Articles
മതരാഷ്ട്രവാദികള്‍ ഔട്ട്
നുഴഞ്ഞുകയറ്റക്കാരുടെ നാടെന്ന് ഹിമന്ത ബിശ്വ ശര്‍മ അധിക്ഷേപം ചൊരിയുന്ന അയല്‍ രാജ്യം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നത് കാണുന്നില്ലേ. മതരാഷ്ട്രത്തിന്റെ ബലിഷ്ഠ കരങ്ങള്‍ ഇവിടെ ജനാധിപത്യമൂല്യങ്ങളെ ഞെരുക്കുമ്പോള്‍ അവിടെ മതരാഷ്ട്രവാദികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും കാണുന്നില്ലേ
ബംഗ്ലാദേശ് ഉജ്ജ്വലമായ രാഷ്ട്രീയ മാറ്റത്തിലേക്ക് ഉണരുകയാണ്. രാഷ്ട്ര രൂപവത്കരണത്തിന്റെയും വിമോചന സമരത്തിന്റെയും ദീര്‍ഘകാല ഭരണത്തിന്റെയുമെല്ലാം ലെഗസിയുടെ ബലത്തില്‍ അധികാരം കൈയാളിയ ശൈഖ ഹസീനയെ അക്രമാസക്ത പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടയാക്കിയപ്പോള്‍ വല്ലാത്തൊരു അസ്ഥിരതയിലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തുമെന്നാണ് ലോകം ആശങ്കപ്പെട്ടത്. ആ അരാജകത്വത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ ചൈനയും അമേരിക്കയും പാകിസ്താനുമെല്ലാം തക്കം പാര്‍ത്തിരിക്കുകയായിരുന്നു. ഹസീന ഇന്ത്യയില്‍ കഴിയുന്നുവെന്നത് കൊണ്ടും ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹത്തെ ചൊല്ലിയുള്ള അമിത ഉത്കണ്ഠകള്‍ ഇന്ത്യയിൽ പ്രധാന രാഷ്ട്രീയ വിഷയമാണ് എന്നതിനാലും ന്യൂഡല്‍ഹിയും അതിര്‍ത്തിക്കപ്പുറത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ കാത്തിരിക്കുന്നവരുടെ അപരദേശമായി ബംഗ്ലാദേശിനെ അടയാളപ്പെടുത്തി വിദ്വേഷവിത്തുകള്‍ വിതക്കുന്നവര്‍ക്കുള്ള മറുപടിയാണ് വലിയ പ്രശ്‌നങ്ങളില്ലാതെ അവിടെ തിരഞ്ഞെടുപ്പ് നടന്നുവെന്നത്. നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറില്‍ നിന്ന് ആധികാരികമായ ജനവിധിയോടെ സിവിലിയന്‍ സര്‍ക്കാര്‍ അധികാരം കൈയേല്‍ക്കുകയാണ്. ഐക്യവും സ്ഥിരതയും കാത്തുസൂക്ഷിച്ച് രാജ്യം മുന്നോട്ട് പോകുമെന്നാണ് നിയുക്ത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി (ബി എന്‍ പി) മേധാവിയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരീഖ് റഹ‌്മാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കപ്പെട്ട ശൈഖ ഹസീനയുടെ അവാമി ലീഗില്‍ നിന്ന് വലിയ പ്രത്യയശാസ്ത്ര വ്യത്യാസമുള്ള പാര്‍ട്ടിയൊന്നുമല്ല ബി എന്‍ പി. ഏറെക്കുറെ സമാനമായ ഉള്ളടക്കമാണ് അവാമി ലീഗിനും ബി എന്‍ പിക്കുമുള്ളത്. താരീഖ് റഹ‌്മാന്റെ പിതാവും മുന്‍ പ്രസിഡന്റുമായ സിയാഉര്‍റഹ‌്മാനും ശൈഖ ഹസീനയുടെ പിതാവ് മുജീബുര്‍റഹ‌്മാനും കൈകോര്‍ത്താണ് മുന്നോട്ട് പോയിരുന്നത്. 1975ല്‍ മുജീബുര്‍റഹ‌്മാനും 81ല്‍ സിയാഉര്‍റഹ്മാനും കൊല്ലപ്പെട്ടു. ബദ്ധവൈരികളായിത്തീര്‍ന്ന ശൈഖ ഹസീനയും ഖാലിദ സിയയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ അധികാരം പതിറ്റാണ്ടുകളായി കൈയാളി. അങ്ങനെ നോക്കുമ്പോള്‍ അധികാരപ്രമത്തതയുടെയും സ്വജന പക്ഷപാതത്തിന്റെയും കുടുംബാധിപത്യത്തിന്റെയുമെല്ലാം അഴുക്ക് ബി എന്‍ പിയിലും എമ്പാടുമുണ്ട്. ശൈഖ ഹസീനയെ പുറത്താക്കാനായി നടന്ന രക്തരൂഷിത പ്രക്ഷോഭത്തില്‍ യുവത്വം തെരുവില്‍ അലറിയത് ഈ രാഷ്ട്രീയ മാലിന്യങ്ങള്‍ക്കെതിരെയായിരുന്നു. