Articles
വന്ദേമാതരം: വിവാദങ്ങള്‍ വെറുതെയുണ്ടാകുന്നതല്ല
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തൊക്കെ ചെയ്തിട്ടും ബംഗാളില്‍ ബി ജെ പി പിറകോട്ടു പോയി. അവിടെ പിടിക്കാനാണ് പൗരത്വ നിയമ ഭേദഗതിയും ഇപ്പോള്‍ വോട്ടര്‍ പട്ടികയുടെ അതി തീവ്ര പരിഷ്‌കരണവുമെല്ലാം കൊണ്ടുവന്നത്. ഈ സാഹചര്യത്തില്‍ വേണം വന്ദേമാതരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പുതിയ വിവാദങ്ങളെ കാണാന്‍.
ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനക്കൊപ്പം ദേശീയ ഗീതമായ വന്ദേമാതരം കൂടി പാടണം എന്ന ഒരു ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റേതായി പുറത്തുവന്നിരിക്കുന്നു. ജനുവരി 28നാണ് ഈ ഉത്തരവ് ഇറക്കുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് അധികാരികള്‍ക്കാണ് ഈ ഉത്തരവ് അയച്ചിട്ടുള്ളത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പാടാന്‍ മൂന്ന് മിനുട്ടും 10 സെക്കന്‍ഡുകളും വേണം. രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും പരിപാടികളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതിനൊപ്പം ഇതും വേണം എന്നാണ് ഉത്തരവില്‍ പറയുന്നത്.
ബങ്കിം ചന്ദ്ര ചതോപാധ്യായ എന്ന ബംഗാളി കവി (നോവലിസ്റ്റും ആണ്) എഴുതിയ വന്ദേമാതരത്തിന്റെ 150ാമത് വാര്‍ഷികം ആഘോഷിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു ഉത്തരവ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളിലും മറ്റു വിദ്യാലയങ്ങളിലും സര്‍ക്കാര്‍ പരിപാടികളിലും ദേശീയ ഗാനവും ദേശീയ ഗീതവും പാടണം. തന്നെയുമല്ല ഈ ദേശീയ ഗീതത്തിലെ ആറ് ഖണ്ഡികകളും പാടണം. ആ സമയം എല്ലാവരും ദേശീയ ഗാനത്തിന്റെ സമയത്തെന്ന പോലെ എഴുന്നേറ്റു നില്‍ക്കുകയും വേണം. വന്ദേമാതരം എന്ന് തുടങ്ങുന്ന വാക്കുകളില്‍ അമ്മേ, നിന്നെ ഞാന്‍ വണങ്ങുന്നു എന്നാണ് പറയുന്നത്. ഈ ഗീതത്തിന്റെ മൂന്നാമത്തെ ഖണ്ഡിക മുതല്‍ ഹിന്ദു ദൈവങ്ങളായ ദുര്‍ഗയെയും ലക്ഷ്മിയെയും സരസ്വതിയെയും ഇന്ത്യയുടെ രക്ഷകരായി കാണുന്നു.
1911ലാണ് രബീന്ദ്രനാഥ ടാഗോര്‍ ജനഗണമന എഴുതുന്നത്. കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസം, ഡിസംബര്‍ 27നാണ് ടാഗോര്‍ ഇത് പാടുന്നത്. 1950ല്‍ ഭരണഘടന ഇത് ദേശീയ ഗാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒന്ന് എന്നരീതിയിലാണ് ജനഗണമന അംഗീകരിക്കപ്പെട്ടത്. ഭരണഘടനയുടെ 51 എ (എ) അനുസരിച്ച് ദേശീയ ഗാനത്തെ ബഹുമാനിക്കുക എന്നത് എല്ലാ പൗരന്മാരുടെയും മൗലിക കടമയാണ്. 1971ല്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് ഒരു നിയമവും ഉണ്ടായി. അങ്ങനെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. എന്നാല്‍ ഇത്തരം വ്യവസ്ഥകളൊന്നും ദേശീയ ഗീതമായ വന്ദേമാതരത്തിന് ഇല്ല. എന്നാല്‍ ദേശീയ ഗീതം എന്ന പദവിയുണ്ട് താനും. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് ദേശീയ ഗീതം പാടുമ്പോള്‍ സദസ്സ് എഴുന്നേറ്റു നില്‍ക്കണം. എന്നാല്‍ സിനിമയിലോ ന്യൂസ് റീലിലോ ഈ ഗീതം വന്നാല്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 11ന് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവിന്റെ പുതിയ വിശദീകരണക്കുറിപ്പില്‍ ദേശീയ ഗീതം ദേശീയ ഗാനത്തിനു മുമ്പേ പാടണം എന്നും പറയുന്നു.
എന്തുകൊണ്ട് ജനഗണമന?
