Connect with us

Articles

ട്രംപിന്റെ കൗശലങ്ങള്‍

ഒരു അന്താരാഷ്ട്ര സംവിധാനത്തിനും തടയാനാകാത്ത അധിനിവേശം നടക്കുന്ന ഒരു ദേശത്ത് തിരസ്‌കൃതരായി, നിസ്വരായി, അപമാനിതരായി ജീവിക്കുന്നവര്‍ക്ക് മേല്‍ പദങ്ങള്‍ കൊണ്ട് പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കുകയാണ്. ഏറ്റവും പുതിയ വിപരീതാര്‍ഥ പ്രയോഗം ബോര്‍ഡ് ഓഫ് പീസ്- സമാധാന സമിതിയാണ്. ഗസ്സയെ മുന്‍നിര്‍ത്തി ഡൊണാള്‍ഡ് ട്രംപ് രൂപവത്കരിക്കുന്ന അധിനിവേശ ഉപകരണമാണിതെന്ന് കാര്യബോധമുള്ള മുഴുവന്‍ പേര്‍ക്കും മനസ്സിലായിട്ടുണ്ട്

Published

|

Last Updated

പദങ്ങള്‍ എത്ര ക്രൂരമായാണ് വിപരീതാര്‍ഥം ഉത്പാദിപ്പിക്കുന്നത്? വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ ഭവനങ്ങള്‍ എന്നാണ് മാധ്യമങ്ങള്‍ പറയാറുള്ളത്. കുടിയേറ്റം എന്ന വാക്ക് ഫലസ്തീനികള്‍ അവരുടെ ജീവിതം കൊണ്ട് വായിക്കുന്നത് “കൈയേറ്റം’ എന്നാണ്. നിരന്തരം കൈയേറിക്കൊണ്ടിരിക്കുന്ന സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ ശേഷിയില്ലാത്തവരെന്ന കുറ്റബോധവും “ജ്യൂയിഷ് സെറ്റില്‍മെന്റ്സ്’ എന്ന പ്രയോഗം അവരില്‍ നിറയ്ക്കുന്നുണ്ടാകണം. ഗസ്സാ പുനര്‍നിര്‍മാണ പദ്ധതിയെന്നത് “ഗസ്സാ റിയല്‍ എസ്റ്റേറ്റ് പദ്ധതി’ എന്നാണ് അവര്‍ വായിക്കുന്നത്. ഒരു അന്താരാഷ്ട്ര സംവിധാനത്തിനും തടയാനാകാത്ത അധിനിവേശം നടക്കുന്ന ഒരു ദേശത്ത് തിരസ്‌കൃതരായി, നിസ്വരായി, അപമാനിതരായി ജീവിക്കുന്നവര്‍ക്ക് മേല്‍ പദങ്ങള്‍ കൊണ്ട് പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കുകയാണ്. ഏറ്റവും പുതിയ വിപരീതാര്‍ഥ പ്രയോഗം ബോര്‍ഡ് ഓഫ് പീസ്- സമാധാന സമിതിയാണ്. ഗസ്സയെ മുന്‍നിര്‍ത്തി ഡൊണാള്‍ഡ് ട്രംപ് രൂപവത്കരിക്കുന്ന അധിനിവേശ ഉപകരണമാണിതെന്ന് കാര്യബോധമുള്ള മുഴുവന്‍ പേര്‍ക്കും മനസ്സിലായിട്ടുണ്ട്. യു എന്‍ രക്ഷാസിമിതി വരുതിയിലുണ്ടായിട്ടും, വീറ്റോ സര്‍വാധികാരമെന്ന കത്തിയും കഴുത്തും കൈയിലുണ്ടായിട്ടും യു എന്നിനെ ട്രംപിന് വിശ്വാസമില്ല. ജനറല്‍ അസംബ്ലിയില്‍ പാസ്സാകുന്ന പ്രമേയങ്ങള്‍ പലപ്പോഴും അഹിതകരമാകുന്നു. ചിലപ്പോഴെങ്കിലും ഇസ്‌റാഈലിനെ അത് തുറന്ന് കാണിക്കുന്നു. യു എന്‍ മനുഷ്യാവകാശ സമിതിയും അഭയാര്‍ഥി സമിതിയും ലോകാരോഗ്യ സംഘടനയുമൊന്നും ചൊല്‍പ്പടിയില്‍ നില്‍ക്കുന്നില്ലെന്ന പരാതി ട്രംപിനുണ്ട്. അതുകൊണ്ട് തന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള പുതിയ സംവിധാനം വേണം. ഏത് തര്‍ക്കവും അവസാനിക്കേണ്ടത് അമേരിക്കയുടെ മുന്‍കൈയിലും താത്പര്യത്തിലുമായിരിക്കണം. അതിനുള്ള ആലോചനകളാണ് ബോര്‍ഡ് ഓഫ് പീസില്‍ എത്തിച്ചേര്‍ന്നത്. കൂടുതല്‍ യുദ്ധങ്ങളിലേക്കും മുറിവുകളിലേക്കും നയിക്കുമെന്നുറപ്പുള്ള, ലക്ഷ്യങ്ങള്‍ ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഒരു സംവിധാനത്തെ “പീസ്’ എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത് എത്ര അശ്ലീലമാണ്.

