National
എണ്ണ ഇറക്കുമതി നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റഷ്യ
ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനാണ് മോസ്കോ ആഗ്രഹിക്കുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്
മോസ്കോ | റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനാണ് മോസ്കോ ആഗ്രഹിക്കുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച അറിയിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തുന്നതിനും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനും പകരമായി, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയ്ക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റഷ്യ.
ഇന്ത്യ-യു എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനകളെ റഷ്യ സൂക്ഷ്മമായി വിശകലനം ചെയ്തുവരികയാണെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു. ഈ വിഷയത്തിൽ ഡൽഹിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയും യു എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ റഷ്യ ബഹുമാനിക്കുന്നുവെന്നും എന്നാൽ ഇന്ത്യയുമായുള്ള റഷ്യയുടെ വിപുലമായ തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് റഷ്യ ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ബഹുമാനവും സൗഹൃദവും മുൻനിർത്തിയാണ് വ്യാപാര കരാറിന് അംഗീകാരം നൽകിയതെന്നാണ് ട്രംപ് അവകാശപ്പെട്ടത്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇൻഡ്യ സമ്മതിച്ചതായും ട്രംപ് പറഞ്ഞിരുന്നു.
2022-ൽ ഉക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇൻഡ്യ പരോക്ഷമായി യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുകയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യയുമായുള്ള പുതിയ കരാർ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.


