Connect with us

International

അഭയം തേടി ഇറാൻ ദേശീയ വനിതാ ഫുട്ബോൾ താരങ്ങൾ; മാനുഷിക വിസ നൽകി സ്വീകരിച്ച് ഓസ്ട്രേലിയ

ടീമിനെ തിരിച്ചയക്കുന്നത് ഓസ്‌ട്രേലിയ ചെയ്യുന്ന വലിയ മാനുഷിക പിഴവായിരിക്കുമെന്നും തിരിച്ചെത്തിയാൽ താരങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Published

|

Last Updated

ക്വീൻസ്‌ലാന്റിൽ മാനുഷിക വിസ ലഭിച്ച ഇറാനിയൻ വനിതാ ഫുട്‌ബോൾ ടീമിലെ അഞ്ച് താരങ്ങൾ ക്വീൻസ്‌ലാന്റിൽ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കിനൊപ്പം

സിഡ്‌നി/വാഷിംഗ്ടൺ | ഏഷ്യൻ കപ്പ് ടൂർണമെന്റിനായി ഓസ്‌ട്രേലിയയിലെത്തിയ ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീമിലെ അഞ്ച് അംഗങ്ങൾക്ക് ഓസ്‌ട്രേലിയ മാനുഷിക വിസ അനുവദിച്ചു. സ്വന്തം രാജ്യത്ത് തിരിച്ചെത്തിയാൽ നേരിടേണ്ടി വന്നേക്കാവുന്ന പീഡനങ്ങളെ ഭയന്ന് താരങ്ങൾ രാഷ്ട്രീയ അഭയം തേടിയതിനെത്തുടർന്നാണ് നടപടി. ഗോൾഡ് കോസ്റ്റിലെ ഹോട്ടലിൽ കഴിയുന്ന മറ്റ് ടീം അംഗങ്ങൾക്കും സഹായം ലഭ്യമാണെന്നും എന്നാൽ അത് സ്വീകരിക്കാനുള്ള തീരുമാനം അവരുടേതാണെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വ്യക്തമാക്കി.

ടീമിനെ തിരിച്ചയക്കുന്നത് ഓസ്‌ട്രേലിയ ചെയ്യുന്ന വലിയ മാനുഷിക പിഴവായിരിക്കുമെന്നും തിരിച്ചെത്തിയാൽ താരങ്ങൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തുടർന്ന് ആന്റണി ആൽബനീസുമായി ട്രംപ് ഫോണിൽ സംസാരിക്കുകയും ചെയ്തു. അഞ്ച് പേരുടെ കാര്യത്തിൽ തീരുമാനമായെന്നും ബാക്കിയുള്ളവർ അഭയം തേടുന്ന പാതയിലാണെന്നും ട്രംപ് പിന്നീട് അറിയിച്ചു. എന്നാൽ തങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ ചില താരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി അവസാനം ഇറാനിൽ യുഎസും ഇസ്റാഈലും വ്യോമാക്രമണം ആരംഭിച്ച സമയത്താണ് ഏഷ്യൻ കപ്പ് ടൂർണമെന്റ് നടന്നത്. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫിലിപ്പീൻസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട് ഇറാൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെ അഞ്ച് താരങ്ങൾ രഹസ്യമായി ഹോട്ടലിൽ നിന്ന് ഓസ്‌ട്രേലിയൻ പോലീസിന്റെ സഹായത്തോടെ മാറുകയായിരുന്നു. ധീരരായ ഈ വനിതകളുടെ അവസ്ഥയിൽ ഓസ്‌ട്രേലിയൻ ജനതയ്ക്ക് സഹതാപമുണ്ടെന്നും അവർ ഇവിടെ സുരക്ഷിതരായിരിക്കുമെന്നും കാൻബറയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ആൽബനീസ് പറഞ്ഞു.

Summary

Australia has granted humanitarian visas to five players of the Iranian women’s soccer team who sought asylum during the Asian Cup tournament, fearing persecution in Iran. The decision followed a discussion between Australian PM Anthony Albanese and US President Donald Trump, who warned that the players could face severe consequences if forced to return. While some players remain in a hotel on the Gold Coast considering their options, concerns persist regarding the safety of their families back home.

---- facebook comment plugin here -----

Latest