Articles
അഹ്മദിന്റെ മതം തിരുത്തുന്നവര്‍
സിഡ്നി അക്രമം സിയോണിസ്റ്റ് ശക്തികള്‍ മുസ്ലിം സമൂഹത്തിനെതിരെ തിരിച്ചുവിടാനുള്ള സാധ്യത ആസ്ത്രേലിയയിലെ മുസ്‌ലിം സമൂഹം കാണുന്നുണ്ട്. ആസ്ത്രേലിയയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനയായ ആസ്‌ത്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇമാംസ് കൗണ്‍സില്‍ (എ എഫ് ഐ എ) ഈ വിഷയത്തില്‍ ജാഗ്രതയിലാണ്.
ആസ്ത്രേലിയന്‍ നഗരമായ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ജൂതരുടെ ഹനൂക്ക ദിനാഘോഷത്തിനിടയില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീച്ച് സന്ദര്‍ശിക്കാനെത്തിയ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റതായി റിപോര്‍ട്ടുണ്ട്. പിതാവും മകനുമാണ് അക്രമികള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവ് സാജിദ് അക്റം (50) സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടു. മകന്‍ നവീദ് അക്റം (24) ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്ക് ഐ എസ് ഐയുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്ന് ഐ എസ് ഐ പതാക കണ്ടെത്തിയിട്ടുണ്ട്. തെലങ്കാന പോലീസ് പറയുന്നത്, സാജിദ് അക്റം ഹൈദരാബാദുകാരനാണെന്നാണ്. സാജിദ് അക്റം 1988ല്‍ ആസ്ത്രേലിയയിലേക്ക് കുടിയേറി. അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് ഇന്ത്യന്‍ പാസ്സ്പോര്‍ട്ടാണ്. കഴിഞ്ഞ മാസം ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചത് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന് ഫിലിപ്പൈന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു.
1996ലെ പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊലക്ക് ശേഷം ആസ്‌ത്രേലിയയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിഡ്നിയിലേത്. ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും കാഴ്ചകള്‍ കാണുന്നതിനുമായി ബോണ്ടി കടല്‍ത്തീരത്ത് നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. പഴം-പച്ചക്കറി വ്യാപാരിയായ അഹ്മദ് അല്‍ അഹ്മദ് അക്രമികളെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അക്രമത്തെ അപലപിച്ചതോടൊപ്പം ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അഹ്മദ് അല്‍ അഹ്മദിനെ രാജ്യത്തിന്റെ ഹീറോയായി പ്രഖ്യാപിക്കുകയും ചെയ്തു.
ജീവന്‍ പണയപ്പെടുത്തിയുള്ള അഹ്മദിന്റെ പ്രവൃത്തിയെ വീരോചിതമായി വാഴ്ത്തപ്പെട്ടു. ഈ സംഭവം അറബ് വംശജനായ അഹ്മദിനെ ആസ്‌ത്രേലിയയിലെ ദേശീയ നായകനാക്കി മാറ്റി. സിഡ്‌നിയെ ഇരുട്ടിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് മുമ്പില്‍ അഹ്മദ് പ്രകാശമായി ജ്വലിച്ചു നില്‍ക്കുകയാണ്. പരുക്കേറ്റ് സിഡ്നിയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹ്മദിനെ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച് അഭിനന്ദനം രേഖപ്പെടുത്തുകയുണ്ടായി. സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ ക്രിസ് മിന്‍സും അഹ്മദിനെ ആശുപത്രിയില്‍ ചെന്നു കണ്ട് രാജ്യത്തിന്റെ നന്ദി അറിയിച്ചു. അഹ്മദിനെ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ ഗവര്‍ണര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഹ്മദിനെ ഹീറോ എന്ന് വിശേഷിപ്പിച്ചു. ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞത്, നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച ഈ മനുഷ്യനാണ് ആസ്ത്രേലിയയുടെ യഥാര്‍ഥ നായകന്‍ എന്നാണ്.
സിറിയന്‍ വംശജനായ അല്‍ അഹ്മദിന്റെ മുഴുവന്‍ പേര് അഹ്മദ് ഹാതിം അല്‍ അഹ്മദ് എന്നാണ്. അലപ്പോ സര്‍വകലാശാലയിലെ പഠനശേഷം സിറിയന്‍ പോലീസില്‍ ചേര്‍ന്നു. തുടര്‍ന്ന് യു എ ഇയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത് 2006ല്‍ ആസ്‌ത്രേലിയയില്‍ സ്ഥിരതാമസമാക്കി. തുടക്കത്തില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് പഴം-പച്ചക്കറി കട ആരംഭിച്ചു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
അല്‍ അഹ്മദിന്റെ പേരും മതവും തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ വ്യക്തി, മുസ്‌ലിം പേരുകാരനായിരിക്കരുതെന്നും ആ വ്യക്തി തങ്ങളുടെ ആളായിരിക്കണമെന്നും ചിലരെങ്കിലും ആഗ്രഹിക്കുന്നു. സംഭവത്തില്‍ ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയെയും അക്രമികളെയും കുറ്റപ്പെടുത്തിയ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഹ്മദിന്റെ ധീരകൃത്യത്തെ പ്രശംസിക്കുന്നതോടൊപ്പം അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ജൂതനെന്നാണ്. അഹ്മദിന്റെ പ്രവര്‍ത്തനത്തെ ജൂതവീര്യം എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അബദ്ധം മനസ്സിലാക്കിയ നെതന്യാഹു പിന്നീട് തിരുത്തി. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സഭാ പത്രം മുഖക്കുറിപ്പില്‍ അഹ്മദിനെ ഹീറോയെന്ന് പുകഴ്ത്തി. പക്ഷേ, അഹ്മദ് ലബനാനില്‍ നിന്നുള്ള ക്രൈസ്തവന്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്.
