articles
ബംഗ്ലാദേശിന്റെ ജനാധിപത്യ ഭാവി
പുതിയ സർക്കാറിനൊപ്പം ഭരണഘടനാ ഭേദഗതി നിർദേശമായ ജൂലൈ ചാർട്ടറിനും വോട്ടർമാർ അംഗീകാരം നൽകി. നിലവിലെ ഭരണഘടന 70 ശതമാനമെങ്കിലും പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് ചാർട്ടറിലുള്ളത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബംഗ്ല നാഷനൽ പാർട്ടി ചരിത്ര വിജയം നേടിയതോടെ ബംഗ്ലാദേശിന്റെ ജനാധിപത്യ ചരിത്രം ഒരു പുതിയ യാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ജനാധിപത്യദാഹികളായ ജനതയും അവരുടെ നിരാശയും തുടർന്നുവരുന്ന രക്തരൂക്ഷിത പോരാട്ടങ്ങളും എല്ലാകാലത്തും ആ നാടിന്റെ ദൈനംദിന ജീവിത്തിന്റെ ഭാഗമാണ്. ഫലം പ്രഖ്യാപിച്ച 297ൽ 212ലും ബി എൻ പി ജയിച്ചു കയറി. അഹ്ലാദപ്രകടനത്തിനു പകരം വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുത്ത് പ്രാർഥനാ നിരതരാകാൻ താരീഖ് റഹ്‌മാൻ അണികളോട് ആഹ്വാനം മുഴക്കിയതിന് ഈ പശ്ചാത്തലം കൂടിയുണ്ട്. ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത ബി എൻ പിക്കാരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. അവരുടെ ഓർമകൾക്കായാണ് വിജയം സമർപ്പിച്ചത്.
ബോഗ്ര-ആറിൽ നിന്നും, ധാക്ക-17ൽ നിന്നും താരീഖ് റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരിയായ ധാക്കയിലെ 20 സീറ്റുകളിൽ 13 എണ്ണത്തിൽ ബി എൻ പി വിജയിച്ചു. ഏറെ ശ്രദ്ധേയമായത് ധാക്ക – മൂന്നിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗായേശ്വർ ചന്ദ്രറോയുടെ വിജയമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ മുഹമ്മദ് ഷാഹിനൂർ ഇസ്‌ലാമിനെ 99,163 വോട്ടിനാണ് ബി എൻ പിയുടെ ഗായേശ്വർ പരാജയപ്പെടുത്തിയത്. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് നിരന്തരം ബംഗ്ലാദേശിനെ ഓർമിപ്പിക്കുന്ന ബി ജെ പിയോടൊപ്പം ഇന്ത്യ ഐക്യകണ്‌ഠേനെ നിലയുറപ്പിക്കാറുണ്ട്. ധാക്കയിൽ ബി എൻ പി കാണിച്ച ശൈലിയിൽ ബി ജെ പിക്കും മാതൃകയുണ്ട്. 59.88 ശതമാനം പോളിംഗ് നടന്ന തിരഞ്ഞെടുപ്പിൽ അവാമി ലീഗിനെ പങ്കെടുപ്പിച്ചിരുന്നില്ല.
അവരുടെ പകുതി വോട്ടർമാർ ബി എൻ പിയിൽ ചേക്കേറിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2024ലെ പ്രക്ഷോഭകാലത്ത് രൂപവത്കരിക്കപ്പെട്ട വിദ്യാർഥി മുന്നേറ്റമായ നാഷനൽ സിറ്റിസൺ പാർട്ടി ആറ് സീറ്റുകളിൽ വിജയിച്ചു. സ്ഥാപകനായ നാഹിദ് ഇസ്‌ലാം ബംഗ്ലാദേശ് പാർലിമെന്റായ ജാതീയ സംഗ്സദിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി.
