Connect with us

Articles

ഷാവേസാകുമോ മദുറോ?

സാമ്രാജ്യത്വ ശക്തികള്‍ ഒരു രാജ്യത്തെ ശത്രുവായി പ്രഖ്യാപിച്ചാല്‍, ഭരണാധികാരിയെ പുറത്താക്കണമെന്ന് തീരുമാനിച്ചാല്‍ അത് നേടിയെടുക്കാന്‍ ഏത് വഴിയും തിരഞ്ഞെടുക്കും. ഉപരോധിക്കും. സൈന്യത്തെ ഇറക്കും. ഒരു അന്താരാഷ്ട്ര നിയമവും അതിന് തടസ്സമാകില്ല. എന്നാല്‍ ആത്മാഭിമാനമുള്ള ജനത പ്രതിരോധിക്കാന്‍ തീരുമാനിച്ചാല്‍ കളി മാറും. അതാണ് ചരിത്രം. ധീരമായ പ്രതിരോധത്തിലേക്ക് വെനസ്വേലന്‍ ജനതയെ ഉണര്‍ത്താന്‍ നിക്കോളാസ് മദുറോക്ക് സാധിക്കുമോ?

Published

|

Last Updated

വെനസ്വേലന്‍ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ പ്രസംഗ പീഠത്തിന് പിന്നില്‍ നില്‍ക്കുന്നു. ആമുഖമോ ഉപചാരവാക്കുകളോ ഇല്ല. ഒറ്റ വാചകം കൊണ്ട് സംസാരം തുടങ്ങുന്നു: ‘ഇവിടെയാകെ വെടിമരുന്നിന്റെ ഗന്ധം പരന്നിരിക്കുന്നു. കൊലയാളി നിന്നിടത്ത് നിന്ന് മറ്റൊരു ഗന്ധം ഉണ്ടാകാനിടയില്ലല്ലോ’- ഷാവേസിന് തൊട്ട് മുമ്പ് സംസാരിച്ചത് അന്നത്തെ യു എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ആയിരുന്നു. വെനസ്വേലയെന്ന എണ്ണ സമ്പന്നമായ ലാറ്റിനമേരിക്കന്‍ രാജ്യത്തോട് യു എസിന്റെ അടങ്ങാത്ത പകയുടെ കാരണം മനസ്സിലാക്കാന്‍ ഷാവേസിന്റെ ഈ ഒരൊറ്റ വാചകം മതിയാകും. ഉപരോധം കൊണ്ടും സൈനിക ഭീഷണികള്‍ കൊണ്ടും നിഗൂഢമായ ചാരപ്രവര്‍ത്തനങ്ങള്‍ കൊണ്ടും ആ രാജ്യത്തെ വരിഞ്ഞുമുറുക്കുന്നത് എന്തിനെന്ന് മനസ്സിലാക്കാനും ആ ‘കൊലയാളി’ പ്രയോഗം മതിയാകും. വെനസ്വേല മഹത്തായ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണെന്നോ അവിടെയുള്ള ഭരണാധികാരികള്‍ പ്രതിപക്ഷ ബഹുമാനത്തോടെ കാര്യങ്ങള്‍ തീരുമാനിക്കുന്നവരാണെന്നോ ഇപ്പറഞ്ഞതിന് അര്‍ഥമില്ല. എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ പ്രതിരോധം തീര്‍ത്ത ലാറ്റിനമേരിക്കന്‍ കൂട്ടായ്മയില്‍ ക്യൂബയോളം, ബൊളീവിയയോളം പ്രാധാന്യം ഈ രാജ്യത്തിനുണ്ട്. ഇറാന്‍ വിഷയത്തില്‍ മാത്രമല്ല യു എസ് ഉപരോധം കെടുതികള്‍ സൃഷ്ടിച്ച സര്‍വ ഇടങ്ങളിലും നേര്‍വിപരീതത്തില്‍ നിന്ന രാജ്യമാണ് വെനസ്വേല. ഹ്യൂഗോ ഷാവേസിന്റെ ഭരണകാലത്താണ് ഈ ദൗത്യം ഏറ്റവും ഉജ്ജ്വലമായ നട്ടെല്ലുറപ്പ് കാണിച്ചത്. സാമ്രാജ്യത്വത്തിന്റെ തൊട്ടുകൂടായ്മാ തീട്ടൂരങ്ങളെ വെനസ്വേല ലംഘിച്ചു. ഇറാനെ തൊട്ടു, ഇസ്റാഈലിനെ അകറ്റി. ബരാക് ഒബാമയുടെ കാലത്ത് ക്യൂബയുമായി കൈകോര്‍ത്തപ്പോഴും വെനസ്വേലയെ ഉപരോധത്തിന്റെ ഇരുമ്പഴിക്കകത്ത് തന്നെ നിര്‍ത്തുകയായിരുന്നു.

