Kerala
നീലേശ്വരം റെയില്‍വേ സ്റ്റേഷനോട് അവഗണന; വികസന ആവശ്യങ്ങളുന്നയിച്ച് എം പിക്ക് നിവേദനം നല്‍കി ജനകീയ കൂട്ടായ്മ
'നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ' രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് വിശദമായ നിവേദനം സമര്‍പ്പിച്ചു.
നീലേശ്വരം | കാസര്‍കോട് ജില്ലയിലെ പ്രധാന റെയില്‍വേ കേന്ദ്രങ്ങളിലൊന്നായ നീലേശ്വരം സ്റ്റേഷന്റെ വികസന മുരടിപ്പിനും അവഗണനക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു. റെയില്‍വേയുടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്തെ അവഗണിക്കുന്ന നയത്തിനെതിരെ ‘നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ’ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിക്ക് വിശദമായ നിവേദനം സമര്‍പ്പിച്ചു.
രാജ്യത്തെ പ്രധാന സ്റ്റേഷനുകളെ നവീകരിക്കുന്ന ‘അമൃത് ഭാരത് സ്റ്റേഷന്‍’ പദ്ധതിയില്‍ നീലേശ്വരത്തെ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ പ്ലാറ്റ്ഫോമുകളുടെയും മറ്റും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു ആധുനിക സ്റ്റേഷന് വേണ്ട എസ്‌കലേറ്ററുകള്‍, ലിഫ്റ്റ് സൗകര്യങ്ങള്‍, വിപുലമായ റിസര്‍വേഷന്‍ കൗണ്ടറുകള്‍ എന്നിവയുടെ അഭാവമുണ്ട്. ഇവ പ്രാവര്‍ത്തികമാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഷന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി പുതിയ റോഡും കെട്ടിടവും നിര്‍മിച്ച് ദേശീയപാത 66-ലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കണമെന്നും റെയില്‍വേയുടെ കൈവശമുള്ള 20 ഏക്കറോളം ഭൂമി ഇതിനായി പ്രയോജനപ്പെടുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
നീലേശ്വരത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ മംഗളൂരു-ചെന്നൈ മെയിലിന്റെ (12601/12602) സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന ഈ ട്രെയിന്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കിയത് നൂറുകണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്.
അമൃത് ഭാരത് എക്‌സ്പ്രസ്സ്: നാഗര്‍കോവില്‍-മംഗളൂരു ജംഗ്ഷന്‍ (16329/16330), കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെ സ്റ്റോപ്പുകള്‍ കുറവാണ്. അതിനാല്‍ നിലവില്‍ യാത്രക്കാര്‍ കുറവുള്ള ഈ ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് നല്‍കിയാല്‍ വരുമാനം ഇരട്ടിയാകും. ഓഖ-എറണാകുളം, വെരാവല്‍-തിരുവനന്തപുരം, പൂര്‍ണ എക്‌സ്പ്രസ്സ്, രാമേശ്വരം വീക്കിലി എക്‌സ്പ്രസ്സ് തുടങ്ങിയ വണ്ടികള്‍ക്കും സ്റ്റോപ്പ് വേണം.
നീലേശ്വരം നഗരസഭയെ കൂടാതെ മടിക്കൈ, കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, പടന്ന എന്നീ പഞ്ചായത്തുകളിലെ രണ്ട് ലക്ഷത്തോളം ജനങ്ങളുടെ പ്രധാന ആശ്രയമാണ് ഈ സ്റ്റേഷന്‍. മംഗളൂരുവിലെ വിദ്യാഭ്യാസ-ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും പുതിയ സ്റ്റോപ്പുകള്‍ വലിയ ആശ്വാസമാകും. ഉത്തര മലബാറിലെ പ്രധാന ആരാധനാലയമായ മന്നംപുറത്ത് കാവിലെത്തുന്ന ഭക്തര്‍ക്കും റെയില്‍വേയുടെ അവഗണന തിരിച്ചടിയാവുന്നുണ്ട്.
വികസന സാധ്യതകള്‍
കണ്ണൂര്‍-കാസര്‍കോട് സെക്ഷനിലെ സ്ലീപ്പര്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന നീലേശ്വരത്ത് കൂടുതല്‍ ട്രാക്കുകള്‍ നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. മംഗളൂരു സ്റ്റേഷനിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് കാസര്‍കോട് ജില്ലയിലേക്ക് നീട്ടുകയും നീലേശ്വരത്തെ ഹാള്‍ട്ടിംഗ് സ്റ്റേഷനായി ഉപയോഗപ്പെടുത്തുകയും ചെയ്യാമെന്നും നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നീലേശ്വരത്ത് അനുവദിച്ച എല്ലാ പരീക്ഷണാടിസ്ഥാനത്തിലുള്ള സ്റ്റോപ്പുകളും വലിയ വിജയമായതും വരുമാനം വര്‍ധിച്ചതും ചൂണ്ടിക്കാട്ടി, പുതിയ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം പി ഉറപ്പുനല്‍കി.