പുതിയ സർക്കാറിനൊപ്പം ഭരണഘടനാ ഭേദഗതി നിർദേശമായ ജൂലൈ ചാർട്ടറിനും വോട്ടർമാർ അംഗീകാരം നൽകി. നിലവിലെ ഭരണഘടന 70 ശതമാനമെങ്കിലും പൊളിച്ചെഴുതുന്ന നിർദേശങ്ങളാണ് ചാർട്ടറിലുള്ളത്. ഹിതപരിശോധനയിൽ 72.9 ശതമാനം വോട്ടുകൾ നേടിയതോടെ ചാർട്ടർ യാഥാർഥ്യമാകുകയാണ്. ഇതോടെ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത ഉറപ്പാക്കാനുള്ള കർശന വ്യവസ്ഥകൾ നടപ്പാകും. പ്രസിഡന്റിന്റെ അവകാശാധികാരങ്ങൾ വർധിപ്പിക്കുക, പ്രധാനമന്ത്രി പദവിക്ക് തവണ വ്യവസ്ഥകൾ ഏർപ്പെടുത്തുക, സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ സംവരണം നടപ്പാക്കുക, മൗലികാവകാശങ്ങളിൽ വർധന വരുത്തുക, നൂറംഗ ഉപരിസഭ രൂപവത്കരണം തുടങ്ങിയ നിർദേശങ്ങൾ ജൂലൈ ചാർട്ടറിന്റെ പ്രധാന ഇനങ്ങളാണ്. ഇതോടെ ബംഗ്ലാദേശിന്റെ രൂപഭാവങ്ങൾക്ക് കാതലായ മാറ്റങ്ങൾ സംഭവിക്കുകയാണ്. ബി എൻ പിയുടെ വിജയവുംചാർട്ടറിന്റെ അംഗീകാരവും നിരവധി എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു.
കൊവിഡിനു ശേഷം സാമ്പത്തികനില പൂർവസ്ഥിതി പ്രാപിക്കാതെ പോയതാണ് 2025 ആഗസ്റ്റിലെ ഹസീനയുടെ പതനത്തിലേക്ക് നയിച്ച വിപ്ലവത്തിന് കാരണമായത്. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ജനങ്ങളെ തെരുവിലിറക്കുകയായിരുന്നു.
പകർച്ചവ്യാധിക്ക് മുന്നേ ഏഷ്യയിലെ മികച്ച വളർച്ചാ നിരക്കുള്ള ഇക്കോണമികളിൽ ഒന്ന് ബംഗ്ലാദേശിന്റേതായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ നോബേൽ ജേതാവായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാറിന്റെ നായകപദവി തേടിയെത്താനുള്ള പ്രധാന കാരണവും തകർന്നടിഞ്ഞു കിടന്ന സാമ്പത്തിക നിലയാണ്. ആഗോള വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രം ബംഗ്ലാദേശായിരുന്നു. സാറ, ഗ്യാപ്പ്, എച്ച് ആൻഡ് എം തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വിപണന ഭീമന്മാർ പൂർണമായും ബംഗ്ലാദേശിനെ ആശ്രയിച്ചു പോന്നു.
കൊവിഡിന്റെ തളർച്ചയിൽ നിന്ന് സാവധാനം തിരിച്ചു കയറിയ ബംഗ്ലാദേശിന് ട്രംപിന്റെ ഇറക്കുമതി തീരുവ വർധന വലിയ ഇരുട്ടടിയായി. തീരുവ 37 ശതമാനമായാണ് ഒറ്റയടിക്ക് ട്രംപ് വർധിപ്പിച്ചത്. യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം നിരന്തര ചർച്ചകളിലൂടെ താരിഫ് 19 ശതമാനത്തിലേ പുനർനിർണയിക്കുന്നതിൽ വിജയിച്ചു.
