Connect with us

Kerala

ശബരിമല കൊടിമര പുനര്‍നിര്‍മാണം; സിനിമാ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചു. 

Published

|

Last Updated

തിരുവനന്തപുരം| ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിജിലന്‍സിന് മൊഴി നല്‍കി സിനിമാ പ്രവര്‍ത്തകര്‍. ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചു.  സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല.

2017ല്‍ നടന്ന കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വര്‍ണം സ്വീകരിച്ചതില്‍ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുരേഷ് ഗോപി, ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മുന്‍ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമര്‍പ്പിച്ച പട്ടികയില്‍ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.ഇതില്‍ സുരേഷ് ഗോപി വിശദീകരണം നല്‍കിയിരുന്നു. കൊടിമരത്തിലെ വാജിവാഹനത്തില്‍ താന്‍ തന്നെയാണ് സ്വര്‍ണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളില്‍ തന്റെ മകന്‍ ഗോകുല്‍ സുരേഷും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേര്‍ന്നാണ് സ്വര്‍ണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകള്‍ നാളെ എസ്‌ഐടി കോടതിയില്‍ ഹാജരാക്കും. സന്നിധാനത്തെ ദ്വാരപാലകപാളികള്‍, കട്ടളപ്പാളി ശ്രീകോവിലിന്റെ വശങ്ങളിലെ തൂണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ ആണ് കോടതിയില്‍ ഹാജരാക്കുന്നത്.

---- facebook comment plugin here -----

Latest