Articles
ധാക്ക: പാളിപ്പോയ ഇടക്കാല പരീക്ഷണങ്ങള്‍
മുഹമ്മദ് യൂനുസ് അന്ന് നല്‍കിയ നിഷ്പക്ഷത, സ്ഥിരത, ഭരണം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം തകര്‍ന്നടിഞ്ഞു എന്നതാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ വര്‍ത്തമാനങ്ങള്‍ തെളിയിക്കുന്നത്. സാമ്പത്തിക ക്ഷയത്തില്‍ നിന്ന് ക്രമസമാധാന തകര്‍ച്ചയിലേക്കും കയറ്റുമതി വീഴ്ചയില്‍ നിന്ന് സാമുദായിക കലാപങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ് യൂനുസിന് കീഴില്‍ ബംഗ്ലാദേശ് എന്ന രാജ്യം.
ഒന്നര വര്‍ഷം മുമ്പ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാറിന്റെ ചുമതല മുഹമ്മദ് യൂനുസ് ഏറ്റെടുക്കുമ്പോള്‍ അത് രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായിരുന്നു. രാജ്യത്ത് നിലനിന്ന അശാന്തിക്കും അസ്ഥിരതക്കും പരിഹാരം കാണാന്‍ ഒരു നൊബേല്‍ ജേതാവ് സാരഥ്യം ഏറ്റെടുക്കുന്നു എന്നതായിരുന്നു അതിന്റെ പ്രധാന സവിശേഷത. ഹസീനയുടെ കാലഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യത്തെയും ഭരണകൂടത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയും തിരിച്ചുകൊണ്ടുവരും എന്നതായിരുന്നു പ്രധാന വാഗ്ദാനം. എന്നാല്‍ മുഹമ്മദ് യൂനുസ് അന്ന് നല്‍കിയ നിഷ്പക്ഷത, സ്ഥിരത, ഭരണം തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം തകര്‍ന്നടിഞ്ഞു എന്നതാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ വര്‍ത്തമാനങ്ങള്‍ തെളിയിക്കുന്നത്. സാമ്പത്തിക ക്ഷയത്തില്‍ നിന്ന് ക്രമസമാധാന തകര്‍ച്ചയിലേക്കും കയറ്റുമതി വീഴ്ചയില്‍ നിന്ന് സാമുദായിക കലാപങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ് യൂനുസിന് കീഴില്‍ ബംഗ്ലാദേശ് എന്ന രാജ്യം. ഒരു മേഖലയിലെ പ്രശ്നങ്ങളോ ഒരു പ്രതിസന്ധിയോ അല്ല ഇപ്പോള്‍ ബംഗ്ലാദേശ് എന്ന രാജ്യത്തുള്ളത്. സാമ്പത്തികവും സാമൂഹികവും ഭരണപരവും എന്നുവേണ്ട എല്ലാ മേഖലകളും അപ്പാടെ തകര്‍ന്നിരിക്കുന്നു. ഇത് കേവലം പ്രകടനത്തിലെ പോരായ്മയല്ല, മറിച്ച് ലക്ഷ്യബോധമില്ലാത്ത ഭരണകൂടം വിതച്ച തകര്‍ച്ചയുടെ വിത്തുകളാണ് എന്നതാണ് യാഥാര്‍ഥ്യം. തീവ്രസംഘങ്ങളും ക്രിമിനലുകളും അസഹിഷ്ണുക്കളുമെല്ലാം ചേര്‍ന്ന് രാജ്യത്തെ ഒന്നാകെ വിഴുങ്ങുന്ന അവസ്ഥയാണുള്ളത്.
സാമ്പത്തിക ക്ഷയമാണ് രാജ്യത്തിന്റെ തകര്‍ച്ചയുടെ ആദ്യസൂചന. 2024ല്‍ 4.2 ശതമാനം ഉണ്ടായിരുന്ന മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് പോയ വര്‍ഷം 3.7ലേക്ക് കൂപ്പുകുത്തി. ഒരുകാലത്ത് ഇത് 6-7 ശതമാനത്തില്‍ സ്ഥിരമായി നില്‍ക്കുകയായിരുന്നു എന്നോര്‍ക്കണം. ഐ എം എഫ് ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു. 2024 ജൂലൈക്ക് ശേഷമുണ്ടായ രാഷ്ട്രീയ അസ്ഥിരത, ഉത്പാദന മുരടിപ്പ്, നയരാഹിത്യം, നിക്ഷേപകരുടെ നഷ്ടപ്പെടുന്ന വിശ്വാസം എന്നിവ ഐ എം എഫ് എടുത്തുപറയുന്നു.