എന്തുകൊണ്ട് ജനഗണമന നമ്മുടെ ദേശീയ ഗാനമായി എന്നതിന് ഒരു ചരിത്രമുണ്ട്. അത് ഇന്ത്യന്‍ ദേശീയതയുടെ ചരിത്രം തന്നെയാണ്. വൈവിധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളുക എന്ന സ്വാതന്ത്ര്യ സമരത്തിന്റെ സന്ദേശമാണിത്. 1911ലാണ് ടാഗോര്‍ ജനഗണമന എഴുതുന്നത്. അദ്ദേഹത്തിന്റെ “ഭാരത ഭാഗ്യ ബിധാതാ’ എന്ന നീണ്ട കവിതയുടെ ഒരു ഭാഗമാണിത്.
ഒരു വിധത്തില്‍ നോക്കിയാല്‍ ദേശീയ ഗാനത്തിന്റെയും ഗീതത്തിന്റെയും പ്രചാരണത്തില്‍ ടാഗോറിന് പ്രധാന പങ്കുണ്ട്. 1896ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ടാഗോര്‍ തന്നെയാണ് വന്ദേമാതരം ആദ്യമായി പാടുന്നത്. എന്നാല്‍ 1937ല്‍ കോണ്‍ഗ്രസ്സിനകത്ത് വന്ദേമാതരത്തിന്റെ മൂന്ന് മുതലുള്ള ഖണ്ഡികകള്‍ സംബന്ധിച്ച് ചില തര്‍ക്കപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ഹിന്ദു ദേവതകളെ ആരാധിക്കുന്ന ഇതിലെ വരികള്‍ വ്യത്യസ്ത ജാതി മത വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ദേശീയ ഗാനമാക്കാന്‍ പാടില്ല എന്നുള്ള വാദം അംഗീകരിക്കുകയും ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ദേശീയ ഗീതമായി അംഗീകരിക്കുകയും ചെയ്തു. ഇതിന് മുന്നിട്ടിറങ്ങിയതും ടാഗോര്‍ തന്നെ ആയിരുന്നു. എന്തുകൊണ്ടായിരുന്നു ടാഗോര്‍ ഇതിനെ എതിര്‍ത്തത്? ഇതിലെ ചില വരികളില്‍ ഹിന്ദു ദേവതകളായ ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവരെ വന്ദിക്കുന്നുണ്ട്. ഇത് മറ്റു മതവിശ്വാസികള്‍ക്ക് സ്വീകാര്യമാകണമെന്നില്ല. ഇന്ത്യ ഒരു ബഹുമത രാഷ്ട്രമാണ്. മുഴുവന്‍ രൂപത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരങ്ങളെ, വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന ഒന്നിനെ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യസ്‌നേഹവും രാജ്യത്തെ മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളുക എന്ന നീതിയും തമ്മില്‍ പൊരുത്തപ്പെട്ടു പോകണം എന്നാണ് ടാഗോര്‍ കരുതിയത്. അദ്ദേഹം വന്ദേമാതരത്തെ തള്ളിക്കളഞ്ഞില്ല. അതുകൊണ്ട് തന്നെ ഇതിന്റെ ആദ്യ ഭാഗം ദേശീയ ഗീതമായി ഭരണഘടന ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ എന്തുകൊണ്ട്?
ഇത് കേവലം ദേശസ്‌നേഹത്തിന്റെ ഒരു വിഷയമായി അവതരിപ്പിക്കുകയല്ല കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം എന്ന് വ്യക്തമാക്കുന്നതാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകള്‍. “വന്ദേമാതരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല’ എന്നാണ് ആദിത്യനാഥ് പറയുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഇന്ത്യയില്‍ ആരും വന്ദേമാതരം എന്ന ഗീതത്തെ എതിര്‍ക്കുന്നില്ല. നേരത്തേ സൂചിപ്പിച്ചത് പോലെ അത് ദേശീയ ഗീതമായി ഭരണഘടന തന്നെ അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ അതിന്റെ ഒരു ഭാഗം ഇതില്‍ പെടുന്നില്ലെന്ന് മാത്രം. ഇവിടെ കൃത്യമായും കോണ്‍ഗ്രസ്സിനും സമാജ് വാദി പാര്‍ട്ടിക്കും മുന്നില്‍ ഒരു വര്‍ഗീയ വെല്ലുവിളി ആയിട്ടാണ് യോഗി ഇത് പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മുസ്‌ലിം പ്രീണനത്തിന്റെ ഫലമായാണ് അവര്‍ എതിര്‍ക്കുന്നതെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഇതിലെ കപട ലക്ഷ്യം വ്യക്തമാണ്.
ഇതിന്റെ അടിയന്തര ലക്ഷ്യം മറ്റൊന്നാണ്. ചര്‍ച്ചയാക്കുന്നതിനുള്ള കാരണം ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. അവിടെ വിവിധ മതങ്ങള്‍ തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തൊക്കെ ചെയ്തിട്ടും ബംഗാളില്‍ ബി ജെ പി പിറകോട്ടു പോയി. അവിടെ പിടിക്കാനാണ് പൗരത്വ നിയമ ഭേദഗതിയും ഇപ്പോള്‍ വോട്ടര്‍ പട്ടികയുടെ അതി തീവ്ര പരിഷ്‌കരണവുമെല്ലാം കൊണ്ട് വന്നത്. ഈ സാഹചര്യത്തില്‍ വേണം പുതിയ വിവാദങ്ങളെ കാണാന്‍.




