Aksharam Education
തലച്ചോറിന്റെ അത്ഭുത ലോകം
മനുഷ്യമസ്തിഷ്‌കത്തിന്റെ ശരാശരി തൂക്കം 1,300 മുതൽ 1,400 ഗ്രാം വരെയാണ്
നമ്മുടെ ചിന്ത, വികാരം, പ്രവർത്തനമെല്ലാം നിയന്ത്രിക്കുന്ന ശരീരത്തിന്റെ കേന്ദ്രബിന്ദുവായ തലച്ചോറെന്ന അത്ഭുതകരമായ അവയവത്തെ കുറിച്ച് എത്രത്തോളം അറിയാം? ഐൻസ്റ്റീനെ കുറിച്ച് കേൾക്കാത്തവരുണ്ടാകില്ലല്ലോ, എന്നാൽ, നമ്മുടേതിനേക്കാൾ തൂക്കം കുറവായിരുന്നു അദ്ദേഹത്തിന്റ തലച്ചോറിന്. 1,250 ഗ്രാമായിരുന്നു ഐൻസ്റ്റീന്റെ തലച്ചോറിന്റെ തൂക്കമെങ്കിലും മനുഷ്യമസ്തിഷ്‌കത്തിന്റെ ശരാശരി തൂക്കം 1,300 മുതൽ 1,400 ഗ്രാം വരെയാണ്. അതായത് ശരാശരിയേക്കാൾ കുറവായിരുന്നു ഐൻസ്റ്റീന്റെ തലച്ചോറിന്റെ തൂക്കം. തലച്ചോറിന്റെ വലിപ്പത്തിലല്ല കാര്യം എന്ന് ഇപ്പോൾ മനസ്സിലായില്ലേ.
യഥാർഥത്തിൽ തലച്ചോറ് ഒരു കമ്പ്യൂട്ടർ പോലെയാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. മനുഷ്യശരീരത്തിലെ നാഡീവ്യവസ്ഥയുടെ കേന്ദ്രമായ തലച്ചോറിന്റെ ഘടന തന്നെ അത്ഭുതകരമാണ്. നൂറ് ബില്യൺ നാഡീകണങ്ങളുള്ള ഈ അവയവം നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ബന്ധമാണ് നമ്മുടെ ചിന്ത, വികാരം, പ്രവർത്തനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത്. ഒരു തലച്ചോറിന്റെ ഭാരം ഏകദേശം 1.4 കിലോഗ്രാമാണ്. മനുഷ്യന്റെ ശരീരവലിപ്പമുള്ള മറ്റ് സസ്തനികളുടെ മസ്തിഷ്‌കങ്ങളുടെ ശരാശരി വലിപ്പത്തേക്കാളും മൂന്നിരട്ടിയിൽ കൂടുതൽ വലിപ്പമുണ്ട് മനുഷ്യമസ്തിഷ്‌കത്തിന്.
തലയോട്ടിക്കകത്ത് കട്ടിയുള്ള എല്ലുകളുടെ സംരക്ഷണ വലയത്തിൽ സെറിബ്രോ സ്‌പൈനൽ ദ്രവത്തിലാണ് മസ്തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ചുറ്റിലുമുള്ള രക്തഛംക്രമണവുമായും തലച്ചോർ വേർതിരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രനാഡീവ്യവസ്ഥയുടെ 98 ശതമാനവും വരുന്ന മസ്തിഷ്‌കത്തിന്റെ പുറമേയുള്ള ആവരണമാണ് മെനിഞ്ചസ്. മനുഷ്യരിൽ മെനിഞ്ചസിന് ഡ്യൂറാമാറ്റർ, പയാമാറ്റർ, അരക്നോയ്ഡ് മാറ്റർ എന്നിങ്ങനെ മൂന്ന് പാളികളുണ്ട്. ഏറ്റവും ബാഹ്യമായ പാളിയാണ് ഡ്യൂറാമാറ്റർ. നല്ല കടുപ്പവും ദൃഢതയുള്ളതുമായ ഈ പാളിക്കും തലയോട്ടിക്കുമിടക്ക് കാണപ്പെടുന്ന അറയാണ് എപ്പിഡ്യൂറൽ സ്‌പെയ്‌സ്. ജെല്ലിയോടു സാമ്യപ്പെടുത്താവുന്ന വിധത്തിലുള്ള മൃദുവായതാണ് മസ്തിഷ്‌കം. മസ്തിഷ്‌കത്തിലുള്ള അറകളാണ് വെൻട്രിക്കിളുകൾ. ഈ അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രാവകത്തെ സെറിബ്രോ സ്‌പൈനൽ ദ്രാവകം എന്നു വിളിക്കുന്നു.
പ്രവർത്തനം
തലച്ചോറിന്റെ വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെ പ്രവർത്തനങ്ങളെയും ഇടതു പകുതി ശരീരത്തിന്റെ വലതുഭാഗത്തെ പ്രവർത്തനങ്ങളെയുമാണ് നിയന്ത്രിക്കുന്നത്. നാം ചിന്തിക്കുമ്പോൾ, തലച്ചോറിലെ നാഡീകണങ്ങൾ പ്രവർത്തിക്കുന്നു. സന്തോഷം, ദുഃഖം, ഭയം തുടങ്ങിയ വികാരങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. നമ്മൾ പ്രവർത്തിക്കുമ്പോൾ തലച്ചോറിലെ നാഡീകണങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സന്ദേശങ്ങൾ അയയ്ക്കുന്നു. ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രമേ തലച്ചോറിനുള്ളുവെങ്കിലും മൊത്തം ഉപയോഗിക്കുന്ന ഓക്‌സിജന്റെ 20 ശതമാനവും തലച്ചോറ് ഉപയോഗിക്കുന്നു. വളരെ താഴ്ന്ന ഊഷ്മാവിൽ ഏറെ സമയം ഓക്‌സിജൻ ഇല്ലാതെ തലച്ചോറ് അതിജീവിക്കും.
(തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ കുറിച്ച് അടുത്ത “അക്ഷര’ത്തിൽ മനസ്സിലാക്കാം)