സാധാരണക്കാരന്റെ വാങ്ങല്‍ ശേഷിയെ അപ്പാടെ തകര്‍ത്തുകളയും വിധം പണപ്പെരുപ്പം രാജ്യത്ത് അതിരൂക്ഷമായി. ഇത് വലിയ തോതിലുള്ള അസംതൃപ്തിയിലേക്ക് നയിച്ചു. വിദേശ വിനിമയ സ്രോതസ്സ് കടുത്ത സമ്മര്‍ദത്തിലാണ്. ഇത് ബാഹ്യ ആവശ്യങ്ങള്‍ക്ക് ഐ എം എഫിനെ ആശ്രയിക്കാന്‍ സര്‍ക്കാറിനെ കൂടുതല്‍ നിര്‍ബന്ധിതമാക്കുന്നു. സ്ഥിരത എന്ന യൂനുസ് ഭരണകൂടത്തിന്റെ അവകാശവാദം ഇപ്പോള്‍ അതിജീവന സാമ്പത്തികം ആയി മാറിയിരിക്കുന്നു. ഇ സി എഫ്, ഇ എഫ് എഫ്, ആര്‍ എസ് എഫ് തുടങ്ങിയ 5.3 ബില്യണ്‍ ഡോളറില്‍ കൂടുതലുള്ള അധിക രക്ഷാ പാക്കേജിലാണ് ഇപ്പോള്‍ ബംഗ്ലാദേശ് പ്രവര്‍ത്തിക്കുന്നത്. നികുതി വര്‍ധന, കറന്‍സി ഉദാരത, സബ്‌സിഡികള്‍ ഒഴിവാക്കല്‍ തുടങ്ങി കടുത്ത എതിര്‍പ്പ് നേരിടുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. തത്ഫലമായി സമ്പൂര്‍ണമായ സ്തംഭനമാണ് രാജ്യത്ത് സംഭവിക്കുന്നത്. പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുകയും എന്നാല്‍ അവക്ക് കാലതാമസം നേരിടുകയും ചെയ്യുന്നു. അവ പുനഃപ്രഖ്യാപനങ്ങളായി മാറുന്നു. ആ ചക്രം തുടരുന്നു. ഒന്നും യാഥാര്‍ഥ്യമാകുന്നില്ല എന്ന് മാത്രം.
വസ്ത്രവ്യവസായം: സാമ്പത്തിക നട്ടെല്ലിന്റെ തകര്‍ച്ച
40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ബംഗ്ലാദേശിന്റെ സാമ്പത്തിക നട്ടെല്ലായ റെഡിമെയ്ഡ് വ്യവസായത്തിന്റെ തകര്‍ച്ച ആ രാജ്യത്തിന്റെ വീഴ്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. മുഹമ്മദ് യൂനുസിന്റെ അധികാരാരോഹണ ശേഷം 113 മുതല്‍ 260 വരെ ഫാക്ടറികളാണ് ബംഗ്ലാദേശില്‍ പൂട്ടിയിരിക്കുന്നത്. 96,000 മുതല്‍ 2,20,000 വരെ തൊഴിലുകളാണ് ഇതുവഴി നഷ്ടമായത്. ചെറുകിട, ഇടത്തരം നിര്‍മാതാക്കള്‍ പതുക്കെ സാമ്പത്തിക ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്. ഫാക്ടറികള്‍ അടച്ചതോടെ എല്ലാ പ്രദേശങ്ങളും സാമ്പത്തിക പ്രയാസത്തില്‍ നട്ടംതിരിയുകയാണ്. അതിന്റെ തകര്‍ച്ച സാമൂഹിക അസ്ഥിരതക്കും കുറ്റകൃത്യങ്ങള്‍ക്കുമുള്ള ഇന്ധനമായി മാറുകയാണ്.
ക്രമസമാധാന തകര്‍ച്ച
സാമ്പത്തിക തകര്‍ച്ചയായിരുന്നു ആദ്യ സൂചനയെങ്കില്‍ ക്രമസമാധാനരാഹിത്യം അത് ഉറപ്പിച്ചു. 2024ലെ നിരക്കില്‍ നിന്ന് ദേശീയ കുറ്റകൃത്യ നിരക്ക് 2025ല്‍ വന്‍തോതിലാണ് ഉയര്‍ന്നത്. ഭവനഭേദന കേസുകള്‍ 40 ശതമാനം ഉയര്‍ന്നു. പിടിച്ചുപറി കേസുകള്‍ മൂന്നിലൊന്ന് പിന്നെയും വര്‍ധിച്ചു. കൊലപാതകങ്ങള്‍ ഉയര്‍ന്നു. മൊത്തം കേസുകള്‍ 1,81,000 ആണ് 2025ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് കേവലം നമ്പറുകല്ല, മറിച്ച് ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ ആഴമാണ് പ്രതിഫലിപ്പിക്കുന്നത്. സുരക്ഷക്കു വേണ്ടി നാട്ടുകാര്‍ സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി വന്നു. സമാനമായി ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളും അരങ്ങുവാഴുന്നു. രാഷ്ട്രീയ അസ്ഥിരതയും നാഥനില്ലായ്മയും പോലീസിന്റെ മനോവീര്യം തകര്‍ത്തു, കമാന്‍ഡ് പവര്‍ ഇല്ലാതായി. ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതില്‍ ഇടക്കാല സര്‍ക്കാറിന്റെ പരാജയം ആ രാജ്യത്തിന്റെ സമ്പൂര്‍ണമായ പതനത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.
