Connect with us

From the print

യു എസ്- ഇറാൻ ചർച്ച: മാർഗനിർദേശങ്ങളിൽ പൊതുധാരണ; കരാറിന് സമയമെടുക്കും

യു എസ് പടക്കപ്പൽ വകവെക്കാതെ ഇറാൻ • ചൈനക്കും റഷ്യക്കുമൊപ്പം സൈനികാഭ്യാസം

Published

|

Last Updated

ജനീവ | ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാംഘട്ട ആണവ ചർച്ച സ്വിസ്റ്റർലാൻഡിലെ ജനീവയിലെ ഒമാൻ കോൺസുലേറ്റിൽ നടന്നു. പ്രധാന മാർഗനിർദേശങ്ങളിൽ തത്ത്വത്തിൽ ധാരണയായതായും അതിനർഥം കരാർ ആസന്നമാണെന്നല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇരുകൂട്ടരും വ്യത്യസ്ത ആശയങ്ങൾ പങ്കുവെച്ചു. അവ ഗൗരവമായി ചർച്ച ചെയ്തു. ഒടുവിൽ ചില മാർഗനിർദേശങ്ങളിൽ പൊതുധാരണയിലെത്താനായി. ഇതിന്റെ അടിസ്ഥാനത്തിൽ സാധ്യമായ കരാറിനായി പഠനം നടത്തുമെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. മൂന്നാം റൗണ്ട് ചർച്ചക്കായുള്ള തീയതി വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായുള്ള ആണവ തർക്കത്തിൽ കരാറിലെത്താൻ ഇറാനെ സമ്മർദത്തിലാക്കാൻ മിഡിൽ ഈസ്റ്റിലേക്ക് യു എസ് യുദ്ധക്കപ്പലുകൾ വിന്യസിച്ചെങ്കിലും ഇറാൻ നിലപാട് മയപ്പെടുത്തിയില്ല. യു എസിന് മറുപടിയായി റഷ്യയെയും ചൈനയെയും കൂടെ നിർത്തി ഹോർമൂസ് കടലിടുക്കിൽ സൈനികാഭ്യാസം ആരംഭിക്കുകയായിരുന്നു.

ആണവ പദ്ധതിക്കായുള്ള ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുകയും ഇന്റർനാഷനൽ ആറ്റോമിക് എനർജി ഏജൻസിയെ ഉപയോഗിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തിപ്പിക്കാനുമാണ് യു എസ് ശ്രമിക്കുന്നത്. എന്നാൽ ഇവ രണ്ടിലും ഇറാൻ വിട്ടുവീഴ്ച ചെയ്യുന്നില്ല. തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്തിയാൽ ഇക്കാര്യങ്ങൾ പരിഗണിക്കാമെന്നാണ് ഇറാൻ സംഘം അറിയിച്ചത്. എന്നാൽ, ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ നിഴൽ ഗ്രൂപ്പുകൾക്കുള്ള സഹായം അവസാനിപ്പിക്കുകയും മിസൈൽ പദ്ധതി നിർത്തിവെക്കുകയും ചെയ്താൽ മാത്രമേ ഉപരോധത്തിൽ ഇളവ് വരുത്താനാകൂവെന്ന് യു എസും കടുംപിടുത്തം തുടരുന്നു. ഇറാൻ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി 300 കിലോമീറ്ററിൽ നിലനിർത്തണമെന്നും യു എസ് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇസ്‌റാഈലിനെ സഹായിക്കാനാണെന്നാണ് നിരീക്ഷണം. ബാലിസ്റ്റിക് മിസൈലുകൾക്ക് 300 മീറ്റർ ദൂരപരിധി നിശ്ചയിച്ചാൽ ഈ മിസൈലുകളുപയോഗിച്ച് ഇസ്‌റാഈൽ കേന്ദ്രങ്ങൾ ആക്രമിക്കാനാകില്ല.

Latest