അമേരിക്ക മുന്നോട്ടുവെച്ച നിരവധി നിബന്ധനകൾക്ക് ബംഗ്ലാദേശ് വഴങ്ങി. കൃഷി വ്യവസായ ഉത്പന്നങ്ങൾ, കെമിക്കൽ – മെഡിക്കൽ സാമഗ്രികൾ, മോട്ടോർ വാഹനം, പാർട്‌സുകൾ, സോയ ഉത്പന്നങ്ങൾ, പൗൾട്രി, ഫലവർഗങ്ങൾ, ഡെയറി, ബീഫ്, ദൈനംദിന ഉത്പന്നങ്ങൾ തുടങ്ങി നിരവധി അമേരിക്കൻ വസ്തുക്കൾക്കായി ബംഗ്ലാദേശ് വിപണി തുറന്നിട്ടു കൊടുക്കേണ്ടി വന്നു.
അല്ലാത്ത പക്ഷം ടെക്സ്റ്റയിൽ വ്യവസായം ബംഗ്ലാദേശിനെ കൈവിട്ട് ഇന്ത്യയിലേക്ക് മാറുമായിരുന്നു. ബംഗ്ലദേശിന്റെ 80 ശതമാനം കയറ്റുമതി വസ്ത്ര വ്യവസായത്തെ ആശ്രയിച്ചു കിടക്കുന്നു. ഇത് 55 ബില്യൺ ഡോളർ വരും. മൊത്തം ദേശീയ ഉത്പാദനത്തിന്റെ പത്ത് ശതമാനം ഗാർമെന്റ് – ടെക്സ്റ്റയിൽ മേഖല സംഭാവന ചെയ്യുന്നു. അര കോടിയാളം പേർ ഇവിടെ തൊഴിലിൽ ഏർപ്പെടുന്നുണ്ട്. ഭൂരിഭാഗവും സ്ത്രീകളാണ്. കൊവിഡിൽ തളർന്ന, താരിഫിൽ നടുവൊടിഞ്ഞ ഈ മേഖലയെ താങ്ങിനിർത്താൻ കണ്ണും പൂട്ടി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതിലെ യുക്തിയിതാണ്. അമേരിക്കക്ക് വിപണി തുറന്നിട്ടു എന്നാരോപണവുമായി ബി എൻ പി ഇടക്കാല സർക്കാറിനെതിരെ തെരുവിലിറങ്ങിയിരുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കപ്പെട്ട് താരീഖ് റഹ്‌മാനെ ഹസീന ഭരണകൂടം 2007ൽ അറസ്റ്റ് ചെയ്തിരുന്നു. 2001 – 06 കാലഘട്ടത്തിലെ ഖാലിദ സിയ ഭരണത്തിലെ ക്രമക്കേടുകളായിരുന്നു ആധാരമാക്കിയത്. 18 മാസം ജയിലിൽ കിടന്നു. തുടർന്ന് പുറത്തിറങ്ങിയ താരീഖ് ദീർഘകാലം യു കെയിലായിരുന്നു. തിരിച്ചുവരില്ലെന്നയുറപ്പിൽ രാജ്യം വിടാനനുവദിച്ചതാണെന്നും പറയപ്പെടുന്നു. ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു പിറകെയാണ് താരീഖ് തിരിച്ച് ബംഗ്ലാദേശിലെത്തിയത്. 31ഇന പദ്ധതി മുന്നിൽ വെച്ചാണ് താരീഖ് തിരഞ്ഞെടുപ്പ് നേരിട്ടത്. വലിയ വെല്ലുവിളികളാണ് താരിഖ് റഹ്‌മാൻ ഭരണത്തെ കാത്തിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറിയ മിക്ക ഭരണകൂടങ്ങളും ദുരന്തമായി മാറിയത് ബംഗ്ലാദേശിന്റെ ദുര്യോഗമാണ്. മുജീബുർ റഹ്‌മാനും സിയാവുർ റഹ്‌മാനും ജീവൻ വെടിയേണ്ടി വന്നു. ഹസീന രാജ്യം വിട്ടോടി. ഖാലിദ സിയക്ക് ജനപ്രീതി നേടാൻ കഴിഞ്ഞില്ല. എച്ച് എം ഇർഷാദിന് ഭീഷണിക്ക് വഴങ്ങി രാജിവെക്കേണ്ടി വന്നു. ഇതിനപവാദമായ ഒരു കാലം കാഴ്ചവെക്കാൻ താരീഖിനു കഴിയുന്ന പക്ഷം അത് ബംഗ്ലാദേശ് ചരിത്രത്തിലെ രജതരേഖയായി മാറും.