ഗസ്സയില്ല
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസ് പ്രഖ്യാപിച്ചത്. നവംബര്‍ 17ന് യു എന്‍ രക്ഷാ സിമിതി പാസ്സാക്കിയ 2803ാം പ്രമേയത്തെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചാണ് ഈ അന്താരാഷ്ട്ര സമിതിക്ക് യു എന്നിന്റെ അംഗീകാരമുണ്ടെന്ന് സ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഗസ്സയിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അന്താരാഷ്ട്ര സംവിധാനം വേണമെന്ന് മാത്രമേ അമേരിക്ക തന്നെ കൊണ്ടുവന്ന ഈ പ്രമേയം നിഷ്‌കര്‍ഷിക്കുന്നുള്ളൂ. എന്നാല്‍ ദാവോസില്‍ ട്രംപ് അവതരിപ്പിച്ച ബോര്‍ഡ് ഓഫ് പീസ് രേഖയില്‍ ഗസ്സയെന്നോ ഫലസ്തീനെന്നോ പറയുന്നേയില്ല. ബോര്‍ഡ് ഓഫ് പീസിലെ സാധാരണ അംഗത്വത്തിന് മൂന്ന് വര്‍ഷമാണ് കാലാവധി. സ്ഥിരാംഗത്വം തേടുന്നവര്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കണം. നിലവില്‍ എക്്‌സിക്യൂട്ടീവ് ബോര്‍ഡില്‍ യു കെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജെയേര്‍ഡ് കുഷ്നര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ട്രംപായിരിക്കും വീറ്റോ അധികാരമുള്ള ചെയര്‍മാന്‍. യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ സി സി) അറസ്റ്റ് വാറണ്ടുള്ള ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ബോര്‍ഡില്‍ ഉള്‍പ്പെടുന്നു. നെതന്യാഹുവിന്റെ സാന്നിധ്യം മാത്രം മതിയാകും ഈ സംവിധാനം എത്രമാത്രം പ്രതിലോമകരമാണെന്ന് തിരിച്ചറിയാന്‍.

