Connect with us

articles

ബജറ്റില്‍ കലങ്ങിത്തെളിയുന്നത്

വലിയ പ്രഖ്യാപനങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും ബജറ്റിലുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തില്‍ അത് എന്ത് മാറ്റമുണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്‍ഥ വിജയം. ഗ്രാമീണ തൊഴിലവസരങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, എന്നിവയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ബജറ്റിലുണ്ട്. എങ്കിലും, വിലക്കയറ്റം, കടബാധ്യത, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് എത്ര വേഗത്തില്‍ പരിഹാരം കാണാനാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

Published

|

Last Updated

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തില്‍ നിര്‍ണായകമായൊരു ഏടാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, “വികസിത ഭാരത് 2047′ എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള അടിത്തറ പാകാനുള്ള ശ്രമമാണ് ഈ ബജറ്റില്‍ തെളിയുന്നത്.

തന്റെ ഒമ്പതാമത് ബജറ്റ് അവതരണമെന്ന റെക്കോര്‍ഡിനൊപ്പം, കേവലമായ നയമാറ്റങ്ങള്‍ക്കപ്പുറം സാമ്പത്തിക രംഗത്ത് വലിയൊരു പൊളിച്ചെഴുത്തിനാണ് ധനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. ദരിദ്രര്‍, യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍ എന്നീ നാല് വിഭാഗങ്ങളുടെ ഉന്നമനത്തിലാണ് ഈ ബജറ്റ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യയുടെ വളര്‍ച്ചാവേഗം കുറയാതെ കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം കൂടി ഈ ബജറ്റ് ഏറ്റെടുക്കുന്നുണ്ട്.

ലോകമെമ്പാടും സാമ്പത്തിക അസ്ഥിരതകള്‍ നിഴലിക്കുമ്പോഴും, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമായി തുടരുന്നുവെന്നതാണ് ഈ ബജറ്റിന്റെ പ്രധാന കരുത്ത്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഏഴ് ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കാനാകുമെന്ന ആത്മവിശ്വാസം സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്. സാമ്പത്തിക അച്ചടക്കത്തിനാണ് ഇത്തവണ ബജറ്റ് ഊന്നല്‍ നല്‍കുന്നത്. 2026-27 വര്‍ഷത്തെ ധനക്കമ്മി ജി ഡി പിയുടെ 4.3 ശതമാനമായി പിടിച്ചുനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്കുകളില്‍ നിന്ന് ധനക്കമ്മി പടിപടിയായി കുറച്ചുകൊണ്ടുവരുന്നത് മികച്ച സൂചനയാണെങ്കിലും, 17 ലക്ഷം കോടിയോളം രൂപയുടെ വന്‍ കടമെടുപ്പ് പലിശ നിരക്കുകളെയും സാധാരണക്കാരുടെ സമ്പാദ്യത്തെയും ബാധിച്ചേക്കുമെന്ന ആശങ്ക അവശേഷിക്കുന്നു. 53.47 ലക്ഷം കോടി രൂപയുടെ മൊത്തം ചെലവില്‍, 12.21 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചത് വികസനത്തിന് വേഗം പകരും. എന്നാല്‍, സര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ നൂറ് രൂപയിലും 20 പൈസ പലിശയിനത്തില്‍ മാത്രം നല്‍കേണ്ടി വരുന്നുവെന്നത് സമ്പദ് വ്യവസ്ഥ നേരിടുന്ന വലിയൊരു വെല്ലുവിളിയായി തുടരുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ പേരും രൂപവും മാറുന്നു
ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ നട്ടെല്ലായ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സര്‍ക്കാര്‍ വലിയ ഘടനാപരമായ മാറ്റത്തിനാണ് വിധേയമാക്കിയിരിക്കുന്നത്. ഇനി മുതല്‍ ഈ പദ്ധതി “വികസിത ഭാരത്-ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് ലൈവ്്ലിഹുഡ് മിഷന്‍ – ഗ്രാമീണ്‍’ (വിബി- ജി റാംജി) എന്നറിയപ്പെടും. കേവലം പേരുമാറ്റത്തിനപ്പുറം, തൊഴില്‍ ദിവസങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കുടുംബത്തിന് ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 125ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഗ്രാമീണ മേഖലയിലെ കുടുംബ വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കുമെന്നാണ് വാദം. കുഴിയെടുക്കല്‍ എന്നതില്‍ നിന്ന് മാറി ആസ്തികള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് പദ്ധതിയെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പുതിയ പദ്ധതി പ്രകാരം 95,692 കോടി രൂപയാണ് ഗ്രാമീണ തൊഴിലവസരങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. കൂലി കൃത്യസമയത്ത് ബേങ്ക് അക്കൗണ്ടുകള്‍ വഴി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. പാവപ്പെട്ടവര്‍ക്ക് കേവലം സൗജന്യങ്ങള്‍ നല്‍കുന്നതിന് പകരം അവരെ ഉത്പാദനക്ഷമമായ തൊഴിലിന്റെ ഭാഗമാക്കുക എന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.

ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്ന സുപ്രധാന പ്രഖ്യാപനങ്ങളാണ് ഈ ബജറ്റിലുള്ളത്. മൃഗസംരക്ഷണ-കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സംരംഭകര്‍ക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ലഭ്യമാക്കും. ഒപ്പം, കന്നുകാലി കര്‍ഷക സംഘടനകള്‍ (എഫ് പി ഒ) വഴി ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും പുതിയ തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കും. കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ “കോക്കനട്ട് പ്രമോഷന്‍ സ്‌കീം’. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ മാറ്റി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ ഇത് കര്‍ഷകരെ സഹായിക്കും.

