National
'ഇന്ത്യൻ ഭരണഘടന പിന്തുടരാൻ കഴിയില്ലെങ്കിൽ രാജ്യം വിടണം': വാട്സ്ആപ്പിനോട് സുപ്രീം കോടതി
വാട്സാപ്പിന്റെ സങ്കീർണ്ണമായ നിബന്ധനകൾ സാധാരണക്കാർക്ക് എങ്ങനെ മനസ്സിലാകുമെന്ന് കോടതി?
ന്യൂഡൽഹി | വാട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമന്മാരായ മെറ്റയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യക്കാരുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ലെന്നും ഒരു തരി ഡാറ്റ പോലും പങ്കുവെക്കാൻ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വാട്സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) ഏർപ്പെടുത്തിയ 213 കോടി രൂപ പിഴ ശരിവെച്ച ട്രിബ്യൂണൽ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന മെറ്റയുടെ നയം ചൂഷണമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന പിന്തുടരാൻ കഴിയില്ലെങ്കിൽ രാജ്യം വിടണമെന്നും പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.
വാട്സാപ്പിന്റെ സങ്കീർണ്ണമായ നിബന്ധനകൾ സാധാരണക്കാർക്ക് എങ്ങനെ മനസ്സിലാകുമെന്ന് കോടതി ചോദിച്ചു. റോഡരികിലെ കച്ചവടക്കാർക്കോ തമിഴ് മാത്രം സംസാരിക്കുന്നവർക്കോ ഗ്രാമങ്ങളിൽ കഴിയുന്നവർക്കോ നിങ്ങളുടെ പോളിസികൾ മനസ്സിലാക്കാൻ കഴിയുമോ എന്ന് കോടതി ആരാഞ്ഞു. പലപ്പോഴും തങ്ങൾക്ക് പോലും ഇവ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനുള്ള വഴിയാണിതെന്നും കോടതി നിരീക്ഷിച്ചു.
തന്റെ സ്വന്തം അനുഭവം ഉദാഹരണമായി കാട്ടിയാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്. ഡോക്ടർക്ക് അസുഖത്തെക്കുറിച്ച് ഒരു സന്ദേശം അയച്ചാൽ ഉടൻ തന്നെ ഫോണിൽ മരുന്നുകളുടെ പരസ്യം തെളിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്നും കമ്പനിക്ക് പോലും ഇവ കാണാൻ കഴിയില്ലെന്നും മെറ്റയ്ക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും അഖിൽ സിബലും വാദിച്ചു. വിപണിയിലെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് പുതിയ സ്വകാര്യതാ നയം സ്വീകരിക്കാൻ ഉപയോക്താക്കളെ വാട്സാപ്പ് നിർബന്ധിക്കുകയാണെന്ന സി സി ഐയുടെ കണ്ടെത്തലിലാണ് പിഴ ചുമത്തിയത്.