പൊളിഞ്ഞ പരീക്ഷണം
ട്രംപിനെ അഥവാ അമേരിക്കന്‍ പ്രസിഡന്റിനെ ഒരിക്കലും ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനാകില്ല, അദ്ദേഹം സ്വയം ഒഴിയുകയല്ലാതെ. അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ഏകകണ്ഠമായി ചെയര്‍മാനെ നീക്കം ചെയ്യാന്‍ വോട്ട് ചെയ്യണം. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബോര്‍ഡിലുള്ളിടത്തോളം അത് അസാധ്യമാകുമല്ലോ. ചൈനയും റഷ്യയുമടക്കം 50 രാജ്യങ്ങളെ സമാധാന സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊക്കെ ക്ഷണമുണ്ട്. പലരും സമ്മതമറിയിച്ചിട്ടില്ല. കുറേ രാജ്യങ്ങള്‍ ചേരില്ലെന്ന് നിലപാടറിയിച്ചിട്ടുമുണ്ട്. നേരത്തേ സന്നദ്ധതയറിയിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്‍വാങ്ങുന്നുമുണ്ട്. 100 കോടി ഡോളര്‍ കൊടുത്ത് സ്ഥിരാംഗത്വം നേടാന്‍ ആരും തയ്യാറായിട്ടില്ല. യുക്രൈന്‍ വിഷയത്തില്‍ ട്രംപ് കൈകൊള്ളുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് യു കെ, ഫ്രാന്‍സ്, നോര്‍വേ, സ്വീഡന്‍, സ്ലോവേനിയ എന്നിവ വിട്ടുനില്‍ക്കുകയാണ്. ബോര്‍ഡിന്റെ ചാര്‍ട്ടര്‍ ഗസ്സയുടെ ഏക ചട്ടക്കൂടിനപ്പുറത്തേക്ക് പോകുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ തത്ത്വങ്ങളെയും ഘടനയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കുന്നു. ലോകമഹായുദ്ധം ജയിച്ചവരുടെ മുന്‍കൈയില്‍, അവര്‍ക്ക് വീറ്റോ അധികാരത്തോടെയായിരുന്നുവല്ലോ ഐക്യരാഷ്ട്ര സഭ രൂപവത്കരിച്ചത്. ആ ഘടനയാണ് യു എന്നിനെ ചത്ത കുതിരയാക്കിയത്. ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് പൊളിഞ്ഞ പരീക്ഷണം ഇപ്പോഴേ വ്യക്തമായിരിക്കുന്നു. സ്വന്തം സഖ്യ ശക്തികളെ പോലും ആകര്‍ഷിക്കാന്‍ ട്രംപിന് സാധിച്ചിട്ടില്ല.

