Connect with us

Kerala

പ്രവാസി കരുത്തില്‍ കേരളത്തിന്റെ കുതിപ്പ്; അഞ്ചാം ലോക കേരളസഭക്ക് 29 ന് തിരുവനന്തപുരത്ത് തുടക്കമാകും

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ചിന്തകളും അനുഭവസമ്പത്തും കേരളത്തിന്റെ വികസനത്തിനായി കോര്‍ത്തിണക്കുന്ന അഞ്ചാം ലോക കേരളസഭക്ക് ഈമാസം 29 ന് (വ്യാഴം) തുടക്കം. വൈകിട്ട് 5.30-ന് തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന 125 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. പ്രവാസികളുടെ നൈപുണ്യവും സാങ്കേതിക പരിജ്ഞാനവും കേരളത്തിന്റെ ഉന്നമനത്തിനായി ഉപയോഗപ്പെടുത്തുന്നതിനൊപ്പം, ആഗോള തൊഴില്‍ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും വേദി ലക്ഷ്യമിടുന്നു.

കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസ് സ്വാഗതമാശംസിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, എ എ റഹീം എം പി, ജോണ്‍ ബ്രിട്ടാസ് എം പി തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകള്‍ നേരും. നോര്‍ക്ക വകുപ്പ് സെക്രട്ടറി എന്‍ വി സുമന ഐ എ എസ് നന്ദി പ്രകാശിപ്പിക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, സി ഇ ഒ. അജിത് കൊളശേരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ക്കും നയരൂപവത്കരണത്തിനും സഭ വേദിയാകും.

ലോക കേരളസഭയുടെ ലക്ഷ്യം
പ്രവാസ ലോകത്തെ വൈവിധ്യമാര്‍ന്ന അറിവുകളെ നാടിന്റെ പുരോഗതിക്കായി ക്രോഡീകരിക്കുക എന്നതാണ് ലോക കേരളസഭയുടെ പ്രധാന അജണ്ട. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും സമ്മേളനം വഴി സാധിക്കുമെന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest