Connect with us

Ongoing News

'തോല്‍ക്കാന്‍ മനസ്സില്ല'; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്

2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ മത്സരിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി | വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഗോദയിലുണ്ടാകുമെന്ന് വിനേഷ് അറിയിച്ചു. ശരീരത്തിന് ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2024ലെ പാരീസ് ഒളിംപിക്‌സിലെ ഗുസ്തി ഫൈനലില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു. മത്സരിക്കുന്ന സമയത്ത് നിശ്ചിത പരിധിയെക്കാള്‍ 100 ഗ്രാം ഭാരം കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. നടപടിക്കെതിരെ താരം കായിക തര്‍ക്ക പരിഹാര കോടതി (സി എ എസ്) യില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളപ്പെട്ടു. ഇതോടെ 2024 ആഗസ്റ്റ് എട്ടിന് വിനേഷ് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനു ശേഷമാണ് തീരുമാനം മാറ്റുന്നതായി അറിയിച്ചു കൊണ്ടുള്ള പ്രഖ്യാപനം വിനേഷ് നടത്തിയത്.

വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങിയ വിനേഷ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി ജുലാന മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. 6,015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

‘പാരീസ് ആണോ അവസാനത്തേത് എന്ന് ജനങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. എനിക്ക് മറുപടിയുണ്ടായിരുന്നില്ല. കളത്തില്‍ നിന്ന്, സമ്മര്‍ദത്തില്‍ നിന്ന്, പ്രതീക്ഷകളില്‍ നിന്ന്, സ്വന്തം അഭിലാഷങ്ങളില്‍ നിന്നു പോലും എനിക്ക് മാറിനില്‍ക്കേണ്ടതുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആദ്യമായി സമ്മര്‍ദം കൂടാതെ ശ്വാസമെടുക്കാന്‍ ഞാന്‍ എന്നെ അനുവദിച്ചു.’- വിനേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി ജെ പി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് വിനേഷ് ഫോഗട്ട് നേതൃത്വം നല്‍കിയിരുന്നു. പിന്നീടാണ് ഒളിംപിക്‌സില്‍ താരം അയോഗ്യയാക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങളാണ് രാജ്യത്ത് ഉയര്‍ന്നത്.

 

---- facebook comment plugin here -----

Latest