Connect with us

National

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ഡി എം കെ തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിനും നടി തൃഷ കൃഷ്ണനുമെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. ചെന്നൈ നീലങ്കരൈയിലെ സ്വവസതിയിൽ നിന്നാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി.

നാടകീയ നീക്കങ്ങൾക്ക് ഒടുവിലായിരുന്നു അറസ്റ്റ്. കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ സ്റ്റാലിന്റെ വീടിനുമുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിനെ പോലീസ് കൊണ്ടുപോയത്.

തനിക്കെതിരെയുണ്ടായ പോലീസ് നടപടിയെ തമാശയായി കാണുന്നുവെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. പോലീസുകാർ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോകുന്നതിനിടെ ചിരിച്ചുകൊണ്ടാണ് ഉദയനിധി പ്രതികരിച്ചത്.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി എം കെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് വിവാദ സംഭവങ്ങളുടെ തുടക്കം. തമിഴ്‌നാടിന് ഒരു തുള്ളി കാവേരി വെള്ളം പോലും ലഭിക്കാത്ത അവസ്ഥയിലും മുഖ്യമന്ത്രിക്ക് യാതൊരു ആശങ്കയുമില്ലെന്ന് പറഞ്ഞ് ഉദയനിധി ജോസഫ് വിജയെയെ വിമർശിക്കുകയായിരുന്നു.

‘കാവേരി ഡെൽറ്റയിലെ എല്ലാ നദികളും ഇന്ന് വറ്റിവരണ്ടു, ഏതാണ്ട് മരുഭൂമി പോലെ തോന്നുന്നു. നമ്മുടെ നേതാവ് ഇപ്പോൾ മുഖ്യമന്ത്രിയായിരുന്നെങ്കിൽ, ഈ സാഹചര്യം ഉണ്ടാകുമായിരുന്നോ? നമ്മുടെ നേതാവ് ഈ സാഹചര്യം സംഭവിക്കാൻ അനുവദിക്കുമായിരുന്നോ?’ – അദ്ദേഹം ചോദിച്ചു. ഇതിനിടെ സദസ്സിൽ നിന്ന് ചിലർ തൃഷയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതോടെ പ്രസംഗം നിർത്തി ഉദയനിധി സഭ്യമല്ലാത്ത രീതിയിൽ ദ്വയാർഥ പ്രയോഗം നടത്തുകയായിരുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായത്.

ഉദയനിധിയുടെ പ്രസ്താവനയ്ക്കെതിരെ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടി വി കെ) ബി ജെ പിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരാമർശം അശ്ലീലവും അങ്ങേയറ്റം അപലപനീയവുമാണെന്ന് നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ ഉദയനിധിക്കെതിരെ വ്യാപക പരാതികൾ ഉയരുകയും ദേശീയ വനിതാ കമ്മീഷനിലും പോലീസിലും പരാതി നൽകപ്പെടുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് ആരോപിച്ച് ഡി എം കെ ശക്തമായി രംഗത്തെത്തി. ആർക്കെതിരെയെങ്കിലും മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയെയുടെ പരാജയങ്ങൾ എണ്ണിപ്പറയുക മാത്രമാണ് ഉദയനിധി ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അധിക്ഷേപകരമായി ഒന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ നടി തൃഷയുടെ പേര് പോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നും ടി കെ എസ് ഇളങ്കോവൻ വ്യക്തമാക്കി.

Content Highlights:
DMK leader Udhayanidhi Stalin was arrested from his home following a political row over alleged derogatory remarks made against Tamil Nadu Chief Minister C Joseph Vijay and actor Trisha Krishnan during a Cauvery dispute rally in Thanjavur.

---- facebook comment plugin here -----

Latest