നാളികേരത്തിന് പുറമെ ചന്ദനം, വാല്‍നട്ട് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വിളകള്‍ക്കും ബജറ്റ് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. 2030ഓടെ കശുവണ്ടി, കൊക്കോ ഉത്പാദനം ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും പ്രത്യേക പദ്ധതികളുണ്ട്. കാര്‍ഷിക വിവര ശേഖരണത്തിനായി “ഭാരത് വിസ്താര്’ എന്ന എ ഐ ടൂള്‍ വരുന്നത് വലിയൊരു ചുവടുവെപ്പാണ്.

സൂക്ഷ്മ- ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ഉത്തേജനം
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ കരുത്തുപകരുന്ന പ്രഖ്യാപനങ്ങളാണ് പുതിയ ബജറ്റിലുള്ളത്. സംരംഭകര്‍ക്ക് ഈടില്ലാതെ തന്നെ യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനായി 100 കോടി രൂപ വരെ പരിധിയുള്ള പുതിയ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു. കൂടുതല്‍ മൂലധനം ലഭ്യമാക്കുന്നതിനായി മുദ്ര ലോണ്‍ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തിയത് വലിയൊരു നേട്ടമാണ്. ഉത്പന്നങ്ങള്‍ വിറ്റ തുക കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ “ട്രെഡ്‌സ്’ പ്ലാറ്റ്ഫോമിന്റെ പരിധി കുറച്ചതും, ചെറുകിട ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്താന്‍ ഇ- കോമേഴ്‌സ് കയറ്റുമതി കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ഈ മേഖലക്ക് പുതിയ ഉണര്‍വ് നല്‍കും. അതോടൊപ്പം, വ്യവസായങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതും എളുപ്പമാക്കുന്നതിനായി നിയമപരമായ നൂലാമാലകള്‍ കുറയ്ക്കാനുള്ള നടപടികളും ബജറ്റില്‍ ഉറപ്പുനല്‍കുന്നു.

അടിസ്ഥാന സൗകര്യ വികസനവും നഗര പരിഷ്‌കരണവും
അടിസ്ഥാന സൗകര്യ വികസനത്തിന് 12.21 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് തുകയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇത് റെയില്‍വേ, റോഡ്, തുറമുഖ മേഖലകളുടെ വളര്‍ച്ചക്ക് വലിയ ആക്കം കൂട്ടും. വാരണാസി-സിലിഗുരി, പുണെ- ഹൈദരാബാദ് എന്നിവയുള്‍പ്പെടെ ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഊര്‍ജ സുരക്ഷ മുന്‍നിര്‍ത്തി സൗരോര്‍ജ ഉത്പദനത്തിനാവശ്യമായ യന്ത്രസാമഗ്രികളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി.

കൂടാതെ, ലിഥിയം അയോണ്‍ സെല്‍ നിര്‍മാണത്തിന് നല്‍കിയ ഇളവുകള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായിക്കും. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കായി 67,670 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

യുവശക്തിയും ഓറഞ്ച് ഇക്കോണമിയും
രാജ്യത്തെ യുവജനങ്ങളുടെ സര്‍ഗശേഷിയെ സാമ്പത്തിക നേട്ടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ “ഓറഞ്ച് ഇക്കണോമി’ എന്ന നൂതന ആശയമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നീ മേഖലകളിലായി 2030ഓടെ 20 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 15,000 സ്‌കൂളുകളിലും 500 കോളജുകളിലും സ്ഥാപിക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍, ഡിജിറ്റല്‍ യുഗത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മികച്ചൊരു പരിശീലനക്കളരിയായി മാറും. അതോടൊപ്പം, കായിക മേഖലയുടെ സമഗ്രവികസനത്തിനായി “ഖേലോ ഇന്ത്യ മിഷന്‍’ വിപുലീകരിക്കുന്നത് കായിക ഉപകരണ നിര്‍മാണരംഗത്തും വമ്പന്‍ മുന്നേറ്റമുണ്ടാക്കും. ചുരുക്കത്തില്‍, രാജ്യത്തെ യുവതയെ കേവലം തൊഴിലന്വേഷകരായല്ല, മറിച്ച് തൊഴില്‍ദാതാക്കളായി വാര്‍ത്തെടുക്കുകയെന്ന ദീര്‍ഘകാല ലക്ഷ്യമാണ് ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലുള്ളത്.

വലിയ പ്രഖ്യാപനങ്ങളും ദീര്‍ഘകാല ലക്ഷ്യങ്ങളും ബജറ്റിലുണ്ടെങ്കിലും, സാധാരണക്കാരന്റെ ജീവിതത്തില്‍ അത് എന്ത് മാറ്റമുണ്ടാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ യഥാര്‍ഥ വിജയം. ഗ്രാമീണ തൊഴിലവസരങ്ങള്‍, കാര്‍ഷികം, ചെറുകിട വ്യവസായങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ബജറ്റിലുണ്ട്. എങ്കിലും, വിലക്കയറ്റം, കടബാധ്യത, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് എത്ര വേഗത്തില്‍ പരിഹാരം കാണാനാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. സൗജന്യ പദ്ധതികള്‍ക്ക് പകരം ഉത്പാദനത്തിന് മുന്‍ഗണന നല്‍കുന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റവും സ്വാഗതാര്‍ഹമായൊരു ചുവടുവയ്പ്പാണ്. എന്നാല്‍, ഇതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരിലേക്ക് എത്തണമെങ്കില്‍ പദ്ധതികള്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കിയേ തീരൂ.

---- facebook comment plugin here -----