articles
നിയമം അട്ടിമറിക്കുന്ന ആരോഗ്യ കേരളം
സംസ്ഥാനത്തിന്റെ പൊതുവായ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം 2010ലെ കേന്ദ്ര ആക്ടിന്റെ ചുവട് പിടിച്ചാണ് കേരളത്തില്‍ നടപ്പാക്കിയത്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന നല്ല ലക്ഷ്യത്തില്‍ തുടങ്ങിയ നിയമം കേരളത്തിന്റെ ആരോഗ്യ സംരക്ഷണം തന്നെ അട്ടിമറിക്കുമോ എന്ന ആശങ്കയാണ് വ്യാപകമായി ഉയര്‍ന്നു വരുന്നത്. നിയമത്തിന്റെ അകവും പുറവും ചട്ടവും വന്‍കിട സൗഹൃദവും ചെറുകിടക്കാരുടെ കഴുത്ത് ഞെരിക്കുന്നതാണ്.
തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ കേരളത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെട്ടത് 2018ലാണ്. വലിയ തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു അത്. മലയാളികള്‍ കുറ്റബോധം കൊണ്ട് തലകുനിച്ച സംഭവത്തില്‍ അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ മുരുകന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞു. ഈ സംഭവത്തിനു ശേഷമാണ് സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനത്തോടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നത്. കേരളത്തില്‍ ഇനി ഒരാള്‍ക്കും ചികിത്സ മുടങ്ങുകയോ ചികിത്സാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ ചെയ്യില്ല എന്നായിരുന്നു ബില്ല് അവതരിപ്പിച്ചു കൊണ്ട് അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ചത്. ഓരോ കേരളീയനും ഹൃദയത്തില്‍ ഏറ്റുവാങ്ങിയ വാക്കുകള്‍. 2018ലാണ് ബില്ല് അവതരിപ്പിച്ചതെങ്കിലും കൊവിഡ് ഉള്‍പ്പെടെ പല കാരണങ്ങള്‍ കൊണ്ട് നിയമം പൂര്‍ണമായി നടപ്പാക്കാന്‍ സമയമെടുത്തു. അവസാനം കഴിഞ്ഞ ദിവസം ഹൈക്കോടതി നിയമത്തിന് പച്ചക്കൊടി വീശി. വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഉത്തരവിട്ടത്.
സംസ്ഥാനത്തിന്റെ പൊതുവായ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്നിയമം 2010ലെ കേന്ദ്ര ആക്ടിന്റെ ചുവട് പിടിച്ചാണ് കേരളത്തില്‍ നടപ്പാക്കിയത്. ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന നല്ല ലക്ഷ്യത്തില്‍ തുടങ്ങിയ നിയമം കേരളത്തിന്റെ ആരോഗ്യ സംരക്ഷണം തന്നെ അട്ടിമറിക്കുമോ എന്ന ആശങ്കയാണ് വ്യാപകമായി ഉയര്‍ന്നു വരുന്നത്. നിയമത്തിന്റെ അകവും പുറവും ചട്ടവും വന്‍കിട സൗഹൃദവും ചെറുകിടക്കാരുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കുന്നതാണ്. തുടര്‍ച്ചയായ നേട്ടങ്ങളിലൂടെ ആരോഗ്യം നേടിയ കേരളത്തെ ഒരൊറ്റ നിയമം കൊണ്ട് തകര്‍ത്തു കളയുമെങ്കില്‍ നിയമത്തില്‍ സമഗ്രമായ അഴിച്ചുപണി വേണ്ടി വരും. കേരളത്തിന്റെ ആരോഗ്യ സൂചികയുടെ അഭിമാനവും നമ്പര്‍ വണ്‍ പട്ടവും സംരക്ഷിക്കണമെങ്കില്‍ ഈ നിയമത്തില്‍ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുമായി ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കാവുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിര്‍ണയിക്കുകയെന്ന ലക്ഷ്യത്തോടെ അവയുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം.
അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ മേഖലകളിലുമായി ആശുപത്രി, നഴ്‌സിംഗ് ഹോം, ഡിസ്‌പെന്‍സറി, ക്ലിനിക്ക്, വിവിധ പരിശോധനകള്‍ നടത്തുന്ന ലബോറട്ടറികള്‍ എന്നിവയെല്ലാം നിയമത്തിന്റെ ഭാഗമായി നിയന്ത്രിക്കപ്പെടും എന്നാണ് നിര്‍വചനം. എന്നാല്‍ നിയന്ത്രണമല്ല കുറെയേറെ സ്ഥാപനങ്ങള്‍ നീക്കം ചെയ്യാനാണ് ഇത് വഴിവെക്കുന്നത്. നിയമത്തിന്റെ ഉള്ളടക്കവും ഉള്ളും പുറവും വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. ഈ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളെല്ലാം അപ്രത്യക്ഷമാകും. കേരളത്തിന്റെ അകവും അരികും ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്തിയത് ഗ്രാമങ്ങളില്‍ പോലും പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളാണ്. ഇവയെല്ലാം അടച്ചു പൂട്ടാനിരിക്കുകയാണ്.
