന്റെ ആവശ്യം മുഖ്യമന്ത്രി സ്റ്റാലിന്‍ നിരസിച്ചുവെങ്കിലും ഇതേചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുകയാണ്. തമിഴ്‌നാട് കോണ്‍ഗ്രസ്സില്‍ നിലവില്‍ രണ്ട് വിഭാഗങ്ങളുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ സെല്‍വ പെരുന്തഗൈയുടെയും ലോക്‌സഭാ എം പി മാണിക്കം ടാഗോറിന്റെയും നേതൃത്വത്തിലാണ് രണ്ട് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രിസഭയില്‍ പങ്കാളിത്തം ആവശ്യപ്പെടുന്നത് മാണിക്കം ടാഗോറിനെ പിന്തുണക്കുന്നവരാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പരസ്യ പ്രതികരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണ ടാഗോറിനുള്ളതായി പറയപ്പെടുന്നു. വിജയ്‌യുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ടി വി കെയുമായി സഖ്യമുണ്ടാക്കണമെന്ന ആഗ്രഹം ചിലര്‍ക്കുണ്ട്.
എന്നാല്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഡി എം കെക്കെതിരെ നേതാക്കള്‍ പരസ്യ വിമര്‍ശനം നടത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഡി എം കെ- കോണ്‍ഗ്രസ്സ് സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കും വിധം പരസ്യമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും യോഗം ശക്തമായ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന പ്രമേയവും യോഗം പാസ്സാക്കി. ചെന്നൈയിലെ മൊഗപ്പെയര്‍ ഈസ്റ്റില്‍ നടന്ന ജില്ലാ പ്രസിഡന്റുമാര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. അതേസമയം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണി നേതാക്കളുമായി ഡി എം കെ ചര്‍ച്ച ആരംഭിച്ചു. ഡി ആര്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മുന്നണി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചത്. ആദ്യത്തെ ചര്‍ച്ച മുസ്‌ലിം ലീഗുമായിട്ടായിരുന്നു. ലീഗ് അഞ്ച് സീറ്റ് ആവശ്യപ്പെട്ടതായി പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തവണ മുസ്‌ലിം ലീഗ് മൂന്ന് സീറ്റിലാണ് മത്സരിച്ചത്. ഒരു സീറ്റിലും വിജയിച്ചില്ല. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് പ്രഖ്യാപിക്കുമെന്നറിയുന്നു.
ഡി എം കെയുടെയും എ ഐ എ ഡി എം കെയുടെയും ദ്രാവിഡ രാഷ്ട്രീയവും കോണ്‍ഗ്രസ്സ് രാഷ്ട്രീയവും രണ്ടാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തണലില്‍ നിന്ന് പുറത്തുവരാന്‍ കോണ്‍ഗ്രസ്സ് പലപ്പോഴും ആഗ്രഹിച്ചിരുന്നു. കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവ് ജി കെ മൂപ്പനാരുടെ കാലം മുതല്‍ കോണ്‍ഗ്രസ്സ് ഇത് ആഗ്രഹിക്കുന്നതാണ്. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് ദുര്‍ബലമാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ച കോണ്‍ഗ്രസ്സിന് ലഭിച്ചത് 4.3 ശതമാനം വോട്ടുകളാണ്. ഡി എം കെയുമായി സഖ്യമുണ്ടാക്കിയപ്പോഴെല്ലാം കോണ്‍ഗ്രസ്സിന്റെ സ്ഥിതി മാറി. 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്റെ നില മെച്ചപ്പെട്ടു. 2021ല്‍ നടന്ന 234 അംഗ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 25ല്‍ കോണ്‍ഗ്രസ്സ് 18 സീറ്റ് നേടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പതില്‍ കോണ്‍ഗ്രസ്സ് തോറ്റത് ഒരു സീറ്റിലാണ്. 2024ല്‍ മത്സരിച്ച ഒമ്പത് സീറ്റുകളിലും കോണ്‍ഗ്രസ്സ് വിജയിച്ചു. നിലവില്‍ ഡി എം കെ മുന്നണിക്ക് 159 സീറ്റും എ ഐ എ ഡി എം കെ മുന്നണിക്ക് 75 സീറ്റുമാണ് നിയമസഭയില്‍ ഉള്ളത്. ഡി എം കെക്ക് മാത്രം 133 സീറ്റുകളും എ ഐ എ ഡി എം കെക്ക് തനിച്ച് 66 സീറ്റുകളുമാണുള്ളത്.
ഇത്തവണ തമിഴ്നാട് പിടിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പല തവണ സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ ചരിത്രപരമായ പരിമിതികളെ മറികടന്ന് ദ്രാവിഡ പാര്‍ട്ടികളുമായി പോലും സഖ്യമുണ്ടാക്കാന്‍ തയ്യാറായ ബി ജെ പിക്ക് ഉദ്ദേശിച്ച പോലെ കാര്യം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. എ ഐ എ ഡി എം കെയുമായി ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് കെ അണ്ണാമലൈയെ മാറ്റി നൈനാന്‍ രാജേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചുവെങ്കിലും ഫലം കാണാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. സിനിമാ നടന്‍ വിജയ് പുതിയ പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ബി ജെ പി നേതൃത്വം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
എന്നാല്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) ബി ജെ പിക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടച്ചതിനാല്‍ അതും ലക്ഷ്യം കണ്ടില്ല. സെന്‍സര്‍ ബോര്‍ഡിനെയും ഇ ഡിയെയും ഉപയോഗിച്ച് വിജയ്‌യെ ഭയപ്പെടുത്തി കൂടെ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി ഉള്ളത്. വിജയ്‌യുടെ അവസാന സിനിമയായ ജനനായകന്റെ പ്രദര്‍ശനാനുമതി സെന്‍ട്രല്‍ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവെച്ചിരിക്കുകയാണ്. എ ഐ എ ഡി എം കെക്ക് പുറമെ ബി ജെ പിയുടെ പ്രതീക്ഷ ഡി എം കെയില്‍ ഇടം ലഭിക്കാത്ത ചെറിയ പാര്‍ട്ടികളിലാണ്. ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും ശശികല രൂപവത്കരിക്കുന്ന പുതിയ പാര്‍ട്ടിയും എന്‍ ഡി എയുടെ ഭാഗമാകും.
ഡി എം കെ, എ ഐ എ ഡി എം കെ മുന്നണികള്‍ക്ക് പുറമെ വിജയ്‌യുടെ ടി വി കെയും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാണ്. 2024ല്‍ സ്ഥാപിതമായ തമിഴക വെട്രി കഴകം വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല; പല തരത്തിലും അത് വിജയ്‌യുടെ സിനിമാറ്റിക് ലോകത്തിന്റെ ചെറിയൊരു പതിപ്പാണ്. രജനീകാന്തിനും കമല്‍ഹാസനും ശേഷം തമിഴകത്തെ യുവ മനസ്സിനെ കീഴടക്കിയ നടന്‍ വിജയ് മാത്രമാണ്. വര്‍ഷങ്ങളുടെ അഭ്യൂഹങ്ങള്‍ക്ക് ശേഷം വിജയ് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് 2024 നവംബറിലാണ്. കഴിഞ്ഞ സെപ്തംബറില്‍ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തം വിജയ്‌യുടെ മുമ്പില്‍ കരിനിഴല്‍ ഉയര്‍ത്തിയെങ്കിലും പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനുള്ള ശ്രമത്തിലാണ് വിജയ്. വലിയൊരു വിഭാഗം യുവാക്കള്‍ വിജയ്‌ക്കൊപ്പമുണ്ട്. മുഖ്യമന്ത്രി എം കെ. സ്റ്റാലിനെപ്പോലുള്ള രാഷ്ട്രീയ പരിചയമുള്ള നേതാക്കള്‍ നയിക്കുന്ന മുന്നണിയെ നേരിടാന്‍ രാഷ്ട്രീയത്തില്‍ പുതുമുഖമായ വിജയ്ക്ക് എത്രത്തോളം സാധിക്കുമെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ അറിയാം. പരിചയ സമ്പന്നരായ നേതാക്കള്‍ വിജയ്‌യുടെ പാര്‍ട്ടിയില്‍ ഇല്ല എന്നത് ഒരു പോരായ്മയാണ്. എന്നാല്‍ മുതിര്‍ന്ന എ ഐ എ ഡി എം കെ നേതാവും മുന്‍ മന്ത്രിയുമായ സെങ്കോട്ടയ്യന്‍ വിജയ്‌യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ആ പരാതി പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.




