Kerala
ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിലിന് കോടതി പിരിയും വരെ നില്‍ക്കാന്‍ ശിക്ഷ; പിഴയും
1000 രൂപ പിഴ. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ കോടതിയിലെത്തുന്നതില്‍ നിരന്തരം വീഴ്ച വരുത്തിയ ഷാഫിക്കെതിരെ കഴിഞ്ഞാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പാലക്കാട് | പാലക്കാട് ദേശീയപാത ഉപരോധ കേസില്‍ വടകര എം പി ഷാഫി പറമ്പിലിന് മണിക്കൂറുകള്‍ കോടതിയില്‍ നില്‍ക്കണമെന്ന ശിക്ഷ വിധിച്ച് കോടതി. കോടതി പിരിയും വരെയാണ് നില്‍ക്കേണ്ടത്. 1000 രൂപ പിഴയും അടയ്ക്കണം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ കോടതിയിലെത്തുന്നതില്‍ നിരന്തരം വീഴ്ച വരുത്തിയ ഷാഫിക്കെതിരെ കഴിഞ്ഞാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിലെ ഒമ്പതാം പ്രതിയും സംഭവ സമയത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായിരുന്ന പി സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴയടച്ചിരുന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു അന്ന് എം എല്‍ എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപത്തായിരുന്നു ഉപരോധം.