ഇപ്പോള്‍ വെനസ്വേല വാര്‍ത്തകളില്‍ നിറയുന്നത് ആ രാജ്യത്തിന് ചുറ്റും അമേരിക്ക നടത്തുന്ന സൈനിക വിന്യാസത്തിന്റെ പേരിലാണ്. മറ്റൊരു യുദ്ധമുഖം തുറക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേല കേന്ദ്രമായി ലോകത്തെ ഏറ്റവും വിപുലമായ മയക്കുമരുന്ന് കാര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആ സംഘം യു എസിലേക്ക് മയക്കുമരുന്ന് കടത്തുകയാണെന്നും തങ്ങളുടെ രാജ്യത്തെ തകര്‍ക്കാനുള്ള പരോക്ഷ യുദ്ധമാണിതെന്നും ട്രംപ് വാദിക്കുന്നു. മയക്കുമരുന്ന് കടത്തുകാരെ ‘കരയില്‍’ ആക്രമിക്കാന്‍ യു എസ് തയ്യാറെടുക്കുകയാണെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞത്. എന്നുവെച്ചാല്‍ വെനസ്വേലക്കെതിരെ നേരിട്ടുള്ള സൈനിക നടപടി ആസന്നമായിരിക്കുന്നുവെന്ന് തന്നെ. മയക്കുമരുന്ന് ലോബി തകര്‍ക്കലൊന്നുമല്ല യഥാര്‍ഥ ലക്ഷ്യം.

സെപ്തംബര്‍ മുതല്‍ കരീബിയന്‍ കടലിലും പസഫിക് സമുദ്രത്തിലുമായി യു എസ് രണ്ട് ഡസനിലധികം ആക്രമണങ്ങള്‍ നടത്തി. 80ലേറെ പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ഏറ്റവും പുതിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ലക്ഷ്യമിട്ട ബോട്ടുകളില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നോ അവയില്‍ കൊള്ളക്കാര്‍ തന്നെയായിരുന്നുവെന്നതിനോ ഒരു തെളിവും ട്രംപ് ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. സര്‍വ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് ഈ ആക്രമണങ്ങള്‍. ആ നിലക്ക് ഒരു ന്യായീകരണവുമില്ലാത്ത കടന്നുകയറ്റമാണവ. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്; ആയിരക്കണക്കിന് സൈനികര്‍; എഫ്-35 സൈനിക ജെറ്റുകള്‍. സമീപ ആഴ്ചകളില്‍ കരീബിയന്‍ മേഖലയില്‍ ട്രംപ് വിന്യസിച്ചത് വന്‍ സന്നാഹമാണ്. വെനസ്വേലന്‍ പ്രസിഡന്റ്‌നിക്കോളാസ് മദുറോയെ വധിക്കാന്‍ പദ്ധതിയിടുക, പ്രതിപക്ഷത്തെ വിലക്കെടുത്ത് ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടുക, വെനസ്വേലന്‍ എണ്ണക്കമ്പനികളുടെ വ്യാപാരം തകര്‍ക്കാന്‍ കരുക്കള്‍ നീക്കുക തുടങ്ങിയ വൈരനിര്യാതന ശ്രമങ്ങളും തകൃതിയായി നടക്കുന്നു.