ഇറാനിൽ
മറ്റൊരു ലോകയുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കാവുന്ന അപകടകരമായ ഏറ്റുമുട്ടലിന് കോപ്പുകൂട്ടുമ്പോഴാണ് ലോകത്തിന് മുന്നിലേക്ക് സമാധാന സമിതിയെന്ന പഞ്ചസാര വാഗ്ദാനം ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്നത്. ഇറാനെതിരെ ഒരേസമയം യുദ്ധഭീഷണി മുഴക്കുകയും ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയുമാണ് ട്രംപ്. ഇറാന്റെ കാര്യത്തില്‍ വല്ലാത്തൊരു നിശ്ചയമില്ലായ്മ അദ്ദേഹത്തെ വേട്ടയാടുന്നുണ്ടെന്നുറപ്പാണ്. അതുകൊണ്ടാണ് യുദ്ധത്തെ കുറിച്ചും ചര്‍ച്ചയെ കുറിച്ചും അനുനിമിഷം മാറ്റിപ്പറയുന്നത്. യു എസ് എസ് എബ്രഹാം ലിങ്കണ്‍ സജ്ജമായിക്കഴിഞ്ഞു. പശ്ചിമേഷ്യയെ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധസന്നാഹമാണ് നടത്തുന്നത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൈയടി ശബ്ദം മാത്രം ഉച്ചത്തില്‍ മുഴങ്ങുന്ന ഗോദയില്‍ നിന്നുകൊണ്ടാണ് ട്രംപ് ഈ പോര്‍വിളി നടത്തുന്നത്.
ഇറാനാകട്ടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ യുദ്ധ സന്നദ്ധത പ്രഖ്യാപിക്കുന്നു. അവര്‍ക്ക് മേലും കീഴും നോക്കാനില്ല. യു എസിന്റെയും ഇസ്‌റാഈലിന്റെയും നേരിട്ടുള്ള ആക്രമണം അവര്‍ അനുഭവിച്ചു കഴിഞ്ഞു. ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യമിട്ട് നടന്ന അക്രമാസക്ത പ്രക്ഷോഭത്തെ അക്രമാസക്തമായി തന്നെ നേരിട്ടും പുറത്തുനിന്നുള്ള ഇടപെടല്‍ ഫലപ്രദമായി തുറന്ന് കാട്ടിയും ആഭ്യന്തര പ്രതിസന്ധിയെ തത്കാലം അവര്‍ മറികടന്നിട്ടുമുണ്ട്. അതുകൊണ്ട് ആത്മാഭിമാനം പണയം വെച്ച് ഒരു ചര്‍ച്ചക്കുമില്ല എന്ന നിലപാടിലാണ് ഇറാന്‍. തങ്ങളുടെ ആണവ പദ്ധതി തികച്ചും സമാധാനപരമാണ്; അതില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു. ഇങ്ങോട്ട് ആക്രമിക്കട്ടെ എന്ന് നിശ്ചയിച്ച് കാത്തിരിക്കുന്ന പ്രശ്‌നമില്ല, ഭീഷണി അതിരുകവിഞ്ഞാല്‍ ഏത് നിമിഷത്തിലും ആക്രമണത്തിലേക്ക് നീങ്ങിയേക്കാമെന്നും പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയാണെങ്കില്‍ മാത്രം മേശക്കിരുപുറമിരിക്കാമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനില്‍ അരങ്ങേറിയ പ്രക്ഷോഭത്തിന് പിന്നില്‍ രാജ്യം കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെയും പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും യാഥാര്‍ഥ്യങ്ങളുണ്ടായിരുന്നു. ആ പ്രതിസന്ധികള്‍ ആഭ്യന്തരമായി പരിഹരിക്കാന്‍ ഇറാന്‍ ഭരണസംവിധാനത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ആദ്യ ഘട്ടത്തില്‍ പ്രക്ഷോഭകര്‍ ചെയ്തത്. കച്ചവടക്കാരാണല്ലോ പ്രക്ഷോഭം തുടങ്ങിയത്. ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സ്വഭാവം മാറി. അതെങ്ങനെയാണ് സംഭവിച്ചതെന്ന് ഇന്ന് ലോകത്തിന് വ്യക്തമായറിയാം. “ദേശസ്‌നേഹികളേ, മുന്നോട്ടുപോകുക, കൃത്യ സമയത്ത് നിങ്ങള്‍ക്ക് സഹായമെത്തിച്ചേരുമെ’ന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് പോസ്റ്റ് ചെയ്തതോടെ എല്ലാം വ്യക്തമായി. ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന വ്യാമോഹത്തിലേക്ക് പ്രക്ഷോഭം കൂപ്പുകുത്തുന്നതാണ് പിന്നെ കണ്ടത്. സത്യത്തില്‍ അസാധ്യമായ ഒരു ലക്ഷ്യത്തിന് വേണ്ടി നിഴല്‍യുദ്ധത്തിനിറങ്ങുകയായിരുന്നു ട്രംപും നെതന്യാഹുവും. ലിബിയയോ ഇറാഖോ സിറിയയോ ഒക്കെ ആയിരുന്നു അവരുടെ മനസ്സില്‍. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയില്‍ മാത്രം കേന്ദ്രീകൃതമായിരുന്നു ഭരണസംവിധാനം. അതുകൊണ്ട് അദ്ദേഹത്തെ കൊന്നുതള്ളിയാല്‍ ലക്ഷ്യം നേടാമായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന് അവര്‍ ലക്ഷ്യം നേടി. സിറിയയില്‍ ബശ്ശാറുല്‍ അസദിനെ നാടുകടത്തിയും. ഇറാനില്‍ പക്ഷേ, ആയത്തുല്ല അലി ഖാംനഈയെന്ന വ്യക്തിയില്‍ മാത്രം കേന്ദ്രീകൃതമല്ല കാര്യങ്ങള്‍. പുറമേ നിന്ന് നോക്കുമ്പോള്‍ പരിമിതമെന്ന് തോന്നാമെങ്കിലും ഇറാനില്‍ ഒരു ആന്തരിക ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. തിരുത്തല്‍ ശേഷി ഇറാന്‍ ഭരണസംവിധാനത്തിനുണ്ട്. ശിയാ മതനേതൃത്വത്തിന്റെ ചരടില്‍ പ്രവര്‍ത്തിക്കുമ്പോഴും തിരഞ്ഞെടുപ്പിന്റെയും ചെക്ക്‌സ് ആന്‍ഡ് ബാലന്‍സിന്റെയും സാധ്യതകള്‍ അവിടെയുണ്ട്. അതുകൊണ്ട് ഭരണകൂടത്തെ അട്ടിമറിച്ച് പുതിയൊരു പാവ സംവിധാനം കൊണ്ടുവരികയെന്നത് ഇറാനില്‍ അത്ര എളുപ്പമാകില്ല. സമരനേതാക്കളോട് സംസാരിക്കാനും അവര്‍ക്കെതിരെ വധശിക്ഷ വിധിക്കുന്നത് ഒഴിവാക്കാനും ഇറാന്‍ നേതൃത്വത്തിന് സാധിക്കുന്നത് ആന്തരികമായ കരുത്ത് ആ രാജ്യത്തിനുള്ളത് കൊണ്ടാണ്. യുദ്ധ ഭീഷണിക്കിടെ ദേശീയ ബോധത്തിലേക്ക് ജനങ്ങളെ ഉണര്‍ത്താനും അവര്‍ക്ക് സാധിക്കുന്നു.