1980 മുതല്‍ കേരളത്തിന്റെ ആരോഗ്യ പരിപാലനത്തില്‍ സുപ്രധാനമായ പങ്കാണ് ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും കൂടെ പാരാമെഡിക്കല്‍ സ്ഥാപനങ്ങളും വഹിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ കിടത്തിച്ചികിത്സയും പ്രസവ പരിചരണവും പട്ടണങ്ങളില്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളത്തിന്റെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഈ ചികിത്സകള്‍ക്ക് സൗകര്യമൊരുക്കിയത് സ്വകാര്യ മേഖലയിലെ ചെറുകിടക്കാരാണ്. സാധാരണക്കാരന്റെ പോക്കറ്റിനു താങ്ങാന്‍ കഴിയുന്നതാണ് ഇവിടുത്തെ ഫീസ് നിരക്കുകള്‍. കൂലി മുഴുവന്‍ ഡോക്ടറുടെ ഫീസായി ഇവിടെ നല്‍കേണ്ടി വരാറില്ല, ഒരു ദിവസം മുഴുവന്‍ കാത്തുനിന്ന് മുഷിയേണ്ട കാര്യവും ഇവിടെയില്ല. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കൂടെയുണ്ടാകുന്ന ഇവര്‍ ശരിക്കും കുടുംബ ഡോക്ടര്‍മാര്‍ തന്നെയാണ്. ഇത്തരം സ്ഥാപനങ്ങള്‍ അന്യംനില്‍ക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വലിയ നഷ്ടമായിരിക്കും. ഇതിനകം ആയിരത്തില്‍പ്പരം ചെറുകിട ആശുപത്രികള്‍ പൂട്ടിക്കഴിഞ്ഞു. വന്‍കിട ആശുപത്രികള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്നിയമത്തിലെ മിനിമം നിലവാരം ചെറുകിടക്കാര്‍ക്കും അടിച്ചേല്‍പ്പിക്കുമ്പോള്‍ നഷ്ടം മലയാളികള്‍ക്ക് തന്നെയാണ്.
ആരോഗ്യകേരളം വളരെ വേഗത്തിലാണ് കോര്‍പറേറ്റുകള്‍ വിഴുങ്ങുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മൂന്ന് പ്രമുഖ ആശുപത്രി ശൃംഖലകള്‍ വിദേശ ഇന്‍വെസ്റ്റ് കമ്പനികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇനിയും ഏറ്റെടുക്കലുകള്‍ നടക്കാനിരിക്കുന്നു. ആയിരക്കണക്കിനു കോടികളുടെ വിദേശ നിക്ഷേപത്തെ നമുക്ക് സ്വാഗതം ചെയ്യാം, എന്നാല്‍ നാളത്തെ കേരളത്തെ ഗൗരവത്തോടെ നാം സമീപിക്കേണ്ടി വരും. കോര്‍പറേറ്റുകളെ സഹായിക്കുന്ന അപകടകരമായ ചില വിട്ടുവീഴ്ചകള്‍ ബില്ലിന്റെ ഉള്ളടക്കത്തിന്റെ ഭാഗമാകുന്നത് പാരാമെഡിക്കല്‍ മേഖലയിലും കാണുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ലാബുകള്‍ക്ക് നിശ്ചിത സ്ഥലപരിധി നിര്‍ബന്ധമാക്കുമ്പോള്‍ കോര്‍പറേറ്റ് ലാബുകളുടെ കലക്്ഷന്‍ സെന്ററുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത് അപകടകരമാണ്. ലെവല്‍ ഒന്ന് ലാബുകള്‍ക്ക് 300 സ്‌ക്വയര്‍ ഫീറ്റ് സ്ഥല പരിധി വേണമെന്ന നിര്‍ബന്ധമുള്ളപ്പോള്‍ വന്‍കിട കോര്‍പറേറ്റ് ലാബുകളുടെ കലക്്ഷന്‍ സെന്ററുകള്‍ ഒരു നിയന്ത്രണവുമില്ലാതെ എവിടെയും തുടങ്ങാന്‍ കഴിയും എന്നത് ദുരൂഹമാണ്. കേരളത്തിന്റെ പാരാമെഡിക്കല്‍ മേഖല കോര്‍പറേറ്റുകള്‍ക്ക് സമ്പൂര്‍ണമായി തുറന്നു കൊടുക്കാന്‍ ഇത് വഴിവെക്കുമെന്നുറപ്പാണ്.