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ്, ആന്റി നെപോട്ടിസം പ്രക്ഷോഭമായിരുന്നു അത്. ആ പ്രക്ഷോഭത്തിന്റെ പരിണതിയായി അധികാരത്തില്‍ വരുന്ന പാര്‍ട്ടി ആ കുറ്റാരോപണങ്ങള്‍ പേറുന്നുവെന്നത് വല്ലാത്തൊരു വൈരുധ്യമാണ്. ബംഗ്ലാദേശ് ജനതക്ക് മുന്നില്‍ ബി എന്‍ പിയല്ലാതെ മറ്റൊരു സാധ്യതയുണ്ടായിരുന്നില്ല. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ 11 പാര്‍ട്ടികളുടെ സഖ്യമായിരുന്നു ബി എന്‍ പിയുടെ എതിര്‍പക്ഷത്തുണ്ടായിരുന്നത്. ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നല്‍കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ആ സഖ്യം ബംഗ്ലാ ജനസാമാന്യത്തിന് സ്വീകാര്യമായിരുന്നില്ല. പ്രക്ഷോഭത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ വിദ്യാര്‍ഥി നേതാക്കളുടെ പാര്‍ട്ടിയായ നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി വരെ ഈ സഖ്യത്തിലുണ്ടായിരുന്നുവെന്നോര്‍ക്കണം. എന്നിട്ടും ജനം വേണ്ടവിധം ഈ സഖ്യത്തെ പരിഗണിച്ചില്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ഘട്ടത്തില്‍ പാകിസ്താനൊപ്പം ചേര്‍ന്ന് ആ സമരത്തെ ഒറ്റുകൊടുത്തതിന്റെ പാരമ്പര്യം ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് മാഞ്ഞുപോകില്ല. ഇപ്പോള്‍ നവ യുവാക്കളും കൗമാരക്കാരുമായവര്‍ക്ക് ആ ചരിത്രം കെട്ടുകഥകള്‍ മാത്രമായിരിക്കാം. ആ സമരചരിത്രം അവരെ വൈകാരികമായി ഉണര്‍ത്തുന്നില്ലായിരിക്കാം. എന്നാല്‍ റസാകാര്‍ എന്ന വാക്ക് അവര്‍ മറക്കില്ല. റസാകാര്‍ എന്ന വാക്കിന് സന്നദ്ധ സേവകന്‍ എന്നേ അര്‍ഥമുള്ളൂ. പക്ഷേ, ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ അത് വലിയ അസഭ്യമാണ്. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താനൊപ്പം നിന്ന് സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത, കൂട്ടക്കൊലയും കൊള്ളയും ബലാത്സംഗവും നടത്തിയ അര്‍ധസൈനിക വിഭാഗമായിരുന്നു റസാകാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് മാപ്പെഴുതിയതിന്റെ ചരിത്രവും ഗാന്ധി വധത്തിന്റെ ചരിത്രവും എത്ര കുഴിച്ചുമൂടിയിട്ടും ഉയിര്‍ത്ത് വരുന്നുണ്ടല്ലോ. രാജ്യത്തിന്റെ ചരിത്രത്തെ അപ്പാടെ നിഷേധിച്ച നന്ദികെട്ടവരെന്ന അധമത്വത്തില്‍ നിന്ന് രക്ഷനേടുകയാണ് ജമാഅത്തിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക വഴി ബംഗ്ലാദേശ് ജനത ചെയ്തിരിക്കുന്നത്. അപ്പോള്‍ ജമാഅത്ത് സഖ്യം നേടിയ 70ലേറെ സീറ്റുകളോ? രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ദീര്‍ഘകാലം അകറ്റി നിര്‍ത്തപ്പെട്ട പാര്‍ട്ടി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയതോ? ജനകീയ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലേക്ക് ഇടിച്ചുകയറി ആ പാര്‍ട്ടി നടത്തിയ പ്രതിച്ഛായാ നിര്‍മിതിയുടെ ഫലമാണത്. ഈജിപ്തില്‍ തഹ്‌രീര്‍ പ്രക്ഷോഭത്തിന്റെ ചാമ്പ്യന്‍മാരായി ബ്രദര്‍ഹുഡ് വേഷം മാറിയതു പോലെയൊരു നീക്കം.
