Kerala
വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്
വനം വകുപ്പിന്റെ പത്തനംതിട്ട റാന്നി ഡിവിഷനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം | മകരവിളക്ക് ദിവസം പമ്പയില്‍ സിനിമാ ഷൂട്ടിങ് നടത്തിയതിന് സിനിമാ സംവിധായകനെതിരെ കേസ്. സംവിധായകന്‍ അനുരാജ് മനോഹറിനെതിരെയാണ് വനം വകുപ്പ് റാന്നി ഡിവിഷനിലെ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ ഈ മാസം 24ന് കേസ് രജിസ്റ്റര്‍ ചെയ്തത്. മകരവിളക്ക് ദിവസം പമ്പ ഹില്‍ ടോപ്പിലാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ വന മേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. മകരവിളക്കിന് മുമ്പായി സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ടിങ് നടത്താന്‍ സംവിധായകന്‍ നേരത്തെ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ സന്നിധാനത്ത് സിനിമാ ചിത്രീകരണം ഹൈക്കോടതി വിലക്കിയതായി ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അനുമതി നിഷേധിച്ചു.
തുടര്‍ന്ന് എ ഡി ജി പി. എസ് ശ്രീജിത്തിനെ സമീപിച്ചപ്പോള്‍ പമ്പയില്‍ ഷൂട്ടിങ് നടത്താന്‍ നിര്‍ദേശിച്ചതായാണ് സംവിധായകന്‍ അനുരാജ് മനോഹര്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്.



