Connect with us

vazhivilakku

ശഅ്ബാന്‍: തിരുനബിയുടെ ഇഷ്ടമാസം

ധാരാളം നന്മകള്‍ ചെയ്ത് റമസാന്‍ അനുകൂലമാക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ പെട്ടെന്നൊരു ദിവസം തുടങ്ങേണ്ടതല്ല സുകൃതങ്ങള്‍. അതിനാലാണ് റജബ് പിറക്കുന്നതോടെ റമസാനെ സ്വീകരിക്കാന്‍ വാക്കിലും പ്രവൃത്തിയിലും വിശ്വാസിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നത്. ആ ഒരുക്കങ്ങള്‍ അതിന്റെ പാരമ്യതയിലെത്തേണ്ട സമയമാണ് ശഅ്ബാന്‍. നബി(സ)യുടെ അധ്യാപനങ്ങളും ജീവിതവും മുന്‍ഗാമികളുടെ മാതൃകകളും ഇക്കാര്യം അടിവരയിടുന്നുണ്ട്.

Published

|

Last Updated

ഇസ്‌ലാമിന്റെ കാഴ്ചപ്പാട് പ്രകാരം ഏറെ പ്രാധാന്യമുള്ള മാസമാണ് ശഅ്ബാന്‍. ഇബ്‌നു അസാക്കിര്‍ ഉദ്ധരിച്ച ഹദീസില്‍ ‘മറ്റു മാസങ്ങളേക്കാള്‍ ശഅ്ബാനുള്ള പ്രത്യേകത, മറ്റു അമ്പിയാക്കളേക്കാള്‍ എനിക്കുള്ളത് പോലെയാണെന്ന്’ നബി(സ) പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും ശഅ്ബാന് നബി(സ) ഇത്രയും പ്രാധാന്യം നല്‍കിയത്?

ശഅ്ബ എന്ന അറബി പദത്തിന് ഒരുമിച്ച് കൂട്ടുക എന്നര്‍ഥമുണ്ട്. ശഅ്ബാന്‍ മാസത്തിന് ആ പേര് വരാനുള്ള കാരണമെന്താണ് എന്ന സ്വഹാബികളുടെ ചോദ്യത്തിന്, ഈ മാസത്തില്‍ ധാരാളം ഖൈറുകള്‍ ഒരുമിച്ച് കൂട്ടും, അതിനാലാണ് എന്ന് നബി(സ) മറുപടി പറഞ്ഞിട്ടുണ്ട്. അനസ് ഇബ്‌നു മാലിക്(റ)വിന്റെ ഈ ഹദീസ് ഇമാം സുയൂഥി(റ) ഉദ്ധരിച്ചതായി കാണാം.

ശഅ്ബാനിന്റെ മഹത്വത്തെ വേണ്ട വിധത്തില്‍ ഉള്‍ക്കൊണ്ടില്ല എന്ന് തോന്നിപ്പിക്കുന്ന സമീപനമാണ് പൊതുവെ ജനങ്ങള്‍ക്കിടയില്‍ കണ്ടുവരുന്നത്. ധാരാളം നന്മകള്‍ ചെയ്ത് റമസാന്‍ അനുകൂലമാക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. എന്നാല്‍ പെട്ടെന്നൊരു ദിവസം തുടങ്ങേണ്ടതല്ല സുകൃതങ്ങള്‍. അതിനാലാണ് റജബ് പിറക്കുന്നതോടെ റമസാനെ സ്വീകരിക്കാന്‍ വാക്കിലും പ്രവൃത്തിയിലും വിശ്വാസിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നത്. ആ ഒരുക്കങ്ങള്‍ അതിന്റെ പാരമ്യതയിലെത്തേണ്ട സമയമാണ് ശഅ്ബാന്‍. നബി(സ)യുടെ അധ്യാപനങ്ങളും ജീവിതവും മുന്‍ഗാമികളുടെ മാതൃകകളും ഇക്കാര്യം അടിവരയിടുന്നുണ്ട്.

നബി(സ) പറഞ്ഞു, റജബിന്റെയും റമസാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാന്‍. ജനങ്ങള്‍ അതില്‍ അശ്രദ്ധരാകുന്നു. ശഅ്ബാനിലാണ് അടിമകളുടെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്റെ അമലുകള്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റമസാനിലെ നോമ്പിനു വേണ്ടി ശഅ്ബാനിലെ നോമ്പ് കൊണ്ട് നിങ്ങള്‍ ശരീരങ്ങളെ ശുദ്ധീകരിക്കുക എന്നും നബി(സ) ഉപദേശിക്കുന്നുണ്ട്.

