Connect with us

articles

ഖുര്‍ആനിനെ ഇമാമാക്കണം

ഇന്ന് ഖുര്‍ആന്‍ നമ്മുടെ വീടുകളിലുണ്ട്. പക്ഷേ, നമ്മുടെ പഠനങ്ങളിലും തീരുമാനങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹിക നിർമാണത്തിലും അതിന് എത്രമാത്രം സ്ഥാനമാണ് നൽകുന്നത്.

Published

|

Last Updated

മരണ ശേഷം ഖബറിലെ പ്രധാന ചോദ്യങ്ങളിലൊന്ന് നിന്റെ ഇമാം എന്താണ് എന്നതാണ്. ഖുര്‍ആനു ഇമാമീ- എന്റെ ഇമാം വിശുദ്ധ ഖുര്‍ആനാണ് എന്നാകും വിശ്വാസിയുടെ മറുപടി. എങ്കില്‍ നമ്മളും ഖുര്‍ആനും തമ്മില്‍ അങ്ങനയൊരു ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ നിലയെങ്ങനെ, ഇല്ലെങ്കില്‍ എങ്ങനെ ഉണ്ടാക്കും, ഇത് നമ്മുടെ മരണാനന്തര ചിന്തയുടെ കൂടി വിഷയമാണ്.

ഒരു വ്യക്തി ഒരാളെ ഫോളോ ചെയ്യുന്നുവെങ്കില്‍, അയാളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആ വ്യക്തിക്ക് ഉണ്ടാകുന്നത് പോലെ, ഏറ്റവും ചുരുങ്ങിയത് ഖുര്‍ആനിനെ പറ്റി അടിസ്ഥാന വിവരങ്ങള്‍ നമ്മളില്‍ എത്ര പേര്‍ക്കുണ്ട്. നാളെ പരലോകത്ത് നബി തങ്ങൾ അല്ലാഹുവിനോട് പറയുന്ന ഒരു പരിഭവം ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. സൂറ അല്‍ ഫുര്‍ഖാനിലെ 30ാം വചനത്തില്‍ പറയുന്നു: “റബ്ബേ എന്റെ ജനത ഈ ഖുര്‍ആനിനെ അവഗണിച്ചു, ഉപേക്ഷിച്ചു, നിരാകരിച്ചുപോയല്ലോ.’ “മഹ്ജൂറാ- ഉപേക്ഷിച്ചു’ എന്നത് വെറും പാരായണം ചെയ്യാതിരിക്കുക മാത്രമല്ല, വായിച്ചിട്ടും മനസ്സിലാക്കാതെ പോകുക, മനസ്സിലാക്കിയിട്ടും ജീവിതത്തില്‍ നടപ്പാക്കാതിരിക്കുക, ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടരാതിരിക്കുക എന്നെല്ലാമുള്ള പദത്തിന്റെ അർഥ പരിധിയിലേക്കാണ് വരുന്നത്.

ഇന്ന് ഖുര്‍ആന്‍ നമ്മുടെ വീടുകളിലുണ്ട്. പക്ഷേ, നമ്മുടെ പഠനങ്ങളിലും തീരുമാനങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹിക നിർമാണത്തിലും അതിന് എത്രമാത്രം സ്ഥാനമാണ് നൽകുന്നത്. അതിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട അറിവിന്റെ ലോകമായ കർമശാസ്ത്രത്തിന്റെ മാനദണ്ഡത്തിലാണോ നമ്മൾ ജീവിക്കുന്നത്. നബി തങ്ങൾ നമുക്കെതിരായി പരാതി പറയാത്തവിധം ഖുര്‍ആനുമായി നമ്മുടെ ബന്ധം പുതുക്കണം.

യഥാർഥത്തില്‍ ഖുര്‍ആന്‍ ഓരോ വിശ്വാസിയുടെയും ആത്മാഭിമാനത്തിന്റെ ഗ്രന്ഥം കൂടിയാണ്. ഇങ്ങനെ സമഗ്രവും ആശയ സമ്പന്നവുമായ ഒരു ഗ്രന്ഥത്തിന്റെ വാക്താവാണ് താനെന്ന ബോധം നമുക്ക് എത്രമേല്‍ സന്തോഷമാണ്. ഖുർആനിനെ ആഴത്തില്‍ വിശ്വസിക്കുക എന്നത് വിശ്വാസ കാര്യങ്ങളില്‍ ഒന്നാണ്. ഖുര്‍ആനിനെ വിശ്വസിക്കുക എന്നത് നമ്മുടെ വ്യക്തിപരമായ മാറ്റങ്ങള്‍ക്ക് കൂടി കാരണമാണ്. ഉമറുല്‍ ഫാറൂഖ് എന്ന അതിക്രൂരനായ, നബിയുടെ തലയെടുക്കാന്‍ ഇറങ്ങിയ വ്യക്തിയെ ലോകം ആദരിക്കുന്ന അമീറുല്‍ മുഅ്മിനായി മാറ്റിയത് ഖുര്‍ആനികമായ ചിന്തയാണല്ലോ.

ഖുര്‍ആനിനെ വിശ്വസിക്കല്‍ കേവലം ഖുര്‍ആനുണ്ടെന്ന് പ്രഖ്യാപിക്കല്‍ മാത്രമല്ല, അത് ഒരു പ്രതിജ്ഞയാണ്. ദൈവവചനത്തെ വായിച്ച് കണ്ണുനീര്‍ പൊഴിക്കുന്നവനും അത് ജീവിതത്തില്‍ നടപ്പാക്കി മറ്റൊരാളുടെ കണ്ണുനീര്‍ തുടക്കുന്നവനുമാണ് യഥാർഥ ഖുര്‍ആന്‍ വിശ്വാസി. ഹൃദയത്തില്‍ ഖുര്‍ആന്‍ ജ്വലിക്കുമ്പോള്‍, മനുഷ്യന്‍ വെളിച്ചമാകുന്നു. ആ വെളിച്ചം മറ്റുള്ളവരുടെ വഴിയും പ്രകാശിപ്പിക്കുന്നു.

---- facebook comment plugin here -----

Latest