സാമ്പത്തിക, സാമൂഹിക പ്രതിസന്ധികള്‍ക്കും സ്ഥാനഭ്രഷ്ടനാക്കാനുള്ള യു എസിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കുമിടയില്‍ 12 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന മദുറോ 2014 ജൂലൈയിലാണ് ഒടുവില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ മദുറോ 51.21 ശതമാനം വോട്ട് നേടി വിജയിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എതിരാളി ഡെമോക്രാറ്റിക് യൂനിറ്ററി പാര്‍ട്ടി നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസിന് 44.2 ശതമാനം വോട്ടാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ കണക്കുകളൊന്നും വെരിഫൈഡ് അല്ലെന്നും യഥാര്‍ഥത്തില്‍ വിജയിച്ചത് ഗോണ്‍സാലസ് ആണെന്നും പ്രതിപക്ഷവും യു എസ് അനുകൂല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു. മരിയ കൊറീന മച്ചാഡോയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായി വരേണ്ടിയിരുന്നത്. തികഞ്ഞ ഇസ്റാഈല്‍ പക്ഷപാതിയായ അവര്‍ക്ക് സ്വത്ത് സംബന്ധിച്ച വിശദമായ കണക്ക് നല്‍കാന്‍ സാധിച്ചില്ലെന്ന് കാണിച്ച് മത്സരം തടഞ്ഞു. അതോടെ പ്രതിപക്ഷം ക്രമക്കേട് ആരോപിച്ച് രംഗത്ത് വന്നു. ഒടുവില്‍ മച്ചാഡോയുടെ നിഴല്‍ സ്ഥാനാര്‍ഥിയായ ഗോണ്‍സാലസ് വന്നു. (ഈ മച്ചാഡോക്കാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം ലഭിച്ചത്. നൊബേലിന്റെ രാഷ്ട്രീയം ലോകവിശേഷം നേരത്തേ ചര്‍ച്ച ചെയ്തിരുന്നുവല്ലോ). നിയുക്ത പ്രസിഡന്റെന്നാണ് ഗോണ്‍സാലസിനെ യു എസും വേനസ്വേലന്‍ പ്രതിപക്ഷവും വിളിക്കുന്നത്. പ്രതിപക്ഷത്തിന് വെനസ്വേലയില്‍ വലിയ പണിയൊന്നുമില്ല. പണം യു എസില്‍ നിന്ന് വരും. വിദഗ്ധ ഉപദേശവും. ജൂലൈയില്‍ തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് ജനുവരിയിലായിരിക്കുമെന്നതാണ് ചട്ടം. അതനുസരിച്ച് മൂന്നാമൂഴത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് മദുറോയെ പൂട്ടാന്‍ ട്രംപ് യുദ്ധസന്നാഹവുമായിറങ്ങുന്നത്.

1999 മുതല്‍ 2013 വരെ രാജ്യം ഭരിച്ച ഹ്യൂഗോ ഷാവേസിന്റെ നേര്‍പ്പതിപ്പായി സ്വയം അവകാശപ്പെടുന്നയാളാണ് നിക്കോളാസ് മദുറോ. അതുകൊണ്ട് ഷാവേസിനോടുള്ള യു എസിന്റെ ശത്രുത മദുറോയിലും തുടരുന്നു. ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോയും ബൊളീവിയയിലെ ഇവോ മൊറേല്‍സും ഇറാനിലെ അഹ്മദി നജാദുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ സാമ്രാജ്യത്വവിരുദ്ധ ചേരിക്ക് ആവേശകരമായ നേതൃത്വം നല്‍കിയത് ഷാവേസായിരുന്നു. രാജ്യത്തെ എണ്ണ സമ്പത്ത് അദ്ദേഹം പൂര്‍ണമായി ദേശസാത്കരിച്ചു. സ്വകാര്യ, വിദേശ കമ്പനികളെ മുഴുവന്‍ പുറത്താക്കി. ലാറ്റിനമേരിക്കന്‍ സാമ്പത്തിക സഹകരണത്തിന് കരാറുകളുണ്ടാക്കി. അമേരിക്കയെ നിരന്തരം വെല്ലുവിളിച്ചു. കുതിച്ചുയരുന്ന എണ്ണ വിലയുടെ നല്ല പങ്ക് രാജ്യത്തെ പാവപ്പെട്ട ജനങ്ങളിലെത്തിക്കാന്‍ ഷാവേസിന് സാധിച്ചു. അദ്ദേഹം സൃഷ്ടിച്ചെടുത്ത സവിശേഷമായ സോഷ്യലിസ്റ്റ് മാതൃക വെനസ്വേലയെ സാവധാനം കിടയറ്റ സാമ്പത്തിക ശക്തിയാക്കുകയായിരുന്നു. അമേരിക്കയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്ന അട്ടിമറി ശ്രമങ്ങളെ അദ്ദേഹം അതിജീവിച്ചുവെന്ന് മാത്രമല്ല, അത് അവസരമാക്കിയെടുത്ത് അധികാരകേന്ദ്രീകരണം നടത്തുകയും ചെയ്തു. ഇസ്‌റാഈലിനോടും അദ്ദേഹം എക്കാലവും കലഹിച്ചു. എണ്ണ സമ്പത്തിന്റെ ദേശസാത്കരണമടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഷാവേസിനെ വന്‍കിട കുത്തക കമ്പനികളുടെയും അതുവഴി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ഒന്നാം നമ്പര്‍ ശത്രുവാക്കി മാറ്റി. കടുത്ത ഉപരോധത്തിനിടക്കും അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് എണ്ണ വിറ്റയാളാണ് ഷാവേസ്.

