Editors Pick
നല്ല കൊളസ്ട്രോൾ ഹൃദയത്തിന്റെ സംരക്ഷകൻ; വർധിപ്പിക്കാൻ അഞ്ച് വഴികൾ
ഇന്ത്യക്കാരിൽ ഹൃദ്രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എച്ച് ഡി എൽ. നില മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോക്ടർ പ്രവീൺ ചന്ദ്ര
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ‘നല്ല കൊളസ്ട്രോളിനെ’ (എച്ച് ഡി എൽ.) പലപ്പോഴും നമ്മൾ വേണ്ടവിധം ഗൗനിക്കാറില്ല. ഇന്ത്യക്കാരിൽ ഹൃദ്രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എച്ച് ഡി എൽ. നില മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോക്ടർ പ്രവീൺ ചന്ദ്ര. മരുന്നുകളേക്കാൾ ജീവിതശൈലിയിലെ മാറ്റങ്ങളാണ് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
എന്താണ് എച്ച് ഡി എൽ?
രക്തധമനികളിലെ ക്ലീനറായിട്ടാണ് എച്ച് ഡി എൽ. പ്രവർത്തിക്കുന്നത്. ഇത് രക്തത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യുകയും ധമനികളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. എച്ച് ഡി എൽ. 40 ൽ താഴെയാകുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ചും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ളവർക്ക് ജനിതകപരമായ കാരണങ്ങളാൽ ഇതിൽ അതീവ ശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർ പറയുന്നു.
നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ഫലപ്രദമായ ഗുളികകൾ നിലവിലില്ല. നാം എന്ത് കഴിക്കുന്നു, എത്രത്തോളം ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ അളവ്.
നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ അഞ്ച് വഴികൾ
പുകവലി ഉപേക്ഷിക്കുക: പുകവലി എച്ച് ഡി എൽ. നില കുറയ്ക്കുന്നു. പുകവലി നിർത്തുന്നതിലൂടെ സ്വാഭാവികമായും നല്ല കൊളസ്ട്രോൾ വർധിക്കും.
സമീകൃതാഹാരം: പുതിയ പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവും പൂർണ്ണമായും ഒഴിവാക്കണം.
ദിവസവും വ്യായാമം: ദിവസേന കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശീലമാക്കുക. ഇത് എച്ച് ഡി എൽ. അഞ്ച് മുതൽ പത്ത് പോയിന്റ് വരെ വർധിപ്പിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഉത്തമമായ ഭക്ഷണങ്ങൾ: ഓട്‌സ്, ബദാം, വാൽനട്ട് തുടങ്ങിയ നട്‌സുകൾ, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, അവോക്കാഡോ, കൊഴുപ്പുള്ള മത്സ്യങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കാർബോഹൈഡ്രേറ്റ് നിയന്ത്രിക്കുക: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുന്നതും പാലുൽപ്പന്നങ്ങൾ മിതമായി ഉപയോഗിക്കുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കും.
ഇന്ത്യക്കാരുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങൾ ചീത്ത കൊളസ്ട്രോൾ വർധിക്കാനും നല്ല കൊളസ്ട്രോൾ കുറയാനും കാരണമാകുന്നുണ്ട്. കൃത്യമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഹൃദയത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ നമുക്ക് സാധിക്കുമെന്ന് ഡോക്ടർ പ്രവീൺ ചന്ദ്ര ഓർമ്മിപ്പിക്കുന്നു.




