Connect with us

Ongoing News

അയൽപ്പൂരം; ഇന്ത്യാ- പാകിസ്താൻ പോരിന് മണിക്കൂറുകൾ മാത്രം ബാക്കി

അഭിഷേക് ശർമ ഇന്ന് കളിക്കും

Published

|

Last Updated

കൊളംബോ | ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ പോരാട്ടം ഇന്ന്. ഫൈനൽ പോലെ ആവേശം പകരുന്ന മത്സരത്തിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാകുന്നത്. വൈകിട്ട് ഏഴ് മുതൽ സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും തത്സമയം കാണാം. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്താൻ നിലപാടെടുത്തിരുന്നു. പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ സി സി), ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി സി ബി) എന്നിവ നടത്തിയ വിവിധ ചർച്ചക്കൊടുവിലാണ് പാക് സർക്കാർ തങ്ങളുടെ ടീമിന് കളിക്കാൻ അനുമതി നൽകിയത്.

അസുഖം കാരണം നമീബിയക്കെതിരായ മത്സരം കളിക്കാതിരുന്ന ഇന്ത്യൻ ഓപണർ അഭിഷേക് ശർമ ഇന്ന് കളിക്കും. അങ്ങനെയാണെങ്കിൽ സഞ്ജു സാംസൺ പുറത്താകും. കഴിഞ്ഞ മത്സരത്തിൽ എട്ട് പന്തിൽ 22 നേടി സഞ്ജു തിളങ്ങിയിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ അണിനിരക്കുന്ന ബാറ്റിംഗ് നിര പാക് ബൗളർമാർക്ക് വെല്ലുവിളിയുയർത്തും. കൊളംബോയിലെ പിച്ച് സ്പിന്നിനെ തുണക്കുന്നതിനാൽ ഇന്ത്യ അര്‍ഷ്ദീപ് സിംഗിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെയോ കുൽദീപ് യാദവിനെയോ കളിപ്പിക്കാനിടയുണ്ട്.

ആദ്യ രണ്ട് കളിയും ജയിച്ച ഇരു ടീമുകൾക്കും സൂപ്പർ എട്ടിലേക്ക് മുന്നേറാൻ ജയം അനിവാര്യം. റൺറേറ്റിൽ മുന്നിലുള്ള ഇന്ത്യയാണ് ഗ്രൂപ്പ് എയിൽ ഒന്നാമത്. പാകിസ്താൻ രണ്ടാം സ്ഥാനത്താണ്. യു എസിനെ 29 റൺസിന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം മത്സരത്തിൽ നമീബിയയെ 93 റൺസിന് തോൽപ്പിച്ചു. എന്നാൽ, ബാറ്റിംഗ് നിര പതിവ് മികവിലേക്ക് ഉയർന്നിട്ടില്ല. നെതർലാൻഡ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച പാകിസ്താൻ രണ്ടാം മത്സരത്തിൽ യു എസിനെ 32 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം കൊളംബോയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. 70 ശതമാനമാണ് മഴക്ക് സാധ്യത പ്രവചിക്കുന്നത്. ടി20യിൽ ഫലമുണ്ടാകണമെങ്കിൽ അഞ്ച് ഓവറെങ്കിലും കളിക്കേണ്ടതുണ്ട്. ഇതും സാധ്യമല്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. ടീമുകൾക്ക് ഒരു പോയിന്റ് വീതം ലഭിക്കും.

ടി20 ലോകകപ്പുകളിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത്. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്താൻ ജയിച്ചത് ഒന്ന് മാത്രം. 2021ൽ ദുബൈയിലായിരുന്നു പാകിസ്താൻ ജയിച്ചത്. ഏഷ്യാ കപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും ഫൈനലിൽ അഞ്ച് വിക്കറ്റിനും ജയിച്ച് ഇന്ത്യ ആധിപത്യം അരക്കിട്ടുറപ്പിച്ചു.

---- facebook comment plugin here -----

Latest