വിശാല സഖ്യം
ഒപ്പം പ്രതിരോധ രംഗത്ത് കരുത്താര്‍ജിക്കാനും അവര്‍ ശ്രദ്ധിച്ചു. 2025 ജൂണില്‍ ഇസ്‌റാഈലുമായുണ്ടായ 12 ദിവസ യുദ്ധത്തിനു ശേഷം ഇറാന്‍ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍, ഡിഫന്‍സ് കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സംവിധാനം രൂപവത്കരിച്ചു. ഇറാന്‍ സായുധ സേനക്കുള്ളില്‍ വന്‍തോതിലുള്ള പുനഃസംഘടന നടന്നു. ബാലിസ്റ്റിക് മിസൈല്‍ ശേഖരം മെച്ചപ്പെടുത്തി. വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് റഷ്യയുമായും ചൈനയുമായുമുള്ള ആയുധ കരാര്‍ പുതുക്കി. കരയിലും കടലിലും ആകാശത്തും ആത്മവിശ്വാസം കൂട്ടാന്‍ ഈ ബാന്ധവങ്ങള്‍ ഇറാനെ സഹായിക്കുന്നുണ്ട്. മേഖലയിലെ രാഷ്ട്രീയം അതിവേഗം മാറുകയാണ്. ഹിസ്ബുല്ല ശക്തി തിരിച്ചുപിടിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇറാനോട് അനുകൂലമായി പെരുമാറിയിരുന്ന നൂരി അല്‍ മാലിക്കി ഇറാഖ് പ്രധാനമന്ത്രിപദത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. സഊദി അറേബ്യ, യു എ ഇ, തുര്‍ക്കിയ, ഖത്വര്‍, ഈജിപ്ത് തുടങ്ങിയവ ഇറാനെതിരായ സൈനിക ആക്രമണത്തെ പിന്തുണക്കുമെന്ന് തോന്നുന്നില്ല.
ഈ സാഹചര്യത്തില്‍ വിശാല സഖ്യം രൂപപ്പെടുത്തി മാത്രമേ വെനസ്വേലക്ക് പിറകേ ഇറാനെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ട്രംപിന് സാധിക്കുകയുള്ളൂ. ബോര്‍ഡ് ഓഫ് പീസിലൂടെ ട്രംപ് സാധ്യമാക്കാന്‍ ശ്രമിക്കുന്നത് ഈ ആഗോള സഖ്യമാണ്. മുഴുവന്‍ അന്താരാഷ്ട്ര സംവിധാനങ്ങളെയും പൊളിച്ച് തന്റെ ഡിസൈനിലേക്ക് വാര്‍ക്കുകയാണ് അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ വസ്തുത കണക്കിലെടുത്തായിരിക്കണം നിലപാടെടുക്കേണ്ടത്. ഇന്നലെ വെനസ്വേലയെങ്കില്‍ ഇന്ന് ഇറാനെങ്കില്‍ നാളെ അത് ആരുമാകാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest