Kerala
അഞ്ചാം ടി20: ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു.
തിരുവനന്തപുരം | ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു.
ഇന്ത്യന്‍ ഇലവനില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവര്‍ ടീമില്‍ നിന്ന് പുറത്തായി.
ന്യൂസിലാന്‍ഡും നാലു മാറ്റങ്ങളുമായി ഇറങ്ങുന്നു. ഡെവോണ്‍ കോണ്‍വേ, മാര്‍ക്ക് ചാപ്മാന്‍, മാറ്റ് ഹെന്റി, സാക്ക് ഫോള്‍ക്‌സ് എന്നിവര്‍ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്സ്, ലോക്കി ഫെര്‍ഗൂസണ്‍, കൈല്‍ ജാമിസണ്‍ എന്നിവര്‍ ടീമിലെത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. പരമ്പരയില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാത്ത സഞ്ജുവിന് ലോകകപ്പിനുള്ള സാധ്യത നിലനിര്‍ത്താന്‍ ഇന്നത്തെ പ്രകടനം നിര്‍ണായകമാകും. സ്വന്തം നാട്ടുകാരുടെ മുന്നില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്ന സഞ്ജു മികച്ചൊരു തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും, ലോകകപ്പിന് മുന്നോടിയായുള്ള ഈ മത്സരം ഇരു ടീമുകള്‍ക്കും വലിയ പരീക്ഷണവേദിയാണ്. പരമ്പര വിജയത്തോടെ അവസാനിപ്പിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.




