Editors Pick
കുടുംബാംഗങ്ങളെ തട്ടിപ്പുകാർ വിളിച്ചാൽ നിങ്ങൾക്കറിയാം; ഫാമിലി പ്രൊട്ടക്ഷൻ ഫീച്ചറുമായി 'ട്രൂകോളർ'
ഒരു കുടുംബാംഗം സംസാരിക്കുന്നത് തട്ടിപ്പുകാരനോടാണെന്ന് അഡ്മിന് ബോധ്യപ്പെട്ടാൽ ആ കോൾ റിമോട്ടായി കട്ട് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്
ന്യൂഡൽഹി | വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകൾക്കും എ ഐ അധിഷ്ഠിത ഫോൺ വിളികൾക്കുമെതിരെ കുടുംബാംഗങ്ങൾക്ക് സുരക്ഷയൊരുക്കാൻ ‘ഫാമിലി പ്രൊട്ടക്ഷൻ’ പ്ലാനുമായി ട്രൂകോളർ. നിലവിൽ തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിൽ ലഭ്യമായ ഈ സേവനം അടുത്ത മാസം മുതൽ ഇന്ത്യയിലും ലഭ്യമാകും. പ്രായമായവർക്കും സാങ്കേതികവിദ്യയിൽ അത്ര പരിജ്ഞാനമില്ലാത്തവർക്കും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സാങ്കേതിക കാര്യങ്ങളിൽ അറിവുള്ള കുടുംബത്തിലെ ഒരാൾക്ക് (അഡ്മിൻ) മറ്റ് നാല് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കാം. ഈ ഗ്രൂപ്പിലെ അംഗങ്ങൾക്ക് വരുന്ന സംശയാസ്പദമായ കോളുകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും അഡ്മിന് സാധിക്കും. സ്പാം ഫിൽട്ടറുകൾ സെറ്റ് ചെയ്യാനും തട്ടിപ്പ് കോളുകൾ വരുമ്പോൾ തത്സമയ മുന്നറിയിപ്പുകൾ സ്വീകരിക്കാനും ഈ പ്ലാനിലൂടെ സാധിക്കും.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഒരു കുടുംബാംഗം സംസാരിക്കുന്നത് തട്ടിപ്പുകാരനോടാണെന്ന് അഡ്മിന് ബോധ്യപ്പെട്ടാൽ ആ കോൾ റിമോട്ടായി കട്ട് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട് എന്നതാണ്. ആൻഡ്രോയിഡ് ഫോണുകളിൽ ട്രൂകോളർ ഡിഫോൾട്ട് ഡയലർ അല്ലെങ്കിലും ഈ ഫീച്ചർ പ്രവർത്തിക്കും. കൂടാതെ, അംഗങ്ങളുടെ ഫോണിലെ ബാറ്ററി നില, സൈലന്റ് മോഡിലാണോ എന്നത് തുടങ്ങിയ വിവരങ്ങളും അഡ്മിന് കാണാൻ സാധിക്കും.
വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. അഡ്മിന് മറ്റുള്ളവരുടെ ലൊക്കേഷനോ മെസേജുകളോ സാധാരണ കോളുകളുടെ വിവരങ്ങളോ കാണാൻ സാധിക്കില്ല. സ്പാം കോളുകൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുക. ഫാമിലി ഗ്രൂപ്പ് ഉണ്ടാക്കുന്നതും കോൾ കട്ട് ചെയ്യുന്നതും സൗജന്യമാണെങ്കിലും, ഉയർന്ന സുരക്ഷാ ക്രമീകരണങ്ങൾക്കായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്.
Summary
Truecaller is set to launch its ‘Family Protection’ plan in India next month to safeguard users against rising digital frauds and AI voice scams. The feature allows a family admin to monitor scam alerts and even remotely end suspicious calls for up to five family members. While prioritizing privacy, this tool aims to provide a shared safety network for elderly and less tech-savvy individuals.




