Connect with us

articles

രാജ്യം വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്

കോടിക്കണക്കിന് ജനങ്ങള്‍ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവലംബങ്ങളൊന്നുമില്ലാതെ വലയുന്ന ഒരു രാജ്യത്തെയാണ് എല്ലാവിധ നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. ഇത് ട്രംപിന്റെ നിയോഫാസിസ്റ്റ് വാഴ്ചയുടെ കോളനിയാക്കി, സാമന്ത പ്രദേശമാക്കി രാജ്യത്തെ മാറ്റുന്ന ഹിന്ദുത്വവാദികളുടെ വിധേയത്വമാണ്.

Published

|

Last Updated

ഇന്ത്യന്‍ റിപബ്ലിക്കിന്റെ അടിസ്ഥാനമാണ് പരമാധികാരം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യ- യു എസ് വ്യാപാരക്കരാറിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ തന്നെയാണ് അടിയറവെച്ചിരിക്കുന്നത്. ഇന്ത്യന്‍ റിപബ്ലിക്കിന്റെ പരമാധികാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്റെ സ്വാശ്രിതമായ വളര്‍ച്ചയുമായി ബന്ധപ്പെട്ട് മാത്രമേ അതിന് നിലനില്‍പ്പുള്ളൂ എന്ന് വ്യക്തമാക്കുകയുണ്ടായി. 1950 ജനുവരി 26ാം തീയതിയാണ് ഇന്ത്യ പരമാധികാരപൂര്‍ണമായ ഒരു റിപബ്ലിക് എന്ന നിലയില്‍ അതിന്റെ ഭരണഘടന അംഗീകരിക്കുന്നത്. അതിനെ തുടര്‍ന്നാണ് ഇറക്കുമതിക്ക് പകരം ആഭ്യന്തരമായ ഉത്പാദനത്തെയും സ്വാശ്രയത്വത്തെയും ലക്ഷ്യംവെക്കുന്ന വികസന കാഴ്ചപ്പാടില്‍ നിന്ന് നെഹ്റു സര്‍ക്കാര്‍ ഇന്ത്യയില്‍ ആസൂത്രണത്തിന് തുടക്കം കുറിച്ചത്.

1990കളോടെ നെഹ്റുവിന്റെ പൊതുമേഖലയിലൂന്നുന്നതും സ്വാശ്രിതവുമായ വികസന കാഴ്ചപ്പാടുകളെ കൈയൊഴിഞ്ഞ് ദേശീയ അടിമത്തത്തിന്റെ പ്രമാണ രേഖയായ ഗാട്ട് കരാറിലേക്കും നിരവധിയായ വ്യാപാര കരാറുകളിലേക്കും നമ്മുടെ രാജ്യം വഴിതെറ്റിപ്പോയിരുന്നു.
രാജ്യത്തിന്റെ ആത്മാഭിമാനവും പരമാധികാരവും തീറെഴുതുകയാണ് അമേരിക്കയുമായുള്ള ഈ വ്യാപാരക്കരാറിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. റഷ്യയില്‍ നിന്ന് നേരിട്ടോ പരോക്ഷമായോ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുകൊടുക്കുകയും ട്രംപ് ആവശ്യപ്പെട്ടതുപ്രകാരം വെനസ്വേലയിലെ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് പോലും അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം പ്രതികാരച്ചുങ്കം 18 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്! എന്തൊരു നാണക്കേടാണിത്. ഇന്ത്യയെന്ന നമ്മുടെ സ്വതന്ത്ര പരമാധികാര രാജ്യത്തെ ട്രംപിന്റെ വാണിജ്യ മോഹങ്ങള്‍ക്കും ലോകാധിപത്യ താത്പര്യങ്ങള്‍ക്കും അടിയറവെക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഇന്നിപ്പോള്‍ പാര്‍ലിമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് അമേരിക്കയുമായി ഇന്ത്യ വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടത്. ഫ്രെബുവരി 10ന് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പ്രതിപക്ഷാംഗങ്ങളും അമേരിക്കക്ക് കീഴടങ്ങിയ വ്യാപാരക്കരാറിനെ അതിനിശിതമായി തന്നെ വിമര്‍ശിച്ചു. യു എസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകുന്നത് കാര്‍ഷിക, വ്യാവസായിക മേഖലകളെ തകര്‍ക്കുമെന്നാണവര്‍ സര്‍ക്കാറിനെ ഓര്‍മപ്പെടുത്തിയത്.

