Connect with us

National

ബെംഗളുരുവില്‍ പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ യുവതിയുടെ ശ്രമം; റീലിന് വേണ്ടിയെന്ന് വിശദീകരണം

യുവതി ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീല്‍ പോലീസ് പോസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് കര്‍ശന മുന്നറിയിപ്പ് നല്‍കി പോലീസ് വിട്ടയച്ചു.

Published

|

Last Updated

ബെംഗളുരു| ബെംഗളൂരുവില്‍ റീല്‍ വീഡിയോ ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ മകളുടെ ശ്രമം. പിതാവിനെ കൊറിയര്‍ അയയ്ക്കാന്‍ മകള്‍ക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും കൊറിയര്‍ സ്ഥാപനത്തില്‍ എത്തുകയായിരുന്നു. വലിയ പാക്കേജ് ശ്രദ്ധയില്‍പ്പെട്ട സ്ഥാപനത്തിലെ ജീവനക്കാര്‍ എന്താണ് കൊറിയര്‍ ചെയ്യുന്നതെന്ന് ചോദിച്ചതോടെ യുവതിയുടെ നീക്കം പൊളിയുകയായിരുന്നു.

ചാക്കിലെന്താണെന്ന് ജീവനക്കാര്‍ ചോദിച്ചപ്പോള്‍ യുവതി കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെ ജീവനക്കാര്‍ ചാക്ക് അഴിച്ചു നോക്കി. ചാക്കില്‍ നിന്നും പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റമസാന്‍, ഉഗാദി ആഘോഷസമയത്ത് യാത്രാ ടിക്കറ്റുകള്‍ ലഭിക്കാന്‍ മാര്‍ഗമില്ലെന്നും കൊറിയര്‍ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തതെന്ന് യുവതിയും കുടുംബവും പറഞ്ഞു.

തുടര്‍ന്നും കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്‌സല്‍ സ്വീകരിക്കാന്‍ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിച്ചു.തുടര്‍ന്ന് ഇവര്‍ ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീല്‍ പോലീസ് പോസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് കര്‍ശന മുന്നറിയിപ്പ് നല്‍കി പോലീസ് ഇവരെ വിട്ടയച്ചു.

 

 

 

 

---- facebook comment plugin here -----

Latest