Connect with us

National

ലണ്ടൻ - ബംഗളൂരു എയർ ഇന്ത്യ വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകൾക്ക് തകരാറില്ലെന്ന് ഡി ജി സി എ

ഫെബ്രുവരി ഒന്നിന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിലാണ് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ എൻജിൻ കൺട്രോൾ സ്വിച്ച് 'റൺ' പൊസിഷനിൽ നിൽക്കുന്നില്ലെന്ന് പൈലറ്റ് പരാതിപ്പെട്ടത്.

Published

|

Last Updated

ന്യൂഡൽഹി | ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എ ഐ 132 എയർ ഇന്ത്യ വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകൾക്ക് യാതൊരു തകരാറുമില്ലെന്ന് ഡി ജി സി എ. ഫെബ്രുവരി ഒന്നിന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിലാണ് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ എൻജിൻ കൺട്രോൾ സ്വിച്ച് ‘റൺ’ പൊസിഷനിൽ നിൽക്കുന്നില്ലെന്ന് പൈലറ്റ് പരാതിപ്പെട്ടത്.

വിമാനത്തിന്റെ എൻജിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്നതാണ് ഈ സ്വിച്ചുകൾ. ഇവ പ്രവർത്തനരഹിതമായാൽ പറക്കുന്നതിനിടയിൽ എൻജിൻ നിലയ്ക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ജൂണിൽ അഹമ്മദാബാദിൽ 269 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ (എ ഐ 171) വിമാനാപകടത്തിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇത്തരം സ്വിച്ചുകൾ വലിയ നിരീക്ഷണത്തിലായിരുന്നു.

എന്നാൽ ഡി ജി സി എ നടത്തിയ വിശദമായ പരിശോധനയിൽ സ്വിച്ചുകൾക്ക് യാന്ത്രിക തകരാറുകളില്ലെന്ന് കണ്ടെത്തി. സ്വിച്ച് ഉയർത്തിയ ശേഷം മാത്രം മാറ്റാൻ കഴിയുന്ന ‘പുൾ ടു അൺലോക്ക്’ സുരക്ഷാ സംവിധാനം കൃത്യമായാണ് പ്രവർത്തിക്കുന്നത്. വിരലുകളോ തള്ളവിരലോ ഉപയോഗിച്ച് തെറ്റായ ദിശയിൽ അമിതമായി അമർത്തുമ്പോഴാണ് സ്വിച്ച് ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ എന്നതിലേക്ക് മാറുന്നതെന്ന് ഡി ജി സി എ വ്യക്തമാക്കി. സ്വിച്ചുകളിൽ അനാവശ്യമായി സ്പർശിക്കരുതെന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

---- facebook comment plugin here -----

Latest