സമീപത്ത് കാപ്പി കുടിച്ചുകൊണ്ടിരിക്കെയാണ് ബോണ്ടി ബീച്ചില്‍ രണ്ട് പേര്‍ വെടിയുതിര്‍ക്കുന്നത് അഹ്മദിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിരായുധനായ അദ്ദേഹം അക്രമിയില്‍ നിന്ന് ബലമായി തോക്ക് കൈവശപ്പെടുത്തി. അക്രമിയുമായുള്ള പിടിവലിയില്‍ അദ്ദേഹത്തിന്റെ കൈക്കും തോളിലും വെടിയേറ്റു. ഈ സംഭവം മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വൈറലാകുകയായിരുന്നു. തോക്കുധാരികളില്‍ ഒരാളുടെ അടുത്തേക്ക് അഹ്മദ് പാഞ്ഞടുക്കുന്നതും അയാളെ പിടികൂടുന്നതും അക്രമിയുടെ കൈയില്‍ നിന്ന് ആയുധം തട്ടിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.
ദാരുണമായ സിഡ്നി അക്രമം സിയോണിസ്റ്റ് ശക്തികള്‍ മുസ്ലിം സമൂഹത്തിനെതിരെ തിരിച്ചുവിടാനുള്ള സാധ്യത ആസ്ത്രേലിയയിലെ മുസ്‌ലിം സമൂഹം കാണുന്നുണ്ട്. ആസ്ത്രേലിയയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനയായ ആസ്‌ത്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇമാംസ് കൗണ്‍സില്‍ (എ എഫ് ഐ എ) ഈ വിഷയത്തില്‍ ജാഗ്രതയിലാണ്. നിരപരാധികള്‍ കൊല്ലപ്പെട്ട വെടിവെപ്പിനെ ഇമാംസ് കൗണ്‍സില്‍ അപലപിക്കുകയും ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
സിഡ്‌നി സംഭവത്തിന്റെ പേരില്‍ മുതലെടുക്കാനുള്ള ശ്രമം ഇസ്റാഈല്‍ പ്രധാനമന്ത്രി നടത്തുകയുണ്ടായി. ലോകത്തിലെ ജൂതന്മാരുടെ രക്ഷാകര്‍തൃത്വം തങ്ങള്‍ക്കാണെന്നു സ്ഥാപിക്കാന്‍ ടെല്‍അവീവ് ശ്രമിക്കുകയാണ്. സംഭവത്തെ ഫലസ്തീന്‍ വിരുദ്ധ ക്യാമ്പയിനിനുള്ള ആയുധമാക്കാനും ഇസ്റാഈല്‍ പ്രധാനമന്ത്രിയും പ്രസിഡന്റും മുതിരുകയുണ്ടായി. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് ആസ്ത്രേലിയക്കു നല്‍കേണ്ടിവന്ന കനത്ത വിലയാണ് സിഡ്നി സംഭവം എന്നാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ആസ്ത്രേലിയ ഫലസ്തീനിനെ അംഗീകരിച്ചത് കഴിഞ്ഞ സെപ്തംബറിലായിരുന്നു. ഇതിന്റെ പേരില്‍ ഇസ്റാഈല്‍ ആസ്‌ത്രേലിയയുമായുള്ള നയതന്ത്ര ബന്ധം മുറിക്കുകയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക വഴി ആസ്ത്രേലിയന്‍ പ്രധാനമന്ത്രി അല്‍ബനീസ് ജൂത വിദ്വേഷം പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയുമുണ്ടായി. അന്ന് താന്‍ പറഞ്ഞത് ശരിവെക്കുന്നതാണ് സിഡ്നി സംഭവമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി സ്ഥാപിക്കുകയാണ്. ഇസ്റാഈല്‍ പ്രസിഡന്റും സംഭവത്തിന്റെ പേരില്‍ ആസ്‌ത്രേലിയയെ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ സിഡ്നി സംഭവത്തെ ഫലസ്തീന്‍ നിലപാടുമായി കൂട്ടിക്കെട്ടുന്നതിനെ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ചോദ്യം ചെയ്യുകയാണ്. ഫലസ്തീന്‍ വിഷയത്തിന് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് പരിഹാരമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ലോകമെങ്ങും ജൂതര്‍ ഭീഷണി നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. ലോകത്തങ്ങോളമിങ്ങോളം ജൂത സമൂഹത്തിനെതിരെ നടക്കുന്ന അക്രമങ്ങളും കൊലപാതക ശ്രമങ്ങളും കൊലപാതകങ്ങളും ജൂതന്മാരെ ഭീതിപ്പെടുത്തുന്നതാണ്. ഗസ്സയില്‍ ആയിരക്കണക്കിന് നിരപരാധികളെ കൂട്ടക്കൊല നടത്തുന്ന നെതന്യാഹുവിനെതിരെയുള്ള തിരിച്ചടിയാണ് ഇത്തരം സംഭവങ്ങളെന്ന് ജൂതസമൂഹം തിരിച്ചറിയാതിരിക്കില്ല. അവര്‍ നെതന്യാഹുവിനെ തിരുത്താന്‍ രംഗത്തുവരുമെന്ന് കരുതാം.