താരീഖിനു മുന്നിലെ കീറാമുട്ടിയായി മാറാനിടയുള്ളത് വിദേശനയമാണ്. ആണവ ശക്തികളായ ഇന്ത്യയും ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ബംഗ്ലാദേശിന് പ്രധാനമാണ്. മുജീബുർ റഹ്‌മാനും ഹസീനയും ഇർഷാദിന്റെ ഇടക്കാലയളവുമൊഴിച്ചാൽ ബംഗ്ലാദേശ് ഇന്ത്യക്ക് പലപ്പോഴും തലവേദന സൃഷ്ടിച്ചു. തങ്ങളുടെ രാഷ്ട്രീയശത്രുവായ മുജീബുർ റഹ്‌മാൻ കുടുംബത്തിന്റെ ഗോഡ് ഫാദറായാണ് സിയാവുറഹ്മാനും ഖാലിദയും എപ്പോഴും ഇന്ത്യയെ കണ്ടത്. മകൻ താരീഖ് എത്രത്തോളം വ്യത്യസ്തനാകുമെന്ന് കണ്ടറിയേണ്ടി വരും. അധികാരലബ്ധിയുടെ ആദ്യ മണിക്കൂറിൽ ബി എൻ പി വക്താവ് നടത്തിയ പ്രസ്താവന ശൈഖ ഹസീനയെ നിയമനടപടികൾക്കായി ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന തരത്തിലായിരുന്നു. വല്യേട്ടൻ ചമയുന്നത് അംഗീകരിക്കില്ലെന്നും തുല്യ ബഹുമാനമാണ് ആവശ്യമെന്നും കൂട്ടിപറഞ്ഞു. വ്യാപാരം, അതിർത്തി സുരക്ഷ, ജലം, ഗതാഗതം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇന്ത്യക്ക് താത്പര്യങ്ങളുണ്ട്. തീസ്ത നദീജലം പങ്കുവെക്കുന്നത് പലപ്പോഴും തർക്കങ്ങളിൽ കലാശിക്കാറുണ്ട്.
14,846 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള ബംഗ്ലാദേശുമായി ഇന്ത്യക്ക് സഹസ്രാബ്ദങ്ങളുടെ പൊക്കിൾകൊടി ബന്ധമുണ്ട്. ജനസംഖ്യ 17 കോടിയാണ്. ഇരു രാജ്യങ്ങളിലും സമീപകാലത്തായി രൂപപ്പെട്ട വംശീയ വെറിയുടെ രാഷ്ട്രീയം ബന്ധങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ബംഗാളി സംസാരിക്കുന്നവരെ തുരത്തണമെന്ന ആഹ്വാനവുമായി ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം പരസ്യമായി രംഗത്തു വരുന്നുണ്ട്. സമാനചലനങ്ങൾ ബംഗ്ലാദേശിലും സംഭവിക്കുന്നു.
ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം ഇന്ത്യക്ക് സമാനമായി വർഗീയ കലാപമുണ്ടായ വിദേശരാഷ്ട്രം ബംഗ്ലാദേശാണ്. രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനുമായി വംശീയത മുഴക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ് ആരോഗ്യകരമായ പരസ്പര വിനിമയങ്ങൾക്ക് തുടക്കം കുറിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിയേണ്ടതുണ്ട്. അയൽരാജ്യങ്ങളല്ലാം ചൈനീസ് – പാക് ഗൂഢാലോചനയിൽ വീണുപോകുന്ന പുതിയ കാലത്ത് മാറിയ ബംഗ്ലാദേശ് ഭരണവുമായി സൗഹൃദത്തിൽ മുന്നോട്ടുപോകാൻ ഇന്ത്യക്കു കഴിയുമെന്ന് പ്രത്യാശിക്കാം.




