Connect with us

Ongoing News

ആസ്‌ത്രേലിയയെ അട്ടിമറിച്ച് സിംബാംബ്‌വേ; സ്വന്തമാക്കിയത് 23 റണ്‍സിന്റെ ഉജ്ജ്വല വിജയം

നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ബ്ലെസിങ് മുസറാബാനിയുടെ ബൗളിങാണ് ഓസീസ് ബാറ്റര്‍മാരെ ലക്ഷ്യത്തിന് അകലെ കൂടാരം കയറ്റുന്നതില്‍ നിര്‍ണായകമായത്.

Published

|

Last Updated

കൊളംബോ | ആസ്‌ത്രേലിയക്കെതിരെ അട്ടിമറി വിജയവുമായി സിംബാംബ്‌വേ. ടി20 ലോകകപ്പിലെ മത്സരത്തില്‍ 23 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് വമ്പന്മാര്‍ക്കെതിരെ താരതമ്യേന ചെറിയ ടീമായ സിംബാംബ്‌വേ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാംബ്‌വേ 170 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിന് മുമ്പില്‍ വച്ചത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ടീം 169 റണ്‍സെടുത്തത്. മറുപടി ബാറ്റിങില്‍ 146 റണ്‍സിന് പേരുകേട്ട ആസ്‌ത്രേലിയന്‍ ബാറ്റര്‍മാര്‍ ഓള്‍ ഔട്ടായി. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ബ്ലെസിങ് മുസറാബാനിയുടെ ബൗളിങാണ് ഓസീസ് ബാറ്റര്‍മാരെ ലക്ഷ്യത്തിന് അകലെ കൂടാരം കയറ്റുന്നതില്‍ നിര്‍ണായകമായത്.

ടോസ് നേടിയ ആസ്‌ത്രേലിയ, സിംബാംബ്‌വേയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപണര്‍ ബ്രിയാന്‍ ബെന്നറ്റ് 56 പന്തില്‍ പുറത്താകാതെ നേടിയ 64 റണ്‍സ് പൊരുതാവുന്ന സ്‌കോറിലെത്തുന്നതിന് സിംബാംബ്‌വേക്ക് അടിത്തറയായി. തഡിവനഷെ മറുമാനി, റയാന്‍ ബേള്‍, നായകന്‍ സികന്തര്‍ റാസ എന്നിവരുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുകളാണ് ബെന്നറ്റ് പടുത്തുയര്‍ത്തിയത്. മറുമാനി 21 പന്തില്‍ 35ഉം റയാന്‍ 30 പന്തില്‍ 35ഉം സികന്തര്‍ റാസ പുറത്താകാതെ 13ല്‍ 25ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. മാര്‍കസ് സ്റ്റോയിനിസിനും കാമെറോണ്‍ ഗ്രീനിനും മാത്രമാണ് ആസ്‌ത്രേലിയക്കായി ഓരോ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞത്. കിണഞ്ഞ് ശ്രമിച്ചിട്ടും മറ്റുള്ളവര്‍ക്കൊന്നും വിക്കറ്റ് നേടാന്‍ സാധിച്ചില്ല.

ഓസീസ് ബാറ്റര്‍മാരില്‍ 44 പന്തില്‍ 65 റണ്‍സ് നേടി മാറ്റ് റെന്‍ഷോ തിളങ്ങി. ഗ്ലെന്‍ മാക്‌സ്‌വെലും (32ല്‍ 31) മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ് 15 പന്തില്‍ 17 റണ്‍സ് നേടി. മൂന്ന് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അഞ്ച് പേര്‍ രണ്ടക്കം കാണാതെ മടങ്ങി. മുസറാബാനിക്കു പുറമെ 3.3 ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ കടപുഴക്കിയ ബ്രാഡ് ഇവാന്‍സും ഓസീസ് ബാറ്റിങിന്റെ നട്ടെല്ലൊടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വെല്ലിങ്ടണ്‍ മാസകാഡ്‌സ, റയാന്‍ ബേള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

---- facebook comment plugin here -----

Latest