ഇടതുപക്ഷാംഗങ്ങളും അഖിലേഷ് യാദവ് അടക്കമുള്ള മറ്റ് പ്രതിപക്ഷാംഗങ്ങളും യു എസുമായുള്ള കരാര്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായ തകര്‍ച്ചക്കാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാണിച്ചു. ഇന്ത്യ-യു എസ് വ്യാപാരക്കരാര്‍ നിലവില്‍ വരുന്നതോടെ നിരവധിയായ കാര്‍ഷിക ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് തീരുവരഹിതമായി ഇന്ത്യന്‍ വിപണിയില്‍ ഒഴുകിയെത്തും.

യു എസ്- ഇന്ത്യ വ്യാപാരക്കരാറില്‍ അമേരിക്കയില്‍ നിന്നുള്ള വലിയൊരു വിഭാഗം ഭക്ഷ്യവസ്തുക്കളുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും തീരുവ പൂര്‍ണമായും ഇന്ത്യ ഒഴിവാക്കുമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇന്ത്യ- യു എസ് സംയുക്ത പ്രസ്താവന പറയുന്നത്; കാലിത്തീറ്റക്കുള്ള ഡ്രൈഡ് ലിസ്റ്റില്‍ഡ് ഗ്രെയ്നുകള്‍ അതായത് എഥനോളിന്റെ ഉപോത്പന്നമായ ധാന്യാവശിഷ്ടം, മണിച്ചോളം, വിവിധയിനം നട്സ്, ഡ്രൈഫ്രൂട്ട്സ്, പഴങ്ങള്‍, സംസ്‌കരിച്ച പഴങ്ങള്‍, സോയാബീന്‍ എണ്ണ, പരുത്തി തുടങ്ങി ഇന്ത്യന്‍ കാര്‍ഷിക ഉത്പന്ന മേഖലയെ തകര്‍ക്കുന്ന തരത്തില്‍ വന്‍തോതില്‍ യു എസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് സംഭവിക്കുക. ഇതിനു പുറമെയാണിപ്പോള്‍ നട്സുകള്‍, ഡ്രൈഫ്രൂട്ട്സുകള്‍, പഴങ്ങള്‍, കാലിത്തീറ്റക്കാവശ്യമായ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയെത്താന്‍ വഴിയൊരുങ്ങുന്നത്.

പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയിലെ ഫലവര്‍ഗ കര്‍ഷകര്‍ക്കും ധാന്യകര്‍ഷകര്‍ക്കും പരുത്തി കര്‍ഷകര്‍ക്കും ഈ കരാര്‍ അഗാധമായ ആഘാതമാണുണ്ടാക്കുക. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ തന്നെ മറ്റൊരു രാജ്യമായ ബംഗ്ലാദേശുമായി അമേരിക്കയുണ്ടാക്കിയ പുതിയ വ്യാപാരക്കരാറും ഇന്ത്യയിലെ പരുത്തി കൃഷിക്കാര്‍ക്കും ടെക്സ്‌റ്റൈല്‍ വ്യവസായത്തിനും വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ ബംഗ്ലാദേശ് ഏറ്റവും കൂടുതല്‍ പരുത്തി വാങ്ങുന്നത് ഇന്ത്യയില്‍ നിന്നാണ്. അമേരിക്കയില്‍ നിന്ന് തീരുവ ഇളവില്‍ ബംഗ്ലാദേശ് പരുത്തി ഇറക്കുമതി വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യന്‍ പരുത്തി വ്യവസായത്തെ ഗുരുതരമായി ബാധിക്കും. ബംഗ്ലാദേശ്- യു എസ് വ്യാപാരക്കരാറിന്റെ ഭാഗമായി 350 കോടി ഡോളറിന്റെ പരുത്തി അമേരിക്കയില്‍ നിന്ന് വാങ്ങാമെന്ന് ബംഗ്ലാദേശ് ഇപ്പോള്‍ തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതെല്ലാം ഇന്ത്യക്ക് പലതലങ്ങളിലും തിരിച്ചടിയാണ്.

ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഗൂഗിള്‍, മെറ്റ പോലെയുള്ള വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ക്കുള്ള ഡിജിറ്റല്‍ സേവന നികുതി ഒഴിവാക്കിക്കൊടുക്കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ- യു എസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് അമേരിക്ക പുറത്തിറക്കിയിരിക്കുന്ന ഫാക്ട് ഷീറ്റിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്. നേരത്തേ മുതല്‍ തന്നെ അമേരിക്ക വിവിധ ഡിജിറ്റല്‍ സേവന നികുതികള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വ്യാപാര മേഖലയില്‍ മാത്രമല്ല രാജ്യരക്ഷാ മേഖലയിലും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. അടുത്ത പത്ത് വര്‍ഷം അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ വിപുലപ്പെടുത്താമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായി പ്രസിഡന്റ്ട്രംപ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പ്രതികാരച്ചുങ്കം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റഷ്യന്‍ എണ്ണ ഇനി വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 25 ശതമാനം പ്രതികാര തീരുവ ഒഴിവാക്കുന്നതെന്ന് ട്രംപ് ഉത്തരവില്‍ പറയുന്നു. മാത്രമല്ല റഷ്യന്‍ എണ്ണ നിര്‍ത്തുന്നതിന് പകരമായി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കൂടുതലായി വാങ്ങാമെന്ന ഉറപ്പും ഇന്ത്യ നല്‍കിയതായി ട്രംപ് പറയുന്നുണ്ട്.

ഇതിനെല്ലാം പുറത്താണ് പ്രതിരോധ സഹകരണം കൂടുതല്‍ വിപുലമാക്കാമെന്ന ഉറപ്പ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വ താത്പര്യങ്ങളെ ചെറുക്കുന്ന ഗ്ലോബല്‍ സൗത്തിനോടൊപ്പം നിലയുറപ്പിക്കുന്നതിന് പകരമായി യു എസിന്റെ സാമന്ത രാഷ്ട്രമായി ഇന്ത്യയെ അധപ്പതിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ്.

അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് മുമ്പില്‍ ഇന്ത്യയെ സമ്പൂര്‍ണമായി അടിയറവെക്കുകയാണ് വ്യാപാരക്കരാറിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത്. രാജ്യത്തെ കര്‍ഷകരെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിവിടുന്നതാണ് ഈ കരാര്‍. ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമാണ് തീരുവ! എന്നാല്‍ അമേരിക്ക ഇന്ത്യയിലേക്ക് ഒഴുക്കുന്ന ഒരു ഉത്പന്നത്തിനും തീരുവയില്ല. ഇതിനെ എങ്ങനെയാണ് സ്വതന്ത്ര വ്യാപാരക്കരാര്‍ എന്ന് വിളിക്കാനാകുക. ഇത് അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയെയും കാര്‍ഷിക വ്യാവസായിക മേഖലയെയും അടിയറവെക്കുന്ന ദേശീയ അടിമത്തത്തിന്റെ പ്രമാണരേഖ മാത്രമാണ്. എപ്പോഴും ദേശീയതയെക്കുറിച്ച് വിജ്രംഭിതരാകുന്നവരുടെ നേതാവ് നരേന്ദ്ര മോദി അമേരിക്കന്‍ താത്പര്യങ്ങളുടെ നടത്തിപ്പുകാരന്‍ മാത്രമാണെന്നാണ് ഈ വ്യാപാരക്കരാര്‍ വ്യക്തമാക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ദേശവിരുദ്ധമായ ഈ കരാര്‍ വഴി ഇന്ത്യന്‍ വിപണിയിലേക്ക് അമേരിക്കന്‍ പഴ, വിള കുത്തകകളുടെ ഉത്പന്നങ്ങളുടെ കുത്തിയൊഴുക്കാണുണ്ടാകുക. ഇന്ത്യയുടെ കാലിത്തീറ്റ കമ്പോളം മുഴുവന്‍ യു എസ് കമ്പനികള്‍ കൈയടക്കും. അമേരിക്കന്‍ ഗോതമ്പും ആപ്പിളും പൈനാപ്പിളും കൊക്കോയും ഡൈഫ്രൂട്ട്സും ഇന്ത്യന്‍ വിപണിയിലേക്ക് തീരുവാരഹിതമായി ഒഴുകിവരുമ്പോള്‍ അത് ഇന്ത്യന്‍ കര്‍ഷകരുടെ ശവക്കുഴിയാകും തീര്‍ക്കുക. പാര്‍ലിമെന്റിനെ പോലും മുഖവിലക്കെടുക്കാതെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കും ട്രംപിന്റെ ലോകാധിപത്യ മോഹങ്ങള്‍ക്കും തുടര്‍ച്ചയായി വഴങ്ങിക്കൊടുക്കുകയാണ് മോദി സര്‍ക്കാര്‍.

ഇന്ത്യ- യു എസ് കരാര്‍ അനുസരിച്ച് അഞ്ച് വര്‍ഷത്തിനകം 50,000 കോടി ഡോളറിന്റെ യു എസ് ഉത്പന്നങ്ങള്‍ ഇന്ത്യ നിര്‍ബന്ധമായും ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ 4,500 കോടി ഡോളറിന്റെ ഇറക്കുമതിയാണ് യു എസില്‍ നിന്നുള്ളത്. ഊര്‍ജ ഉത്പന്നങ്ങള്‍, കല്‍ക്കരി, വിമാനങ്ങള്‍, അമൂല്യലോഹങ്ങള്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവയൊക്കെ ഇറക്കുമതിയില്‍ വരും. മെഡിക്കല്‍ ഉപകരണങ്ങളുടെ തീരുവയും ഇറക്കുമതി നിയന്ത്രണവും കരാറനുസരിച്ച് ഒഴിവാക്കേണ്ടിവരും. എന്നുവെച്ചാല്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിപണിയിലേക്ക് യാതൊരുവിധ രക്ഷാമുന്‍കരുതലുകളുമില്ലാതെ യു എസ് കമ്പനികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കും. അപ്പോള്‍ തന്നെ ഇന്ത്യയുടെ ഔഷധങ്ങള്‍ക്ക് യു എസ് അധിക തീരുവ ചുമത്താനും കരാര്‍ വഴിവെക്കുന്നുണ്ട്.

കോടിക്കണക്കിന് ജനങ്ങള്‍ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അവലംബങ്ങളൊന്നുമില്ലാതെ വലയുന്ന ഒരു രാജ്യത്തെയാണ് എല്ലാവിധ നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത്. ഇത് ട്രംപിന്റെ നിയോഫാസിസ്റ്റ് വാഴ്ചയുടെ കോളനിയാക്കി, സാമന്ത പ്രദേശമാക്കി രാജ്യത്തെ മാറ്റുന്ന ഹിന്ദുത്വവാദികളുടെ വിധേയത്വമാണ്. ഈ കീഴടങ്ങലിനെതിരെ, അപമാനകരമായ വിധേയത്വത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.

Latest