International
ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പങ്കിടുന്നതിൽ ഒമാനുമായി ചർച്ച പുരോഗമിക്കുന്നതായി ഇറാൻ; യു എസുമായി നേരിട്ട് ചർച്ചയില്ല
സ്ഥിരമായ ഒരു കരാറിലെത്തുന്നത് വരെ ഇറാനി, ഒമാനി പാതകൾ ലയിപ്പിച്ച് കപ്പലുകൾക്കായി താൽക്കാലിക പാത നിർമ്മിക്കുന്നതിലാണ് നിലവിൽ ഒമാനുമായുള്ള ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ | ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പങ്കുവെക്കുന്നത് സംബന്ധിച്ച് ഒമാനുമായി നടത്തുന്ന ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ പരസ്യമായി സ്ഥിരീകരിച്ചു. അതേസമയം അമേരിക്കയുമായി യാതൊരുവിധ നേരിട്ടുള്ള ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ പ്രാദേശിക മധ്യസ്ഥർ നയതന്ത്ര ചാനലുകൾ തുറന്നുസജീവമായി രംഗത്തുണ്ട്.
സ്ഥിരമായ ഒരു കരാറിലെത്തുന്നത് വരെ ഇറാനി, ഒമാനി പാതകൾ ലയിപ്പിച്ച് കപ്പലുകൾക്കായി താൽക്കാലിക പാത നിർമ്മിക്കുന്നതിലാണ് നിലവിൽ ഒമാനുമായുള്ള ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് വാഷിംഗ്ടണുമായി നേരിട്ട് യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു.

നയതന്ത്ര നീക്കങ്ങൾ നടക്കുമ്പോഴും സൈനിക നിരീക്ഷണം തുടരുകയാണ്. ഹോർമൂസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളെ സംരക്ഷിക്കാൻ തങ്ങളുടെ സേന പൂർണ്ണ സജ്ജമാണെന്ന് യു എസ് സെൻട്രൽ കമാൻഡ് (യു എസ് സെന്റ്കോം) പ്രഖ്യാപിച്ചു. ഏത് ഭീഷണിയേയും നേരിടാൻ തയ്യാറാണെന്ന് ഐ ആർ ജി സി യും വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ ഏകീകൃത താൽക്കാലിക പാത നിർമ്മിക്കുന്നത് ഇറാനും അമേരിക്കയും തമ്മിലുള്ള വിശ്വാസം കെട്ടിപ്പടുക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായേക്കാം.
Content Highlights:
Iran confirmed progress in negotiations with Oman to create a joint temporary shipping route in the Strait of Hormuz, while denying direct talks with the US. Regional mediators like Qatar remain active. Meanwhile, US Central Command and IRGC maintain military readiness in the vital corridor.



