vazhivilakku
കല്യാണ മാമാങ്കം: നമുക്ക് വഴിപിഴക്കുന്നോ?
വിവാഹം പരസ്യപ്പെടുത്തുന്നത് പുണ്യമാണ്. അതിനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഹറാമുകള്‍ ഒഴിവാക്കിയും പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വിവേചനമില്ലാതെ ഭക്ഷണം നല്‍കിയും അതിനെ ധന്യമാക്കുക. കുടുംബ ബന്ധം ദൃഢമാക്കാന്‍ ഉപയോഗപ്പെടുത്തുക. സജ്ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത വകവെച്ചു നല്‍കുന്ന സൗകര്യങ്ങള്‍ ഒരുക്കുക. അതിനപ്പുറത്തുള്ള ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇസ്‌ലാമിനെ അവഹേളിക്കുന്ന ദുരന്തങ്ങളാണ്. അകറ്റിനിര്‍ത്താന്‍ ആര്‍ജവം കാണിക്കുക.
വിവാഹവും ദാമ്പത്യ ജീവിതവും മുസ്‌ലിമിന് ആരാധനയാണ്. ഇബാദതുകള്‍ അതിന്റെ പവിത്രതയോടെയും പ്രാധാന്യത്തോടെയും നിര്‍വഹിക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. ആരാധനകളെ അരുതായ്മകളോട് ചേര്‍ത്തുകെട്ടുക എന്നത് മതനിയമങ്ങളെ അപമാനിക്കലാണ്. ഈ അര്‍ഥത്തില്‍ ജീവിതാവസാനം വരെ നിലനില്‍ക്കേണ്ട പവിത്രമായ വിവാഹ ഉടമ്പടിയെ ഹറാമുകളുടെ പ്രളയത്തില്‍ മുക്കിയെടുക്കുന്ന കല്യാണ കാഴ്ചകള്‍ എത്ര വലിയ അപരാധമാണ്.
പണക്കൊഴുപ്പും ധൂര്‍ത്തും ഒരു ഭാഗത്ത്. ആനപ്പുറത്തേറിയും ജെ സി ബിയില്‍ കയറിയും തുടങ്ങി ആഭാസത്തിന്റെ പാരമ്യതയിലെത്തിയ പുതിയാപ്പിള വരവുകള്‍. ഇരുപതും ഇരുപത്തിയഞ്ചും വിഭവങ്ങള്‍ നിരത്തി ഭക്ഷണ വൈവിധ്യങ്ങള്‍. സംഗീതത്തിന്റെ അകമ്പടിയോടെ കെട്ടിയോന്റെ കൈപിടിച്ച് വട്ടം കറങ്ങിയും ആലിംഗനം ചെയ്തും പുതുനാരിയുടെ പേക്കൂത്ത്. പ്രീവെഡ്ഡിംഗ് ആഭാസങ്ങള്‍ എന്ന ഒരിനം വേറെ. എന്‍ഗേജ്മെന്റ്, ഹല്‍ദി, മെഹന്തി, ബ്രൈഡ് ടു ബി, ഗ്രൂം ടു ബി എന്നിങ്ങനെ ഹറാമിന്റെ അനേകം ഘട്ടങ്ങള്‍. സമുദായത്തെ ദുരന്തം എത്രമേല്‍ ഗ്രസിച്ചിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഓരോ കല്യാണ കാഴ്ചകളും.
മനുഷ്യജീവിതത്തെ ഏറ്റവും മനോഹരമായി ആവിഷ്‌കരിച്ച വിശുദ്ധ ഇസ്‌ലാമിനെ എത്ര മാത്രം അവഗണിക്കുന്നുണ്ട് ഈ കെട്ടുകാഴ്ചകള്‍?. ആര്‍ഭാടങ്ങളോട് യുദ്ധം പ്രഖ്യാപിച്ച ഒരു പ്രത്യയശാസ്ത്രത്തിനാണ് അമിതവ്യയത്തില്‍ ശ്വാസം മുട്ടുന്നത്. അതിഥികളെ ആദരിക്കുന്നത് പുണ്യമാണ്. എന്നാല്‍ അതിനും ഒരു പരിധി വേണ്ടേ? കലവറയില്‍ ഒരുക്കി നിരത്തിയിരിക്കുന്ന വിഭവങ്ങള്‍ നിങ്ങളുടെ മനസ്സിന് പകരുന്നത് നിര്‍വൃതിയാണോ പൊങ്ങച്ചത്തിന്റെ കുമിളകളാണോ?