ഈ നിയമത്തിന്റെ ഭാഗമായി നിശ്ചിത നിലവാരം പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ചവര്‍ പരിശോധന നടത്തിയതിന് അവര്‍ക്ക് ഫീസ് നല്‍കണമെന്ന വിചിത്രമായ തീരുമാനവും ഈ നിയമത്തെ വ്യത്യസ്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. അതിന്റെ ചെലവ് ഉടമകളുടെ തലയില്‍ കെട്ടിവെക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയുന്നതാണോ?
ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന നമ്മുടെ നാട്ടില്‍ ഒരു പരിധി വരെ സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയമാകുന്നത് ഗ്രാമങ്ങളില്‍ പോലും സുലഭമായ ലബോറട്ടറികളാണ്.
അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി ലാബുകളില്‍ രക്തം നല്‍കി ജോലിക്ക് പോകുന്നവര്‍ തിരിച്ചെത്തി പരിശോധനാ ഫലത്തിനനുസരിച്ച് ഭക്ഷണം ക്രമീകരിച്ച് മുന്നോട്ട് പോകുന്നത് ഒരു ശരാശരി മലയാളിയുടെ ജീവിത ക്രമമാണ്. ഗ്രാമങ്ങളിലെ ലാബുകള്‍ അടച്ചു പൂട്ടി നഗരങ്ങളിലെ വന്‍കിടക്കാര്‍ പിടിമുറുക്കുമ്പോള്‍ മലയാളിയുടെ ജീവിതതാളം തന്നെയാണ് തെറ്റിപ്പോകുന്നത്.
കേരളത്തിന്റെ ആരോഗ്യ മേഖലക്ക് അടിത്തറയിട്ട 1995ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലെ സെക്്ഷന്‍ ആറ് അനുസരിച്ച് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജോലി ചെയ്തു കൊണ്ടിരിക്കുന്ന ജീവനക്കാര്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന രജിസ്‌ട്രേഷന്‍ ഓഫ് അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷനല്‍സ് റെഗുലേഷന്‍സ് 2025 ബില്ലിലും നിലവിലുള്ളവരെ സംരക്ഷിക്കാന്‍ വ്യവസ്ഥകളുണ്ട്.
സ്വാഭാവിക നീതിയും നിയമ നിര്‍മാണങ്ങളിലെ രീതിയും ഇതു തന്നെയാണ്. എന്നാല്‍ കേരളം കൊണ്ടുവന്ന നിയമത്തില്‍ ഇതൊന്നുമില്ല. ഒരു ഉപാധികളുമില്ലാതെ നിലവിലുള്ളവരെ തുടച്ചു നീക്കി വന്‍കിട മുതലാളിമാര്‍ക്ക് അവസരമൊരുക്കുകയാണിവിടെ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്നിയമം സമ്പൂര്‍ണമായി നടപ്പാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ സംസ്ഥാനത്ത് നടക്കുകയാണ്. നിയമം പൂര്‍ണമാകുന്നതോടെ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വന്‍കിടക്കാര്‍ മാത്രമാകും അവശേഷിക്കുക. ചികിത്സാ രീതിയിലെ മലയാളിയുടെ ശീലങ്ങളെല്ലാം ഇനി മാറും. ചെലവേറിയ പുതിയ രീതികള്‍ സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകും. ആരോഗ്യ മേഖലയിലെ ചെറുതും വലുതുമായ മുഴുവന്‍ സംഘടനകളും നിയമത്തിനെതിരാണ്. നിയമത്തിലെയും നിയമത്തിന്റെ ഭാഗമായ മിനിമം നിലവാരത്തിലെയും അപാകതകളും അശാസ്ത്രീയതയും പരിഹരിക്കണമെന്നാണ് ആവശ്യം.
അടിമുടി വന്‍കിടക്കാരെ സഹായിക്കുന്ന നിയമത്തില്‍ നിലവിലുള്ളവരെ സംരക്ഷിക്കാനെങ്കിലും നടപടി വേണമെന്ന് മലയാളി ആഗ്രഹിക്കുന്നത് ന്യായമാണ്. ഈ നിയമം വഴി കേരളത്തിന്റെ നേട്ടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് ഗുണകരമാകുന്നതെങ്കില്‍ തൊഴിലാളിപക്ഷ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ തിരുത്തുന്നതാണ് ഉചിതം. ഐ എം എയും ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസ്സോസിയേഷനും നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. പാരാമെഡിക്കല്‍ മേഖലയിലെ സംഘടനകള്‍ കേരള പാരാമെഡിക്കല്‍ കോഒാര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരത്തിലാണ്. കേരളം ഒട്ടും ആഗ്രഹിക്കാത്ത കോര്‍പറേറ്റ് രീതികള്‍ നമ്മുടെ ആരോഗ്യ കേരളത്തെ അട്ടിമറിക്കുമെങ്കില്‍ തിരുത്തലുകള്‍ ഉണ്ടാക്കണം. കേരളം ആരോഗ്യത്തോടെ തലയുയര്‍ത്തി നില്‍ക്കട്ടെ.