ശൈഖ ഹസീനയെ അധികാരഭ്രഷ്ടയാക്കിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ഛാത്ര ശിബിര്‍ അടക്കമുള്ള അതിന്റെ വിദ്യാര്‍ഥി സംഘടനയെ രംഗത്തിറക്കുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമി ഭരണം പിടിക്കുമെന്ന പ്രതീതി തന്നെയാണ് ഉണ്ടാക്കിയത്. 2024 ജൂലൈയിലെ പ്രക്ഷോഭം ജമാഅത്തെ ഇസ്‌ലാമിക്ക് പൊതുമണ്ഡലത്തിലേക്ക് അതിശക്തമായി ഇറങ്ങാനുള്ള അവസരമാണ് ഒരുക്കിയത്. തെരുവ് പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി സജീവമായി. അവാമി ലീഗ് നേതാക്കള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ ആ ഒഴിവിലേക്ക് ജമാഅത്ത് ഇടിച്ചു കയറി. താരീഖ് റഹ്മാന്‍ ലണ്ടനില്‍ നിന്ന് വന്ന് ബംഗ്ലാദേശില്‍ സജീവമാകാന്‍ വൈകിയതും ജമാഅത്തിന് സുവര്‍ണാവസരമൊരുക്കി. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക മാത്രമല്ല അധികാരം പിടിക്കുക തന്നെയാണ് ലക്ഷ്യമെന്ന് ജമാഅത്ത് നേതാവ് ശഫീഖുര്‍റഹ‌്മാന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് നല്‍കിയ ഗുണകാംക്ഷകള്‍ അവര്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വല്ലാത്തൊരു നിരാശയാണ് ജമാഅത്തിനുണ്ടാക്കിയത്. വോട്ടെണ്ണല്‍ പ്രക്രിയയില്‍ ക്രമക്കേട് ആരോപിക്കുകയെന്ന കൈവിട്ട കളിക്ക് പാര്‍ട്ടി തയ്യാറായത് അതുകൊണ്ടാണ്. അക്രമാസക്ത പ്രക്ഷോഭത്തിലേക്ക് വാതില്‍ തുറക്കുകയാണോ ജമാഅത്തെന്ന ഭീതി വരെ ഉയര്‍ന്നു.
