Connect with us

Saudi Arabia

'പ്രവാസവും മനുഷ്യര്‍ക്കൊപ്പം'; കാന്തപുരത്തിന്റെ കേരള യാത്രക്ക് റിയാദില്‍ ഐക്യദാര്‍ഢ്യം

'പ്രവാസവും മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് റീജ്യണ്‍ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.'

Published

|

Last Updated

റിയാദ് | ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയവുമായി കേരളം മുസ്‌ലിം ജമാഅത്ത് നടത്തിയ കേരള യാത്രയോട് റിയാദിലെ പ്രവാസി സമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ‘പ്രവാസവും മനുഷ്യര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് റീജ്യണ്‍ കമ്മിറ്റിയാണ് സമ്മേളനം സംഘടിപ്പിച്ചത്.’

‘സ്രഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യര്‍. സഹജീവികളോട് കരുണ്യം കാണിക്കുകയും അവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുക എന്നതാണ് ഓരോ വിശ്വാസിയുടെയും ധര്‍മം’ സെന്റിനറി ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉയര്‍ത്തിപ്പിടിക്കുന്നതും ഇതേ മാനവിക മൂല്യങ്ങളാണ്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനും വേദനിക്കുന്നവരുടെ കണ്ണുനീരൊപ്പാനും മനുഷ്യത്വത്തിന് മാത്രമേ സാധിക്കൂ എന്ന് സമ്മേളനം ഓര്‍മിപ്പിച്ചു.

ജാതി-മത-വര്‍ണ വിവേചനങ്ങള്‍ക്കതീതമായി മനുഷ്യത്വത്തിന്റെ വലിയ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ബത്തയിലെ ഡി പാലസില്‍ നടന്ന സമ്മേളനം. ആരിഫ് ചുഴലിയും ടീമും തീം സോങ് അവതരിപ്പിച്ചു. ഇബ്രാഹിം കരീം സ്വാഗതം പറഞ്ഞു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച സമ്മേളനം ഷാഹിദ് അഹ്സനി ഉദ്ഘാടനം ചെയ്തു. ഭരണഘടനയും മാനവികതയും നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രസക്തി വര്‍ത്തമാനകാല സംഭവ വികാസങ്ങളെ ഉദ്ധരിച്ചു കൊണ്ട് സൈനുദ്ധീന്‍ കുനിയില്‍ പറഞ്ഞു.

കേരള യാത്രയുടെ ഭാഗമായി ഭരണാധികാരികള്‍ക്ക് കൈമാറിയ വികസന രേഖയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ സജീവമായിരുന്നു. നാടിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, പരിസ്ഥിതി, കാരുണ്യം, സേവനം, വാണിജ്യം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്ന ഒരു മികച്ച രേഖയാണിതെന്ന് സമ്മേളനം വിലയിരുത്തി. വരാനിരിക്കുന്ന തലമുറയുടെ ക്ഷേമം മുന്‍നിര്‍ത്തി തയ്യാറാക്കിയ ഇത്തരം വികസന ആശയങ്ങള്‍ നടപ്പിലാക്കുന്നത് നാടിന് വലിയ ഗുണം ചെയ്യുമെന്നും മാനവിക താത്പര്യത്തോടെയുള്ള ഇത്തരം ശ്രമങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പിന്തുണക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

റിയാദിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. സലിം കളക്കര, സത്താര്‍ താമരത്ത്, സഫറുദ്ദീന്‍ താഴേക്കോട്, നജീം കൊച്ചുകലുങ്ക്, ഇബ്രാഹിം സുബ്ഹാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, ഷിബു ഉസ്മാന്‍, ഹനീഫ ഗ്ലോബല്‍, ശിഹാബ് കൊട്ടുകാട്, സലാം വടകര പ്രസംഗിച്ചു.

 

Latest