From the print
ജാമിഅതുൽ ഹിന്ദ് ഗവേഷണ ഫെലോഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകളോ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ഈ മാസം 25 വരെ അപേക്ഷിക്കാമെന്ന് ജാമിഅതുൽ ഹിന്ദ് രജിസ്ട്രാർ അറിയിച്ചു.
കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യക്ക് കീഴിലുള്ള ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മുത്വവ്വൽ പഠനമോ സമാനമായ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സുകളോ പൂർത്തീകരിച്ച വിദ്യാർഥികൾക്ക് ഈ മാസം 25 വരെ അപേക്ഷിക്കാമെന്ന് ജാമിഅതുൽ ഹിന്ദ് രജിസ്ട്രാർ അറിയിച്ചു.
ആഗോള ഇസ്്ലാമിക് യൂനിവേഴ്‌സിറ്റി കൂട്ടായ്മയായ റാബിത്വത്തുൽ ജാമിആതിൽ ഇസ്്ലാമിയ്യ കൈറോ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇഅ്ജാസുൽ ഇൽമി അൽ മുതജദ്ദിദ്, അക്കാദമിയ്യതു അഹ്്ലിസ്വുഫ്ഫ ലി ദിറാസത്തി തസ്വവ്വുഫി വ ഉലൂമി ത്തുറാസ് തുടങ്ങിയവരുമായി അക്കാദമിക്- ഗവേഷണ സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിക്കുന്നത്.
ഗവേഷണ തത്പരരായ വിദ്യാർഥികൾക്കുവേണ്ടി അത്യാധുനിക ഗവേഷണ മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്ന റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമിൽ ഫിഖ്ഹ്, തഫ്സീർ, ഹദീസ്, ഹദീസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് പുറമെ വിശ്വാസ ശാസ്ത്രം, ഇസ്്ലാമിക് ഫിലോസഫി, ഉസൂലുൽ ഫിഖ്ഹ്, ഇസ്്ലാമിക് ഫിനാൻസ്, ഇസ്്ലാമിക് ലോ തുടങ്ങിയ ഒട്ടനേകം മേഖലകളിലുള്ള ഗവേഷണങ്ങൾക്കും അവസരമുണ്ടാകും. അക്കാദമിക് ആൻഡ് ക്രിയേറ്റീവ് റൈറ്റിംഗ്, റിസർച്ച് പേപ്പർ പബ്ലിക്കേഷൻ, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മേഖലകളിലുള്ള പ്രത്യേക പരിശീലനവുമുണ്ടാകും. ദേശീയ- അന്തർദേശീയ കോൺഫറൻസുകളിൽ പങ്കെടുക്കാനും അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുമുള്ള അവസരം കോഴ്സിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. കൂടാതെ, കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളിൽ പി എച്ച് ഡിക്ക് ചേരാനും അവസരമുണ്ടാകും.
ഒരു വർഷം നീളുന്ന കോഴ്സിൽ കോഴ്‌സ് വർക്കിന് പുറമെ വിദ്യാർഥികൾ ഗവേഷണ തീസിസ് സമർപ്പിക്കണം. കോഴ്‌സ് കാലയളവിൽ നിശ്ചിത വിഷയങ്ങളിൽ ഗ്രന്ഥ രചനയും നടത്തണം.
പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠനം, ഗവേഷണം, ഭക്ഷണം, താമസം എന്നിവക്ക് പുറമെ 5,000 രൂപ മുതൽ ഫെലോഷിപ്പും നൽകും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഉയർന്ന ഫെലോഷിപ്പും ഒരുക്കുന്നുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതരും അക്കാദമീഷ്യരുമാണ് പുളിക്കൽ ഹസനിയ്യ എജ്യു ഗാർഡനിൽ നടക്കുന്ന കോഴ്‌സുകൾക്ക് നേതൃത്വം നൽകുന്നത്. www.jamiathulhind.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് ഫോൺ: 9562883234.