ദീര്‍ഘകാലം നിരോധനത്തിലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനത്തിലും മുഴുകിയ ജമാഅത്തിന് പതിവ് പോള്‍ മാനേജ്‌മെന്റ് തന്ത്രങ്ങള്‍ അജ്ഞാതമായത് തിരിച്ചടിക്ക് ഒരു കാരണമായിരിക്കാം. രാഷ്ട്രീയ അധികാരം ബി എന്‍ പിയെയാണ് ഏല്‍പ്പിക്കേണ്ടതെന്ന നിലപാടാണ് യുവാക്കള്‍ കൈകൊണ്ടത്. പ്രക്ഷോഭ രംഗത്ത് ശക്തമായിരുന്ന വിവിധ ഗ്രൂപ്പുകള്‍ സഖ്യത്തിലുണ്ടായിരുന്നെങ്കിലും പൊതു വികാരം ജമാഅത്തിന് എതിര്‍ ദിശയില്‍ നിന്നുവെന്നാണ് വ്യക്തമാകുന്നത്. സ്ത്രീ വോട്ടര്‍മാരില്‍ നിന്ന് വലിയ പിന്തുണ ജമാഅത്ത് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ ബി എന്‍ പിക്ക് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട ബി എന്‍ പി കേഡര്‍മാര്‍ ജമാഅത്തിന് പകരം ബി എന്‍ പിയെ പിന്തുണച്ചുവെന്ന കണക്കും ചില നിരീക്ഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബി എന്‍ പിയോടുള്ള പരമ്പരാഗത ശത്രുത അവാമി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലേക്ക് വരാന്‍ കാരണമാകുമെന്ന് ജമാഅത്ത് കരുതിയിരുന്നു. അവാമി ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് കുറഞ്ഞത് ജമാഅത്ത് പ്രതീക്ഷിച്ചത് തെറ്റിച്ചു. ദുഷ്‌കരമായ പരിവര്‍ത്തന ഘട്ടത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് വേണ്ടത് പ്രത്യയശാസ്ത്ര ശാഠ്യങ്ങളുള്ള, ഏത് നിമിഷവും അക്രമത്തിലേക്ക് നീങ്ങിയേക്കാവുന്നവരെയല്ല, വഴക്ക സ്വഭാവമുള്ളവരെയാണെന്ന നിലപാടില്‍ ജനങ്ങള്‍ എത്തിയിരിക്കണം.
ജമാഅത്തെ ഇസ്‌ലാമി ഭരണത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് പ്രവചിച്ചത് സാക്ഷാല്‍ അമേരിക്കയായിരുന്നു. തിരഞ്ഞെടുപ്പില്‍ ജമാഅത്ത് വന്‍ നേട്ടമുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പാര്‍ട്ടിയുമായി ചില നീക്കുപോക്കുകള്‍ നടത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. തങ്ങള്‍ക്ക് ലഭിച്ച ഓഡിയോ റെക്കോര്‍ഡിംഗുകള്‍ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. ജമാഅത്ത് അധികാരത്തില്‍ വരുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ലെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ പ്രതികരിച്ചതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. ജമാഅത്ത് നേതൃത്വം അമേരിക്കയുമായി രഹസ്യ ധാരണയിലെത്തിയെന്ന് താക്കൂര്‍ഗാവില്‍ നടന്ന തിരഞ്ഞെടുപ്പ് റോഡ്‌ഷോയ്ക്കിടെ മുതിര്‍ന്ന ബി എന്‍ പി നേതാവ് മിര്‍സ ഫഖ്‌റുല്‍ ഇസ്‌ലാം ആലംഗീര്‍ ആരോപിക്കുകയും ചെയ്തു. അത്തരമൊരു രഹസ്യ ധാരണ ബംഗ്ലാദേശിന്റെ സമാധാനത്തിനും സ്ഥിരതക്കും പരമാധികാരത്തിനും അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത്തരം നീക്കുപോക്കുകള്‍ നിഷേധിക്കുകയാണ് ആദ്യം ജമാഅത്ത് നേതൃത്വം ചെയ്തത്. പിന്നീട് സമ്മതിച്ചു. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ച നടത്തിയതില്‍ എന്ത് തെറ്റാണുള്ളതെന്നായിരുന്നു ജമാഅത്തിന്റെ ചോദ്യം. ധാക്കയിലെ ഫ്രഞ്ച് അംബാസഡര്‍ ജീന്‍-മാര്‍ക്ക് സെറെ-ഷാര്‍ലെറ്റ്, ഡെപ്യൂട്ടി അംബാസഡര്‍ ഫ്രെഡറിക് ഇന്‍സ, സാമ്പത്തിക ഉപദേഷ്ടാവ് ജൂലിയന്‍ ഡ്യൂര്‍ എന്നിവര്‍ ജമാഅത്ത് നേതാവ് ശഫീഖുര്‍റഹ‌്മാനെ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ വെച്ച് കണ്ടതും വലിയ ചര്‍ച്ചയായിരുന്നു. അതിര്‍ത്തിക്ക് പുറത്തേക്ക് നീളുന്ന ഇത്തരം ബാന്ധവങ്ങള്‍ ജമാഅത്തിന്റെ വിശ്വാസ്യത കളഞ്ഞു കുളിച്ചുവെന്ന് ഫലം വ്യക്തമാക്കുന്നു. പാക് അനുകൂല സമീപനം തുടരുന്നതും മുഹമ്മദ് യൂനുസിനെ ആ ദിശയിലേക്ക് നയിച്ചുവെന്ന പഴിയും ജമാഅത്തിന്റെ സാധ്യതകൾ തകർത്തു.