വര്‍ഗീയതയുടെ വളര്‍ച്ച
ഒരുപക്ഷേ ബംഗ്ലാദേശിലെ സമകാലിക സംഭവങ്ങളില്‍ ഏറ്റവും വ്യാപ്തിയുള്ള ഒന്ന് സാമൂഹിക പ്രത്യാഘാതങ്ങളാണ്. 2024 ആഗസ്റ്റിനും 2025 ജൂണിനും ഇടയില്‍ 2,400 വിദ്വേഷ കുറ്റകൃത്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ നടന്നു. രാഷ്ട്രീയ അസ്ഥിരത തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ബംഗ്ലാദേശിലെ തെരുവുകളില്‍ വലിയ അവസരങ്ങളാണ് തുറന്നുനല്‍കിയത്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വലിയ നിസ്സംഗത പുലര്‍ത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ പരാജയം അസഹിഷ്ണുതക്ക് വലിയ വിലനല്‍കേണ്ടിവരില്ല എന്ന അപകടകരമായ സന്ദേശമാണ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. ബഹുസ്വരതയിലും ഭാഷാ ദേശീയതയിലും രൂപപ്പെട്ട ഒരു രാജ്യം ഇപ്പോള്‍ ആശയപരമായി വന്‍തകര്‍ച്ചയിലേക്കാണ് വീണിരിക്കുന്നത്.
ഭരിക്കാന്‍ മറന്നുപോയ ടെക്‌നോക്രാറ്റിക് സര്‍ക്കാര്‍
യൂനുസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ബോധപൂര്‍വം സംഭവിച്ചതല്ല, മറിച്ച് തെറ്റായ കണക്കുകൂട്ടലുകളില്‍ രൂപപ്പെട്ടതാണ്. വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ടെക്‌നോക്രസിക്ക് കഴിയുമെന്ന ധാരണയാണ് പൊളിഞ്ഞുവീണത്. രാഷ്ട്രീയ സംവിധാനങ്ങളോ സമ്മതിദാനമോ ഉദ്യോഗസ്ഥരില്‍ സ്വാധീനമോ ഇല്ലാതെയാണ് യൂനുസ് അധികാരം ഏറ്റെടുത്തത്. രാഷ്ട്രീയാതീതമായിരിക്കാനുള്ള ശ്രമം ആ സര്‍ക്കാറിനെ അപ്രസക്തമാക്കി. നിഷ്പക്ഷമായിരിക്കുക എന്നത് അതിനെ നിഷ്‌ക്രിയമാക്കി. പ്രകടനം മോശമായതോടെ ഉത്തരവാദിത്വം ഇല്ലാതായി. ഭരണഘടനാ സ്ഥാപനങ്ങള്‍ ക്ഷീണിച്ചതോടെ അസഹിഷ്ണുത തലപൊക്കി. സമ്പദ് ഘടന ദുര്‍ബലമായതോടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഓരോ പരാജയങ്ങളും അടുത്ത വീഴ്ചക്കുള്ള ഒരു പ്രഷറായി മാറി. അധികാരമില്ലാത്ത സര്‍ക്കാറിന്റെ വിലയാണ് ബംഗ്ലാദേശ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
സ്ഥിരമായ അസ്ഥിരതക്കു മുന്നില്‍
രാജ്യം നേരിടുന്ന അസ്ഥിരത സ്ഥിരമായി മാറുമോ എന്നതാണ് ബംഗ്ലാദേശിനെ സംബന്ധിച്ച് ഇപ്പോള്‍ അടിസ്ഥാനപരമായ ചോദ്യം. സാമ്പത്തിക തകര്‍ച്ച സാമൂഹിക പ്രത്യാഘാതങ്ങളുടെ തോത് വര്‍ധിപ്പിക്കുമോ, മതവര്‍ഗീയത രാജ്യത്തെ വിഴുങ്ങുമോ എന്നിവയും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ്. സദുദ്ദേശ്യം കൊണ്ട് മാത്രം അധികാരവും നിയമനിര്‍വഹണവും സാധ്യമാകില്ല എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഇടക്കാല പരീക്ഷണം ബംഗ്ലാദേശിനെ എത്തിച്ചിരിക്കുന്നത്. പരിഹാരം ഇനിയും കണ്ടെത്താനായില്ലെങ്കില്‍ ബംഗ്ലാദേശ് കൂപ്പുകുത്താനിരിക്കുന്ന ആഴം സങ്കല്‍പ്പങ്ങള്‍ക്കും അതീതമായിരിക്കും.




