Editorial
തെക്ക് കിഴക്കനേഷ്യന്‍ സാന്നിധ്യം വിപുലമാക്കി ലുലു; ബാങ്കോക്കിലെ പുതിയ റീജ്യണല്‍ ഓഫീസും ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രവും ഉദ്ഘാടനം ചെയ്തു
തായ്‌ലന്‍ഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുന്‍ ഉദ്ഘാടനം ചെയ്തു.
ബാങ്കോക്ക് | തെക്ക് കിഴക്കനേഷ്യന്‍ മേഖലയില്‍ സാന്നിധ്യം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫീസും ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു.
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്‌സ്‌പോര്‍ട്ട് പ്രാദേശിക ഓഫീസും ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രവും തായ്‌ലന്‍ഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുന്‍ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ സുനന്ത കാങ്വല്‍കുല്‍ക്കി, തായ്ലന്‍ഡിലെ യു എ ഇ എംബസി ചാര്‍ജ് ഡി അഫയേഴ്സ് സൗദ് ഇബ്‌റാഹീം അല്‍ തുനൈജി, തായ്ലന്‍ഡ് എക്‌സിം ബേങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ലുലു തായ്ലന്‍ഡ് ഡയറക്ടര്‍ സയ്യിദ് അബ്ദുല്‍ അനീസ് തുടങ്ങിയവരും സംബന്ധിച്ചു. ഉദ്ഘാടനത്തിനു ശേഷം ഓഫീസും മറ്റ് അനുബന്ധ സൗകര്യങ്ങളും മന്ത്രി നടന്ന് കണ്ടു.
തായ്ലന്‍ഡ് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നത്. തായ് ഉത്പന്നങ്ങളുടെ മികവ് ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാക്കാന്‍ മികച്ച പിന്തുണയാണ് ലുലു നല്‍കുന്നതെന്നും മന്ത്രി സുഫാജി സുതുമ്പുന്‍ പറഞ്ഞു. സഊദി അറേബ്യയില്‍ കഴിഞ്ഞാഴ്ച നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ റിയാദ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ തായ് ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി അനുസ്മരിച്ചു. തായ്‌ലന്‍ഡിലെ ലുലുവിന്റെ നിക്ഷേപങ്ങള്‍ക്ക് മന്ത്രി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കി.
കൂടുതല്‍ വിപുലമായ സൗകര്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന ലോജിസ്റ്റിക്‌സ് ഹബ്ബ് തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് യൂസഹലി പറഞ്ഞു. 27 വര്‍ഷമായി ലുലു തായ്ലന്‍ഡിലെ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തായ്ലന്‍ഡില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കൂടുതലായി വിപണിയിലെത്തിക്കാന്‍ പുതിയ ഹബ്ബ് സഹായകരമാകും. ഉപഭോക്താക്കള്‍ക്ക് ഏറെ താത്പര്യമുള്ള തായ് ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ കൂടുതലായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു.
പ്രാദേശിക കര്‍ഷകര്‍ക്കും ഉത്പാദകര്‍ക്കും മികച്ച പിന്തുണ നല്‍കുന്നതാണ് ഈ നീക്കം. അരി, പഴം-പച്ചക്കറി, ഗാര്‍മെന്റ്‌സ്, സ്റ്റേഷനറി അടക്കം 4,000-ത്തിലധികം ഉത്പന്നങ്ങള്‍ നിലവില്‍ ലുലു തായ്ലന്‍ഡില്‍ നിന്നും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് യൂസഫലി കൂട്ടിച്ചേര്‍ത്തു. ലുലു തായ്ലന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച 1998 മുതല്‍ ജോലിയിലുള്ള തായ്ലന്‍ഡ് സ്വദേശി സുവിനെ ചടങ്ങില്‍ മന്ത്രിയും യൂസഫലിയും ചേര്‍ന്ന് ആദരിച്ചു.