ദേശീയ പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണല്ലോ ഇന്ത്യന്‍ ഭരണഘടന. രാജ്യത്തെ ദീര്‍ഘകാലത്തേക്ക് ശരിയായ ദിശയില്‍ നയിക്കാനുള്ള കരുത്ത് ഭരണഘടനക്കുണ്ടായത് സാമ്രാജ്യത്വവിരുദ്ധ സമരത്തില്‍ നിന്നാണ്. ഭരണഘടനാശില്‍പ്പികളുടെ കനവുകളല്ലല്ലോ അതിലെ അനുഛേദങ്ങള്‍. അതുപോലെ ശൈഖ ഹസീനയെ പുറത്താക്കിയ പ്രക്ഷോഭം ബംഗ്ലാദേശില്‍ ദീര്‍ഘകാല രാഷ്ട്രീയ പരിഷ്‌കരണത്തിനുള്ള ഊര്‍ജമായിത്തീര്‍ന്നിരിക്കുന്നു. ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിന്റെ കൂടെ നടന്ന ഹിതപരിശോധന (ജൂലൈ ചാര്‍ട്ടര്‍) അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ജൂലൈ ചാര്‍ട്ടര്‍ 84 പോയിന്റുള്ള പരിഷ്‌കരണ രൂപരേഖയാണ്. ചാര്‍ട്ടറിനെ 4,80,74,429 പേര്‍ അനുകൂലിച്ചപ്പോള്‍ 2,25,65,627 വോട്ടര്‍മാര്‍ എതിര്‍ത്തുവെന്നാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന കണക്ക്. പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ചാര്‍ട്ടറിലെ പ്രധാന നിര്‍ദേശം. ഒരാള്‍ക്ക് പരമാവധി പത്ത് വര്‍ഷമോ രണ്ട് കാലാവധിയോ മാത്രമേ പ്രധാനമന്ത്രിയായിരിക്കാനാകൂ. പാര്‍ട്ടി തലവനും ഭരണത്തലവനുമെന്ന ഇരട്ട ചുമതലകള്‍ ഒരേസമയം വഹിക്കാനാകില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ മന്ത്രിസഭയുടെയും പ്രതിപക്ഷ നേതാവിന്റെയും അനുമതി നിര്‍ബന്ധമാക്കും. നിലവിലെ പാര്‍ലിമെന്റ് അധോസഭയായി തുടരുകയും 100 അംഗങ്ങളുള്ള പുതിയ ഉപരിസഭ രൂപവത്കരിക്കുകയും ചെയ്യും. പാര്‍ലിമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലിമെന്ററി കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കും പൊതുതിരഞ്ഞെടുപ്പുകൾക്കും മേല്‍നോട്ടം വഹിക്കാന്‍ കക്ഷിരഹിത ഇടക്കാല സര്‍ക്കാര്‍ പുനഃസ്ഥാപിക്കും. നീതിന്യായത്തില്‍ രാഷ്ട്രീയ സ്വാധീനം കുറയ്ക്കുന്നതിനായി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും സ്വതന്ത്ര നിയമന കമ്മീഷനും രൂപവത്കരിക്കും. നോക്കൂ. നുഴഞ്ഞുകയറ്റക്കാരുടെ നാടെന്ന് ഹിമന്ത ബിശ്വ ശര്‍മ അധിക്ഷേപം ചൊരിയുന്ന അയല്‍ രാജ്യം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നത് കാണുന്നില്ലേ. മതരാഷ്ട്രത്തിന്റെ ബലിഷ്ഠ കരങ്ങള്‍ ഇവിടെ ജനാധിപത്യമൂല്യങ്ങളെ ഞെരുക്കുമ്പോള്‍ അവിടെ മതരാഷ്ട്രവാദികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതും കാണുന്നില്ലേ.