ഖുര്‍ആന്‍ പറയുന്നത് കേള്‍ക്കൂ: ‘തീര്‍ച്ചയായും ധൂര്‍ത്തടിക്കുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചാകട്ടെ തന്റെ രക്ഷിതാവിനോട് നന്ദികെട്ടവനും’ (സൂറത്തുല്‍ ഇസ്റാഅ്: 27). മിതത്വമാണ് മതം കാംക്ഷിക്കുന്നത്. സത്യവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നതും അതാണ്. ‘ചെലവഴിക്കുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാത്തവരും, അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.’ (സൂറത്തുല്‍ ഫുര്‍ഖാന്‍: 67). ഹദീസിലും ഈ ആശയം തിരുനബി(സ) അടിവരയിടുന്നുണ്ട്. ‘ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്തുന്ന വിവാഹമാണ് ഏറ്റവും ബറക്കത്തുള്ള വിവാഹം.’ (ബൈഹഖി). മിതവ്യയം ചെയ്യുന്നവരെന്ന സത്യവിശ്വാസിയുടെ വിശേഷണം തിരസ്‌കരിച്ച് നാം പിശാചിന്റെ ദാസരാകുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?.
സ്ത്രീ- പുരുഷ സമ്പര്‍ക്കമൊരുക്കി വിവാഹ വേദികളില്‍ സംഘടിപ്പിക്കുന്ന നൃത്തങ്ങള്‍ക്കും സംഗീതങ്ങള്‍ക്കും എന്താണ് പ്രമാണമെന്ന് നാം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളില്‍ ഒന്നാണ് അന്യപുരുഷന്മാര്‍ കാണുന്ന രീതിയില്‍ സ്ത്രീകള്‍ അലങ്കാരങ്ങള്‍ വെളിപ്പെടുത്തരുത് എന്നത്. കല്യാണവീടുകളില്‍ അന്യപുരുഷന്മാരുടെ മുന്നില്‍ വെച്ചാണ് ഇത്തരം നൃത്തങ്ങള്‍ നടക്കുന്നത്. ഇത് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന ഹിജാബിന്റെയും ലജ്ജയുടെയും മര്യാദകള്‍ക്ക് വിരുദ്ധമാണ്. ‘എന്റെ സമുദായത്തില്‍പ്പെട്ട ചില വിഭാഗങ്ങള്‍ വരും; അവര്‍ വ്യഭിചാരത്തെയും പട്ടിനെയും മദ്യത്തെയും സംഗീത ഉപകരണങ്ങളെയും അനുവദനീയമായി കാണും.’ (സ്വഹീഹുല്‍ ബുഖാരി) എന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയ ഹതഭാഗ്യര്‍ നമ്മളാണോ?
സിനിമയെയും മറ്റ് സംസ്‌കാരങ്ങളെയും അനുകരിക്കാനുള്ള ഭ്രമമാണ് ഈ വേഷംകെട്ടലുകള്‍ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം. അതിന്റെ പേരില്‍ വന്നുചേരുന്നതാകട്ടെ ഇസ്‌ലാമിന്റെ പുറത്തേക്ക് നടക്കാനുള്ള എളുപ്പവഴിയും. നബി(സ) പറയുന്നു: ‘ആരെങ്കിലും ഒരു ജനതയെ അനുകരിച്ചാല്‍ അവന്‍ അവരില്‍ പെട്ടവനാണ്.’ (അബൂദാവൂദ്).
വിവാഹ വേളകളില്‍ പാട്ടുകള്‍ പാടാന്‍ ഇസ്‌ലാം അനുവാദം നല്‍കിയിട്ടുണ്ട്. അതില്‍ നിന്ന് സ്ത്രീകളെ ഇസ്‌ലാം ഒഴിവാക്കിയിട്ടില്ല. എന്നാല്‍ ആ സദസ്സ് അവര്‍ക്ക് മാത്രമായി സംവിധാനിക്കണം. അത് ചിത്രീകരിക്കുന്നതും വാട്സാപ്പ് വഴി തുറന്നുവിട്ട് സോഷ്യല്‍ മീഡിയയുടെ അതിരില്ലാത്ത ലോകത്തേക്ക് എത്തുന്നതും വിലക്കണം.
ഓര്‍ക്കുക, വിവാഹം പരസ്യപ്പെടുത്തുന്നത് പുണ്യമാണ്. അതിനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ഹറാമുകള്‍ ഒഴിവാക്കിയും പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വിവേചനമില്ലാതെ ഭക്ഷണം നല്‍കിയും അതിനെ ധന്യമാക്കുക. കുടുംബ ബന്ധം ദൃഢമാക്കാന്‍ ഉപയോഗപ്പെടുത്തുക. സജ്ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്കും അവസരമൊരുക്കുക. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത വകവെച്ചു നല്‍കുന്ന സൗകര്യങ്ങള്‍ ഒരുക്കുക. അതിനപ്പുറത്തുള്ള ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഇസ്‌ലാമിനെ അവഹേളിക്കുന്ന ദുരന്തങ്ങളാണ്. അകറ്റിനിര്‍ത്താന്‍ ആര്‍ജവം കാണിക്കുക.