തന്റെ പിന്‍ഗാമിയായി നിക്കോളാസ് മദുറോയെ നിശ്ചയിച്ചത് ഹ്യൂഗോ ഷാവേസ് തന്നെയായിരുന്നു. ‘ഷാവേസ് ദെ ലോ ജൂറോ, മി വോട്ട് എസ് പാരാ മദുറോ’ എന്നായിരുന്നു ഷാവേസിന്റെ മരണ ശേഷം നടന്ന തിരഞ്ഞെടുപ്പിലെ ഔദ്യോഗിക മുദ്രാവാക്യം. ‘ഷാവേസ് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. എന്റെ വോട്ട് മദുറോക്ക്’ എന്നര്‍ഥം. പ്രസംഗത്തിലും അംഗവിക്ഷേപങ്ങളിലും ഷാവേസിനെ അനുകരിക്കുന്ന മദുറോക്ക് പക്ഷേ പലയിടങ്ങളില്‍ കാലിടറി. ആഗോള എണ്ണ വിപണിയില്‍ 2014ല്‍ സംഭവിച്ച വിലയിടിവ് വെനസ്വേലയെ പിടിച്ചുലച്ചപ്പോള്‍ ആ പ്രതിസന്ധി മറികടക്കാനാകാതെ പകച്ചു നില്‍ക്കുന്ന മദുറോയെയാണ് കണ്ടത്. അമേരിക്കന്‍ സ്‌പോണ്‍സര്‍ഷിപ്പോടെ കൂറ്റന്‍ പ്രക്ഷോഭത്തിലേക്ക് രാജ്യം കൂപ്പുകുത്തി. അതിന് തുടര്‍ച്ചയായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇന്നും വെനസ്വേല കരകയറിയിട്ടില്ല. മദുറോ തേടിയ രാഷ്ട്രീയ പരിഹാരങ്ങള്‍ പലതും സ്വേച്ഛാധിപത്യപരമെന്ന വ്യാഖ്യാനത്തിന് ഇടനല്‍കുന്നതായിരുന്നു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലി കോടതിയുടെ പിന്തുണയോടെ അദ്ദേഹം പിരിച്ചു വിട്ടു. ഭരണത്തില്‍ സൈന്യത്തിന് കൂടുതല്‍ ഇടം നല്‍കി. കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ ജയിലിലായി.

ഷാവേസിനെ നേരിട്ടതിനേക്കാള്‍ എത്രയോ എളുപ്പമാണ് മദുറോയെ വീഴ്ത്താനെന്ന് ട്രംപ് ഭരണകൂടത്തിന് നന്നായറിയാം. വെനസ്വേലക്ക് ചുറ്റും യു എസ് സൈനിക വിന്യാസം നടത്തുമ്പോള്‍ ‘എല്ലാം നല്ലതിനാ’ണെന്ന് ആത്മഗതം കൊള്ളുന്ന വെനസ്വേലക്കാരുടെ എണ്ണം കൂടിവരികയാണ്. ലാറ്റിനമേരിക്കയിലെ പൊതുരാഷ്ട്രീയം ബൊളിവര്‍ പാരമ്പര്യത്തില്‍ നിന്ന് വല്ലാതെ മാറുകയും ചെയ്തിരിക്കുന്നു. സഖ്യശക്തികളായ റഷ്യയും ചൈനയും ഇറാനുമൊക്കെ പ്രായോഗിക രാഷ്ട്രീയം വിട്ട് വെനസ്വേലയെ സഹായിക്കാന്‍ വരുമെന്ന് ഉറപ്പാക്കാനാകാത്ത സ്ഥിതിയുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. ഇതിലേക്ക് കടന്ന് കയറണമെങ്കില്‍ തങ്ങളുടെ മൂക്കുകയറില്‍ ചലിക്കുന്ന ഭരണസംവിധാനം അവിടെ നിലവില്‍ വരണമെന്ന് അമേരിക്ക നിശ്ചയിച്ചിട്ടുണ്ട്. 2023ല്‍ 303 ബില്യണ്‍ ബാരലായിരുന്നു വെനസ്വേലന്‍ ഓയില്‍ റിസര്‍വ്. എന്നാല്‍ അതേ വര്‍ഷം അവര്‍ നാല് ബില്യണ്‍ ഡോളറിന്റെ ക്രൂഡ് മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളൂ. പ്രധാനമായും ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണ് ഇതിന് കാരണം. പൊതുമേഖലാ എണ്ണ പര്യവേക്ഷണ സംവിധാനങ്ങള്‍ പഴഞ്ചനായിരിക്കുന്നു. ഉപരോധത്തില്‍ ഉഴലുന്ന വെനസ്വേലക്ക് ഇത് ആധുനികവത്കരിക്കാനുള്ള ശേഷിയില്ല. വിശാലമായ ഓയില്‍ റിസര്‍വ് പൂര്‍ണമായും പ്രയോജനപ്പെടുത്താനാകുന്നില്ല. ഒബ്സര്‍വേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റിയുടെ ഡാറ്റ പ്രകാരം, വെനസ്വേല 2023ല്‍ വെറും 4.05 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അസംസ്‌കൃത എണ്ണയാണ് കയറ്റുമതി ചെയ്തത്. സഊദി അറേബ്യ (181 ബില്യണ്‍ ഡോളര്‍), യു എസ് (125 ബില്യണ്‍), റഷ്യ (122 ബില്യണ്‍ ) എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന കയറ്റുമതിക്കാരേക്കാള്‍ വളരെ താഴെയാണിത്. ക്ഷാമവും വ്യാപകമായ പണപ്പെരുപ്പവും രാജ്യം അനുഭവിക്കുന്നു. അടുത്ത വര്‍ഷം പണപ്പെരുപ്പ നിരക്ക് 600 ശതമാനത്തിലെത്തുമെന്നാണ് ഐ എം എഫിന്റെ പ്രവചനം. ജനങ്ങള്‍ പലായനം തുടങ്ങിയെന്നാണ് റിപോര്‍ട്ട്.

എന്നാല്‍ ‘ഒരു സാഹചര്യത്തിലും സാമ്രാജ്യത്വ ശക്തിയുടെ അധിനിവേശം ഞങ്ങള്‍ അനുവദിക്കില്ല,’ എന്നാണ് രാജ്യതലസ്ഥാനമായ കാരക്കാസിലെ ഏറ്റവും വലിയ സൈനിക സമുച്ചയമായ ഫ്യൂര്‍ട്ടെ ടിയുനയില്‍ പുതിയ സൈനിക ദളത്തിന്റെ പാസ്സിംഗ് ഔട്ട് ചടങ്ങില്‍ സൈനിക മേധാവി കേണല്‍ ഗബ്രിയേല്‍ റെന്‍ഡന്‍ പ്രഖ്യാപിച്ചത്. സാമ്രാജ്യത്വ ശക്തികള്‍ ഒരു രാജ്യത്തെ ശത്രുവായി പ്രഖ്യാപിച്ചാല്‍, ഭരണാധികാരിയെ പുറത്താക്കണമെന്ന് തീരുമാനിച്ചാല്‍ അത് നേടിയെടുക്കാന്‍ ഏത് വഴിയും തിരഞ്ഞെടുക്കും. ഉപരോധിക്കും, ഭീഷണിപ്പെടുത്തും. സൈന്യത്തെ ഇറക്കും. ഒരു അന്താരാഷ്ട്ര നിയമവും അതിന് തടസ്സമാകില്ല. എന്നാല്‍ ആത്മാഭിമാനമുള്ള ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ തീരുമാനിച്ചാല്‍ കളി മാറും. അതാണ് ചരിത്രം. ധീരമായ പ്രതിരോധത്തിലേക്ക് വെനസ്വേലന്‍ ജനതയെ ഉണര്‍ത്താന്‍ നിക്കോളാസ് മദുറോക്ക് സാധിക്കുമോ? മദുറോക്കും കുടുംബത്തിനും നാടുവിടാന്‍ സൗകര്യമൊരുക്കുമെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞിട്ടുള്ളത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest