Connect with us

Kerala

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമം: എം വി ജയരാജന്‍

മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ വച്ചു മന്ത്രി വീണാ ജോര്‍ജിനെ വധിക്കാനായിരുന്നു കെ എസ് യു ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സിയുവില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.

മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന്റെ വലതുഭാഗത്താണ് പരിക്കുള്ളത്. കഴുത്ത് അനക്കാന്‍ ആകുന്നില്ല. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധത്തിന് അല്ല കൊലപാതകത്തിനാണ് ശ്രമിച്ചത്. റീത്ത് വെച്ച് സൂചന നല്‍കിയ ശേഷം മന്ത്രിയെ വധിക്കാനായിരുന്നു നീക്കമെന്നും എം വി ജയരാജന്‍ ആരോപിച്ചു.

വീണ ജോര്‍ജിന്റെ അടുത്ത് കരുങ്കൊടിയുമായി ഒരാള്‍ എത്തിയതിന്റെ ദൃശ്യവും എം വി ജയരാജന്‍ പുറത്തുവിട്ടു. കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നുമായിരുന്നും ജയരാജന്‍ പറഞ്ഞു. മന്ത്രി വീണ ജോര്‍ജിനെതിരെ നടന്ന അതിക്രമത്തില്‍ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് റെയില്‍വേ പോലീസിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് ഇന്ന് കത്ത് നല്‍കും.
കണ്ണൂരിന്റെ ചുമതലയുള്ള കോഴിക്കോട് ഇന്‍സ്‌പെക്ടറാണ് കത്ത് നല്കുക. ടിവി ചാനലുകള്‍ ചീത്രികരിച്ച ദൃശ്യങ്ങളും ശേഖരിക്കാന്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ ഗണ്‍മാന്റെ പരാതില്‍ വധശ്രമത്തിനാണ് കേസെടുത്തിക്കുന്നതെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.

കഴുത്തിന്റെ പരിക്ക് മൂലം മന്ത്രിക്ക് വലതുകൈയില്‍ മരവിപ്പുണ്ട്. ഇടത് കൈയിലും നേരിയ ക്ഷതമുണ്ട്. എംആര്‍ ഐ സ്‌കാനിംഗില്‍ ഗുരുതര പ്രശ്‌നം ഇല്ല. എട്ടു മണിയോടെ മെഡിക്കല്‍ ബോര്‍ഡ് ചേരും. തുടര്‍ന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കിട്ടിയില്ല. റെയില്‍വെ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ആര്‍ പി എഫ് പരിശോധിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് വീണാ ജോര്‍ജിന് വിദഗ്ധ പരിശോധന നടത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു.

 

 

Latest