National
ഇന്ത്യയെ താരിഫ് കിംഗ് എന്ന് അധിക്ഷേപിച്ച ട്രംപിന്റെ പെട്ടെന്നുള്ള മനംമാറ്റത്തിന് പിന്നിലെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്ന ചരിത്രപരമായ വ്യാപാര കരാറാണ് ട്രംപ് പ്രഖ്യാപിച്ചത്.
ന്യൂഡൽഹി | ഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ കടുത്ത ഉപരോധങ്ങൾ ഭീഷണിപ്പെടുത്തുകയും ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനോഭാവത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റം ആഗോള നയതന്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്ന ചരിത്രപരമായ വ്യാപാര കരാറാണ് ട്രംപ് പ്രഖ്യാപിച്ചത്. മോദിയോടുള്ള ബഹുമാനവും സൗഹൃദവും കാരണമാണ് ഈ തീരുമാനമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഈ മനംമാറ്റത്തിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കാമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാമെന്നും സമ്മതിച്ചതാണ് ട്രംപിനെ തൃപ്തിപ്പെടുത്തിയ പ്രധാന ഘടകമെന്നാണ് നിരീക്ഷകർ പറയുന്നത്. ഇത് ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്നാണ് ട്രംപിന്റെ വാദം. അമേരിക്കയുമായുള്ള ചർച്ചകൾ നീണ്ടുപോയ സാഹചര്യത്തിൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വമ്പൻ വ്യാപാര കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യ മറ്റ് വിപണികളിലേക്ക് നീങ്ങുന്നത് തടയാൻ ട്രംപിന് മേൽ ഇത് വലിയ സമ്മർദ്ദമുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
കൂടാതെ, കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി ഉടൻ ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. യുറേനിയം വിതരണമടക്കമുള്ള നിർണ്ണായക കരാറുകളിൽ കാനഡയും ഇന്ത്യയും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയെ മാത്രം ആശ്രയിക്കാതെ ലോകശക്തികൾ ഇന്ത്യയുമായി കൈകോർക്കുന്നത് ട്രംപിന്റെ കണക്കുകൂട്ടലുകൾ മാറ്റാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.



