National
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍
അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് കുടുംബം
ഗുവാഹത്തി|പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. അസമിലെ ഹായ്ലകന്‍ഡി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. കേസില്‍ 17 മുതല്‍ 19 വയസ് വരെ പ്രായമുള്ള മൂന്നു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു. സത്കാരത്തിനിടെ ഒരു ബന്ധുവുമായി പെണ്‍കുട്ടി പിണങ്ങി 10.30 ഓടെ വീട്ടിലേക്ക് പോയി. പിന്നീട് വീട്ടില്‍ വന്നു നോക്കുമ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായ നിലയില്‍ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ശരീരമാകെ പരുക്കുകളായിരുന്നുവെന്നും ജനനേന്ദ്രിയ ഭാഗം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 17 കാരനെയും മുതിര്‍ന്ന പൗരനെന്ന നിലയില്‍ കണക്കാക്കി വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
Content Highlights:
Three teenagers aged 17 to 19 were arrested in Hailakandi, Assam, for assaulting and murdering a 15-year-old girl. The victim was found dead at her home on Saturday night while her family was away. Police plan to try the 17-year-old suspect as an adult due to the extreme severity of the crime.



