National
ട്വന്റി 20 ലോകകപ്പ്: മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം തള്ളി
ബോർഡിലെ 12 അംഗങ്ങളിൽ 10 പേരും ഷെഡ്യൂളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തു
ദുബൈ | ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ബുധനാഴ്ച ചേർന്ന ഐ സി സി. എമർജൻസി ബോർഡ് മീറ്റിംഗിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ബോർഡിലെ 12 അംഗങ്ങളിൽ 10 പേരും ഷെഡ്യൂളിൽ മാറ്റം വരുത്തുന്നതിനെ എതിർത്തു. ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിൽക്കുകയാണെങ്കിൽ അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയേക്കും.
തീരുമാനത്തോട് പ്രതികരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐ സി സി 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. ഐ പി എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി സി ബി. ഐ സി സിയെ സമീപിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ മത്സരങ്ങൾ അയർലൻഡുമായി വെച്ചുമാറണമെന്നും അതുവഴി ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ട് ശ്രീലങ്കയിൽ കളിക്കാമെന്നുമുള്ള ബംഗ്ലാദേശിന്റെ നിർദ്ദേശവും ഐ സി സി. അംഗീകരിച്ചില്ല. ഒറിജിനൽ ഷെഡ്യൂളിൽ മാറ്റമില്ലെന്ന് ഐ സി സി. വ്യക്തമാക്കിയതോടെ ഇന്ത്യയിൽ കളിക്കാൻ തയ്യാറായില്ലെങ്കിൽ ബംഗ്ലാദേശിന് ലോകകപ്പിൽ നിന്ന് പുറത്തുപോകേണ്ടി വരും.
ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്‌ലൻഡ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഐ സി സി. ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. ലോകകപ്പിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ബംഗ്ലാദേശ് നാളെ അന്തിമ തീരുമാനം അറിയിക്കും.




