Connect with us

National

ലോക്സഭയിൽ നരവാനെയുടെ പുസ്തകം വായിക്കാൻ ശ്രമിച്ച് രാഹുൽ; പ്രതിഷേധം, ബഹളം; ഹൈബി ഈഡൻ അടക്കം എട്ട് എംപിമാർക്ക് സസ്പെൻഷൻ

സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറിയെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ

Published

|

Last Updated

ന്യൂഡൽഹി | മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചതിനെത്തുടർന്ന് പാർലമെന്റിൽ വൻ പ്രതിഷേധം. തുടർച്ചയായ രണ്ടാം ദിവസവും അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷ എം പിമാർ സഭയിൽ ബഹളം വെക്കുകയും സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറിയെറിയുകയും ചെയ്തു. ഇതേത്തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഹിബി ഈഡൻ, അമരീന്ദർ രാജ വാരിംഗ്, മാണിക്കം ടാഗോർ എന്നിവരുൾപ്പെടെ എട്ട് കോൺഗ്രസ് എം പിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തെ ആധാരമാക്കി ‘ദി കാരവന്‍’ പ്രസിദ്ധീകരിച്ച കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. 2020-ലെ ലഡാക്ക് അതിർത്തിയിലെ ഇൻഡ്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള ഭാഗങ്ങളാണ് രാഹുൽ ഗാന്ധി വായിക്കാൻ ശ്രമിച്ചത്. ലേഖനത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ലക്ഷ്യം വസ്തുതകള്‍ പുറത്തറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. രേഖകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടും തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ബഹളംവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ച ബി ജെ പി അംഗങ്ങളോട് താന്‍ പ്രതിപക്ഷ നേതാവാണെന്ന് രാഹുല്‍ ഓര്‍മപ്പെടുത്തി. ചൈനീസ് വിഷയത്തിൽ സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കുന്നതിൽ നിന്ന് തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു.

അതേസമയം, രാഹുൽ ഗാന്ധി ജനാധിപത്യത്തെയും സൈനികരെയും അപമാനിക്കുകയാണെന്ന് ബി ജെ പി എം പി അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. സ്പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന നിയമം രാഹുലിന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട എം പിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബി ജെ പി പരാതി നൽകും.

യു എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. മാസങ്ങളായി മുടങ്ങിക്കിടന്ന കരാർ ഒറ്റരാത്രികൊണ്ട് ഒപ്പിട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രധാനമന്ത്രി ഇൻഡ്യൻ കർഷകരെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസവും നരവനെയും പുസ്തകവുമായി ബന്ധപ്പെട്ട ലേഖനം പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

2024ല്‍ പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണിത്. ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായി നരവനെ നടത്തിയ സംഭാഷണം പുസ്തകത്തിലുണ്ടെന്നാണ് കാരവനിലെ ലേഖനത്തില്‍ പറയുന്നത്. 2020 ആഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളമെത്തിയപ്പോള്‍ എന്തു വേണമെന്ന് ചോദിച്ച് രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്‌തോളൂ എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടിയെന്നും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചെന്നും നരവനെ പുസ്തകത്തിലുണ്ട്.

വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ഹൃസ്വകാലത്തേക്ക് സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണമെന്നത് സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ടെന്നും പറയുന്നു. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമാക്കിയെന്നാണ് പുസ്തകത്തിലെ സൂചന. 20,000 രൂപയായിരുന്നു അഗ്‌നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസ വേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. തുടര്‍ന്ന് ഇത് 30,000 രൂപയാക്കി ഉയര്‍ത്തിയെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

---- facebook comment plugin here -----

Latest