Connect with us

Uae

യു എ ഇ: സ്‌കൂളുകൾ പരീക്ഷകൾ പൂർത്തിയാക്കി വസന്തകാല അവധിയിലേക്ക്

പുതിയ അധ്യയനവർഷം ഏപ്രിലിൽ

Published

|

Last Updated

ദുബൈ| യു എ ഇയിലെ ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന സ്‌കൂളുകൾ അധ്യയന വർഷം നേരത്തെ അവസാനിപ്പിച്ച് വിദ്യാർഥികൾ വസന്തകാല അവധിയിലേക്ക് പ്രവേശിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അക്കാദമിക് കലണ്ടറുകളിൽ മാറ്റം വരുത്തിയാണ് ഈ തീരുമാനം. പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂളുകൾ. പരീക്ഷകളും ഫലപ്രഖ്യാപനവും കൃത്യസമയത്ത് തന്നെ നടക്കുമെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ഉറപ്പുനൽകി.

മിക്ക സ്ഥാപനങ്ങളും ഇന്നലത്തോടെ പരീക്ഷകൾ പൂർത്തിയാക്കി. സംഘർഷം ആരംഭിച്ച ശേഷം പരീക്ഷകൾ ഓൺലൈൻ വഴിയാണ് നടത്തിയത്. ഫലങ്ങൾ തയ്യാറാക്കുന്നതിനായി അധ്യാപകർ ജോലി തുടരും. മാർച്ച് 30 വരെ നീണ്ടുനിൽക്കുന്ന വസന്തകാല അവധിക്ക് ശേഷം പുതിയ അധ്യയന വർഷം ആരംഭിക്കും. ഏതെങ്കിലും കാരണവശാൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി മാർച്ച് 23 മുതൽ റീ-ടെസ്റ്റുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അധ്യയന വർഷം നേരത്തെ അവസാനിച്ചെങ്കിലും വിദ്യാർത്ഥികളുടെ പഠനത്തെ ഇത് ബാധിക്കില്ലെന്നും പുതിയ അധ്യയന വർഷം കൃത്യസമയത്ത് തന്നെ തുടങ്ങുമെന്നും സ്‌കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. 10, 12 ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ ഓൺലൈൻ വഴി നടത്താനും സ്‌കൂളുകൾ പദ്ധതിയിട്ടിട്ടുണ്ട്.

 

---- facebook comment plugin here -----

Latest