ശഅ്ബാന്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ സ്വഹാബികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ വ്യാപൃതരാകുകയും റമസാന് ആവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്യുമായിരുന്നു എന്ന് അനസ് ബ്‌നു മാലിക്(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. കച്ചവടക്കാരനായിരുന്ന അംറ് ബ്‌നു ഖൈസ്(റ) ശഅ്ബാന്‍, റമസാന്‍ മാസങ്ങളില്‍ കടയടച്ച് ഖുര്‍ആന്‍ പാരായണത്തിനായി ഒഴിഞ്ഞിരിക്കുമായിരുന്നു. ഭരണാധികാരികള്‍ വിചാരണത്തടവുകാരായി കഴിയുന്നവരെ വിളിച്ചുവരുത്തി അവരുടെ ശിക്ഷ നടപ്പാക്കുകയോ വെറുതെ വിടുകയോ ചെയ്ത് ബാധ്യതകളില്‍ നിന്ന് ഒഴിവാക്കുമായിരുന്നു. അതുപോലെ കച്ചവടക്കാര്‍ കൊടുക്കാനുള്ളത് കൊടുത്തും വാങ്ങാനുള്ളത് വാങ്ങിയും അവരുടെ കണക്കുകള്‍ തീര്‍ക്കാറുണ്ടായിരുന്നു എന്നും ഗുന്‍യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ മാനസികവും ശാരീരികവുമായ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയും ബാധ്യതകള്‍ തീര്‍ത്തുമാണ് സയ്യിദുശുഹൂറിലേക്ക് (റമസാന്‍) ചുവടുവെക്കേണ്ടത്. അതിനുള്ള അവസാന സമയമാണ് ശഅ്ബാനിലെ ദിനരാത്രങ്ങള്‍.

നബി(സ)ക്ക് ഏറ്റവും ഇഷ്ടമുള്ള മാസമായിരുന്നു ശഅ്ബാന്‍ എന്ന് ആഇശ(റ) പറയുന്നുണ്ട്. ശഅ്ബാനില്‍ അവിടുന്ന് ധാരാളമായി നോമ്പനുഷ്ഠിക്കാറുമുണ്ടായിരുന്നു. ബീവി പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍(സ) റമസാന്‍ മാസത്തിലല്ലാതെ ഒരു മാസവും പൂര്‍ണമായി നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅ്ബാന്‍ മാസത്തിലല്ലാതെ മറ്റൊരു മാസത്തിലും അവിടുന്ന് ഇത്രയധികം നോമ്പെടുക്കുന്നതായും ഞാന്‍ കണ്ടിട്ടില്ല.’ (ബുഖാരി, മുസ്‌ലിം). റമസാനിലേക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ശഅ്ബാനിലെ ഈ അധിക നോമ്പുകളെ കാണുന്നത്.

നബി(സ)ക്ക് ഏറെ ഇഷ്ടമുള്ള മാസമായിരുന്നു ശഅ്ബാന്‍ എന്നതും ശ്രദ്ധേയമാണ്. ശഅ്ബാന്‍ എന്റെ മാസമാണ് എന്ന ഹദീസ് പ്രസിദ്ധമാണല്ലോ. നബി(സ) ജനിച്ചതും പ്രവാചകത്വം ലഭിച്ചതുമൊന്നും ഈ മാസത്തിലല്ല. എന്നിട്ടും ‘എന്റെ മാസം’ എന്ന് ചേര്‍ത്ത് പറയാനുണ്ടായ കാരണം സ്വലാത്ത് ചൊല്ലാന്‍ കല്‍പ്പിക്കുന്ന സൂറത്തുല്‍ അഹ്‌സാബിലെ ‘തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും അവിടുത്തെ മേല്‍ സ്വലാത്ത് ചൊല്ലുകയും സലാം ചൊല്ലി അഭിവാദ്യം ചെയ്യുകയും ചെയ്യുവിന്‍’ എന്നര്‍ഥം വരുന്ന സൂക്തം അവതരിച്ചതിനാലാണ് എന്ന് പണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നബി(സ)യുടെ ആഗ്രഹം പോലെ, ഖിബ്‌ല ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് കഅ്ബയിലേക്ക് മാറ്റി ക്രമീകരിച്ചതും ശഅ്ബാനിലാണ്. ചുരുക്കത്തില്‍ തിരുനബിയുടെ ഇഷ്ടങ്ങളുടെ രംഗഭൂമിയാണ് ശഅ്ബാന്‍. അതിനാല്‍ ശഅ്ബാന്റെ സുകൃതങ്ങള്‍ പാനം ചെയ്യാം. അവിടുത്തെ ഇഷ്ട മാസം നമ്മുടേതുമാകട്ടെ.

 

Latest