Articles
മഹാരാഷ്ട്ര: ശരദ് പവാറിനേക്കാള്‍ ശക്തന്‍ ഉവൈസി
ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അഞ്ചിലധികം മുനിസിപല്‍ കോര്‍പറേഷനിലെങ്കിലും, എ ഐ എം ഐ എം പാര്‍ട്ടി നിര്‍ണായക ഘടകമാണ്. ബി എം സി ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെയുടെ ശിവസേന, ഏക്നാഥ് ഷിന്‍ഡെയുടെ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതോടൊപ്പം, ഉവൈസിയുടെ പാര്‍ട്ടിയുടെ പിന്തുണ കൂടി തേടിയാല്‍ അത്ഭുതപ്പെടാനില്ല.
മഹാരാഷ്ട്ര നഗരസഭാ തിരഞ്ഞെടുപ്പില്‍, ബൃഹന്‍മുംബൈ മുനിസിപല്‍ കോര്‍പറേഷന്‍ (ബി എം സി) ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മിന്റെ വിജയം അപ്രതീക്ഷിതമാണ്. മഹാരാഷ്ട്രയുടെ ശക്തനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ പാര്‍ട്ടിയെപ്പോലും ഏറെ പിന്നിലാക്കിയാണ് ഹൈദരാബാദ് എം പിയായ ഉവൈസിയുടെ പാര്‍ട്ടി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
ബി എം സിയില്‍ മറാഠി നേതാക്കളായ ശരദ് പവാറിന്റെ എന്‍ സി പിക്ക് രണ്ടും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പാര്‍ട്ടിക്ക് മൂന്നും രാജ് താക്കറെയുടെ പാര്‍ട്ടിയായ എം എന്‍ എസിന് ആറും സീറ്റുകള്‍ ലഭിച്ചപ്പോള്‍, എ ഐ എം ഐ എമ്മിന് ലഭിച്ചത് എട്ട് സീറ്റുകളാണ്. ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പറേഷനില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും, ഫല പ്രഖ്യാപനം നടത്തി ഒരാഴ്ചയായിട്ടും മേയര്‍ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാണ്. മേയര്‍ സ്ഥാനത്തിന് വേണ്ടി ബി ജെ പിയും ശിവസേന(ഷിന്‍ഡെ)യും അവകാശവാദം ഉന്നയിക്കുകയാണ്. 227 സീറ്റുകളുള്ള മുംബൈ കോര്‍പറേഷനില്‍ ബി ജെ പി 89 സീറ്റിലും ശിവസേന 29 സീറ്റിലുമാണ് ജയിച്ചത്. ജയിച്ചവരെ ശിവസേന റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. കൗണ്‍സിലര്‍മാര്‍ കാലുമാറാതിരിക്കാന്‍ കോണ്‍ഗ്രസ്സും മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്സിന് 24 അംഗങ്ങളുണ്ട്.
മലേഗാവ് മുനിസിപല്‍ കോര്‍പറേഷനില്‍, മുന്‍ കോണ്‍ഗ്രസ്സ് എം എല്‍ എ റശീദ് ശൈഖിന്റെ മകനും എന്‍ സി പി മുന്‍ എം എല്‍ എയുമായ ആസിഫ് ശൈഖ് രൂപവത്കരിച്ച ‘ഇസ്ലാം’ മലേഗാവ് മുനിസിപല്‍ കോര്‍പറേഷനില്‍ ആദ്യമത്സരത്തില്‍ തന്നെ 35 സീറ്റുകള്‍ നേടി. ഈ തിരഞ്ഞെടുപ്പില്‍, മലേഗാവ് നഗരസഭയില്‍ അവസാനിച്ചത് കോണ്‍ഗ്രസ്സിന്റെ ആധിപത്യമാണ്. 84 സീറ്റുകളുള്ള നഗരസഭയില്‍, കാലങ്ങളായി ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ്സ് മൂന്ന് സീറ്റുകളില്‍ ചുരുങ്ങി. ഏഴ് സീറ്റ് ഉണ്ടായിരുന്ന എ ഐ എം ഐ എം 21 സീറ്റ് നേടി രണ്ടാമത്തെ കക്ഷിയായി. മുസ്ലിം ഭൂരിപക്ഷമുള്ള കൈത്തറി നഗരത്തില്‍, ശിവസേന (ഷിന്‍ഡെ) 18 സീറ്റ് നേടിയപ്പോള്‍, ബി ജെ പിക്ക് ലഭിച്ചത് രണ്ട് സീറ്റുകളാണ്. ആര്‍ എസ് എസ് കേന്ദ്ര ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍, തനിച്ചു മത്സരിച്ച മുസ്ലിം ലീഗ് നാല് സീറ്റ് നേടി.
മഹാരാഷ്ട്രയിലെ മുടിചൂടാമന്നന്മാരായ ശരദ് പവാറിന്റെ എന്‍ സി പിയെയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ സേനയെയും (എം എന്‍ എസ്) ഉവൈസിയുടെ പാര്‍ട്ടി അട്ടിമറി വിജയത്തിലൂടെ പിന്നിലാക്കി. ബി ജെ പിയുടെ ‘ബി ടീം’ എന്ന ഉവൈസിക്കെതിരായ ആരോപണം സാധാരണ വോട്ടര്‍മാര്‍ മുഖവിലക്കെടുത്തിട്ടില്ല. മഹാരാഷ്ട്രയിലെയും കഴിഞ്ഞ മാസം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെയും എ ഐ എം ഐ എമ്മിന്റെ വിജയം സൂചിപ്പിക്കുന്നത് അതാണ്. ഛത്രപതി സംഭാജിനഗര്‍, മാലേഗാവ്, അമരാവതി, നന്ദേഡ്, ധൂലെ, സോലാപൂര്‍, മുംബൈ, താനെ, ജല്‍ഗാവ്, ചന്ദ്രപൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പാര്‍ട്ടി ശക്തി തെളിയിച്ചു. 29 നഗരസഭകളില്‍ എ ഐ എം ഐ എം മത്സരിച്ചത് 24ല്‍ ആണ്. 13 മുനിസിപല്‍ കോര്‍പറേഷനുകളില്‍ പാര്‍ട്ടിയുടെ 125 കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, ശരദ് പവാറിന്റെ എന്‍ സി പിയും എം എന്‍ എസും ജയിച്ചത് യഥാക്രമം 36, 13 സീറ്റുകളിലാണ്. മൂന്ന് ദശകത്തോളം താക്കറെ കുടുംബത്തിന്റെ കൈവശമായിരുന്ന ബി എം സി നിലനിര്‍ത്തുന്നതിനായി വര്‍ഷങ്ങളായി അകന്നുകഴിയുന്ന എം എന്‍ എസ് നേതാവ് രാജ് താക്കറെയെ ഉദ്ധവ് താക്കറെ ഒപ്പം ചേര്‍ത്തെങ്കിലും വിജയിക്കാനായില്ല. ഇന്ത്യ മുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ്സിനെയും പവാര്‍ വിഭാഗം എന്‍ സി പിയെയും ഉദ്ധവ് താക്കറെ അകറ്റിനിര്‍ത്തി. മറ്റു നഗരസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുകയായിരുന്നു. അതുകൊണ്ട് മഹായുതി സഖ്യത്തിന്റെ വിജയം എളുപ്പമാക്കി. 14 നഗരസഭകളില്‍ വലിയ പാര്‍ട്ടി ബി ജെ പിയാണ്. നാല് നഗരസഭകളില്‍ കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ പാര്‍ട്ടി. മഹാരാഷ്ട്രയില്‍ ആദ്യമായി എ ഐ എം ഐ എം നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 2012ല്‍ നന്ദേഡ് മുനിസിപ്പല്‍ കോര്‍പറേഷനിലാണ്. 81 അംഗ മുനിസിപ്പല്‍ കോര്‍പറേഷനില്‍ പാര്‍ട്ടി അന്ന് 11 സീറ്റുകള്‍ നേടി.
മുസ്ലിം വോട്ട് ബേങ്കിനെ ലക്ഷ്യമാക്കി മത്സരത്തിനിറങ്ങിയ സമാജ്്വാദി പാര്‍ട്ടിയുടെ ഇത്തവണത്തെ പ്രകടനം ദയനീയമായിരുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിന്റെയും എന്‍ സി പിയുടെയും (ശരദ് പവാര്‍) സ്ഥാനാര്‍ഥികളെ എ ഐ എം ഐ എം പിന്നിലാക്കുകയുണ്ടായി. ശിവസേനയുടെ ഇരു വിഭാഗങ്ങളും പല വാര്‍ഡുകളിലും എ ഐ എം ഐ എമ്മിനേക്കാള്‍ പിന്നിലാണ്. മറാഠവാഡയിലും പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ ചില പ്രദേശങ്ങളിലും എ ഐ എം ഐ എം അടിത്തറ ശക്തിപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം മനസ്സിലാക്കേണ്ടത്, എ ഐ എം ഐ എമ്മിന്റെ സാന്നിധ്യം മതേതര പാര്‍ട്ടികളുടെ പരാജയത്തിനും ബി ജെ പി സഖ്യത്തിന്റെ വിജയത്തിനും കാരണമായിട്ടുണ്ടെന്നാണ്. മതേതര പാര്‍ട്ടികളുമായി സഹകരിക്കാന്‍ പാര്‍ട്ടി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, പ്രതികരിക്കാന്‍ പോലും മറ്റു പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല.
ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അഞ്ചിലധികം മുനിസിപല്‍ കോര്‍പറേഷനിലെങ്കിലും, എ ഐ എം ഐ എം നിര്‍ണായക ഘടകമാണ്. ബി എം സി ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെയുടെ ശിവസേന, ഏക്നാഥ് ഷിന്‍ഡെയുടെ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതോടൊപ്പം, ഉവൈസിയുടെ പാര്‍ട്ടിയുടെ പിന്തുണ കൂടി തേടിയാല്‍ അത്ഭുതപ്പെടാനില്ല.
കഴിഞ്ഞ മാസം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും എ ഐ എം ഐ എം നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രതിപക്ഷ മുന്നണിയില്‍ ചേര്‍ക്കണമെന്ന ആവശ്യവുമായി എ ഐ എം ഐ എം നേതാക്കള്‍ ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും സമീപിച്ചിരുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് നേരിട്ട അതേ സമീപനമാണ് ബിഹാറിലും ഉവൈസിയുടെ പാര്‍ട്ടി നേതാക്കള്‍ നേരിട്ടത്. തനിച്ച് മത്സരിച്ച എ ഐ എം ഐ എം ബിഹാറില്‍ ആറ് സീറ്റില്‍ വിജയിച്ചു. മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസ്സും അവിടെ ജയിച്ചത് ആറ് സീറ്റിലാണ്. പ്രസ്തുത കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ ജെ ഡി യുവില്‍ ചേര്‍ന്നത് മറ്റൊരു ദുരന്തകഥയാണ്.

